ദൈവത്തിലുള്ള യഥാർത്ഥ ജീവിതം - Notebooks 22-25
വാസുലാ റിഡൻ
20.02.1988 Sacrifice, Meditate and Fast
സ്നേഹം നിൻറെ സമീപത്തുണ്ട്. എൻറെ ദുരിതങ്ങളുടെ ആരംഭത്തിൽ എന്നെ കാണുക. എൻറെ സമയം ആസന്നമായിരിക്കുന്നു. ഞാൻ നിന്നിൽനിന്ന് ഒരു പരിത്യാഗം തേടുന്നു. ധ്യാനിക്കുകയും, ഉപവസിക്കുകയും ചെയ്യുക.
വാസുലാ, ഫ്രെദറിക്കി (Fretheriki) യെ കണ്ടുപഠിക്കുക. അവളുടെ ഉപവാസ രീതി എന്നെ പ്രസാദിപ്പിക്കുന്നു.
ഞാൻ സഹിച്ച ദുരിതപൂർണ്ണങ്ങളായ വേദനയും പരീക്ഷണങ്ങളും ബഹുമാനത്തോടെ നിരന്തരം ധ്യാനപൂർവ്വം അനുസ്മരിക്കുക. അതിനുശേഷം വന്ന് കുരിശിൽ കിടക്കുന്ന, നിൻറെ രക്ഷകനായ എന്നെ നോക്കുക. നിൻറെ ധ്യാനവും ഉപവാസവും വഴി എന്നെ പ്രസാദിപ്പിക്കുക. എൻറെ തിരുമുറിവുകളിൽ ജീവിക്കുക.
എൻറെ പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും യഥാർത്ഥ സമയം എല്ലാവർക്കും പറഞ്ഞുകൊടുക്കുക. എൻറെ കുരിശുമരണത്തിൻറെ യഥാർത്ഥ സമയം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുക. നിങ്ങളുടെ ഇടയിൽ സമാധാനം സമൃദ്ധമാകട്ടെ.
(കഴിഞ്ഞ വർഷം യേശുവിൻറെ പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും യഥാർത്ഥ സമയം കർത്താവ് എനിക്കു വെളിപ്പെടുത്തിത്തന്നു. ഓർത്തഡോക്സ് കലണ്ടർ പ്രകാരം അവർ അതു പിന്തുടരുന്നു.)
നിങ്ങളുടെ ഇടയിൽ സമാധാനം സമൃദ്ധമാകട്ടെ. ഇപ്പോൾ നിങ്ങൾ എല്ലാവർക്കും അറിയാമല്ലോ എൻറെ പീഡാസഹനത്തിൻറെ സമയം.
വാസുലാ, എന്നെ കൂടെക്കൂടെ സന്ദർശിക്കുക. എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക. എന്നെ തൃപ്തിപ്പെടുത്തുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
കർത്താവേ, ഞാനും അങ്ങയെ സ്നേഹിക്കുന്നു.
(റോഡോസ്)
(വീണ്ടും റോഡോസ് സന്ദർശിക്കുവാൻ ദൈവം എന്നെ അനുവദിച്ചു. ഈ ദൈവീക വെളിപ്പെടുത്തലിലൂടെയുള്ള സന്ദേശങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുള്ളവർ മറ്റുള്ളവരെക്കൂടി സന്ദർശിക്കുവാൻ എന്നെ ക്ഷണിച്ചു. ഒന്നിച്ചുകൂടിയവർ സന്ദേശം ശ്രദ്ധിച്ചു കേൾക്കുകയും, ഗ്രഹിക്കുകയും ചെയ്തു. കർത്താവിൻറെ കാരുണ്യത്തെ പ്രതി അവർ അവിടുത്തെ സ്തുതിച്ചു.
അനേകർക്ക് സ്വകാര്യമായ, വ്യക്തിപരമായ സന്ദേശങ്ങൾ കർത്താവു കൊടുത്തു.
ആ കൂട്ടായ്മ അനുദിനം വളർന്നു വലുതായിക്കൊണ്ടിരുന്നു. അനേകർ ദൈവത്തിലേക്കു തിരിച്ചുവന്നു; അവർ അവിടുത്തെ നിരന്തരം സ്തുതിച്ചു.
യോഗങ്ങളിൽ ജനങ്ങളെ സന്ദർശിച്ചുകൊണ്ട്, ദൈവിക സന്ദേശം അവരോടു പ്രഘോഷിച്ചുകൊണ്ട് ദിവസങ്ങളോളം ഞാൻ അവിടെ ചെലവഴിച്ചു. മാനസാന്തരങ്ങളും രോഗശാന്തിയും ധാരാളമായി സംഭവിച്ചു.
എന്നോടൊപ്പം ദേവാലയങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹിച്ചവർ എന്നോടൊപ്പം വന്നു. നഗരത്തിലെയും, ഗ്രാമപ്രദേശങ്ങളിലെ മലകളിലെയും ദേവാലയങ്ങൾ ഞങ്ങൾ അങ്ങനെ സന്ദശിച്ചു .
ഫാദർ യാനി അദ്ദേഹത്തിൻറെ ദേവാലയത്തിൽ ഒന്നിച്ചുകൂടിയവരെ സന്ദേശം വായിച്ചുകേൾപ്പിച്ചു. ഇത് ഫെബ്രുവരി ഇരുപത്തിനാലാം തിയ്യതിയായിരുന്നു. അനാർഗ്യോറി എന്നറിയപ്പെടുന്ന വിശുദ്ധരായ കോസ്മോസും ഡാമിയൻറെയും പേരിലുള്ള ദേവാലയമായിരുന്നു അത്.
അന്നേദിവസം ഉച്ചകഴിഞ്ഞ് വിശുദ്ധ നിക്കോളാസിൻറെ പേരിലുള്ള ദേവാലയത്തിൽ ഒരു യോഗത്തിൽ സംബദ്ധിക്കുവാൻ എന്നെ ക്ഷണീച്ചു. ഫാദർ വാസ്സിലി എന്നെയും, എന്നോടൊപ്പമുണ്ടായിരുന്ന പന്ത്രണ്ട് സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും അദ്ദേഹത്തിൻറെ ദേവാലയത്തിലേക്കു സ്വാഗതം ചെയ്തു. എന്നോടൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീ അന്നത്തെ യോഗത്തിൽ എട്ടാമത്തെ നോട്ടുബുക്കിലെ ദൈവിക സന്ദേശം വായിച്ചു. അവരിലൂടെ ദൈവം പ്രവർത്തിക്കട്ടെ.)
24.02.1988 I will embellish My Garden
( റോഡോസ്)
കർത്താവിന് സ്തുതി!
പ്രിയപ്പെട്ടവളേ, നീ വയ്ക്കുന്ന ഓരോ ചുവടും ഞാൻ അനുഗ്രഹിക്കുന്നുണ്ട്.
പിതാവേ, അങ്ങേയ്ക്കു നന്ദി.
ദൈവത്തിനു മഹത്ത്വമുണ്ടാകട്ടെ.
അതെ, കർത്താവേ, വീണ്ടും വീണ്ടും അങ്ങയുടെ പരിശുദ്ധ നാമം മഹത്ത്വപ്പെടട്ടെ.
ഞാൻ നിങ്ങൾ എല്ലാവരെയും സഹായിക്കും. ഞാൻ എൻറെ ഭവനമായ സഭയെ പുന:രുദ്ധരിക്കും. എൻറെ മക്കളെ ഞാൻ സ്നേഹത്തിലേക്കു മടക്കിക്കൊണ്ടുവരും. നന്മയുടെ മാർഗ്ഗങ്ങൾ അവർ മറന്നുപോയതിനാൽ ഞാൻ അവരെ എൻറെ മാർഗ്ഗങ്ങൾ പഠിപ്പിക്കും. എൻറെ സുവിശേഷം പഠിപ്പിക്കുന്നവർക്കു ഞാൻ ബോധജ്ഞാനം നൽകും. ഓരോരുത്തർക്കും വിശ്വാസവും പ്രത്യാശയും സ്നേഹവും നൽകിക്കൊണ്ട് ഞാൻ അവരുടെ വാതിലിൽ മുട്ടും. ഞാൻ എൻറെ തോട്ടത്തെ അലങ്കരിക്കും. നിനക്കു മനസ്സിലായോ?
എൻറെ കർത്താവേ, രക്ഷകനേ, അങ്ങയുടെ സ്നേഹത്തെയും കാരുണ്യത്തെയും ഓർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. കാരുണ്യത്തിൻറെ വാതിൽ അങ്ങു തുറന്നിട്ടിരിക്കുന്നു. ഞങ്ങളെ രക്ഷിച്ച കർത്താവേ, അങ്ങേയ്ക്കു നന്ദി..
കാലഘട്ടമേ! നികൃഷ്ടതയുടെ കാലഘട്ടമേ, ഇതാ ആ മണിക്കൂർ വന്നെത്തിയിരിക്കുന്നു. നിങ്ങളുടെ രക്ഷയുടെ മണിക്കൂർ ഇതാ ആസന്നമായിരിക്കുന്നു.
നീതിയും, സ്നേഹവും, സമാധാനവും നിങ്ങളിൽ സമൃദ്ധമായി വളരുന്നതോടെ എൻറെ സഭ ശക്തി പ്രാപിക്കും. എൻറെ രാജ്യം നിങ്ങളുടെ വാതിൽക്കൽത്തന്നെ വന്നെത്തിയിരിക്കുന്നു!
01.03.1988 I love you in spite of your nothingness
യേശുവേ?
ഞാനാണ്.
(യേശു എൻറെ അടുക്കൽ നിൽക്കുന്നതായി ഞാൻ ദർശനത്തിൽ കണ്ടു.)
നീ എന്നെ കാണുന്ന ഓരോ തവണയും എന്നെ നോക്കി പുഞ്ചിരിക്കുക. അതെ, പുഷ്പമേ, നിൻറെ രക്ഷകൻറെ സമീപം നിലകൊള്ളുക.
നമുക്കൊരുമിച്ചു പിതാവിനോടു പ്രാർത്ഥിക്കാം:
“ പ്രിയപ്പെട്ടെ പിതാവേ,
അങ്ങയുടെ മുന്നിലുള്ളത് എന്താണ്?
അങ്ങയുടെ മുന്നിലിരിക്കുന്നത് നികൃഷ്ടത തന്നെയാണ്.
പിതാവേ, എന്നോടു ക്ഷമിക്കണമ, എന്തെന്നാൽ, എനിക്കു നൽകപ്പെട്ടിരിക്കുന്ന ഈ കൃപാവരങ്ങൾക്കൊന്നും എനിക്കു യോഗ്യതയില്ല.
ഞാൻ ഒന്നുമില്ലായ്മയായതിനാൽ ഞാൻ യാതൊന്നും അർഹിക്കുന്നില്ല.
അങ്ങയുടെ അഗാധമായ നന്മനിമിത്തം, അങ്ങയെ ചാരി ആശ്രയിക്കുവാൻ ഈ ഒന്നുമില്ലായ്മയായ എന്നെ അനുവദിക്കണമെ.
പ്രിയപ്പെട്ട പിതാവേ, ഞാൻ ഒന്നുമില്ലായ്മയും നികൃഷ്ടയുമാണെങ്കിലും, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
അങ്ങയുടെ കൃപയാൽ പൂർത്തിയാക്കപ്പെടേണ്ടതെല്ലാം പൂർത്തീകരിക്കുവാൻവേണ്ടി, ഞാൻ യോഗ്യയാകുന്നതിന്, എനിക്ക് അങ്ങയുടെ ശക്തി അത്യാവശ്യമാണ്.
ആമ്മേൻ.”
അല്ലയോ വാസുലാ, എൻറെ എല്ലാ നന്മകളും അന്വേഷിക്കുക. എൻറെ നന്മകളെ പിന്തുടരുക; അവയിൽ ജീവിച്ചു വളരുക.
നീ ഒന്നുമില്ലായ്മതന്നെയാണെങ്കിലും കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. എല്ലാ സമയത്തും, ഏതവസരങ്ങളിലും, എപ്പോഴും എന്നിൽ ആശ്രയിക്കുക. ഞാൻ നിന്നെ പൂർണ്ണമായി സഹായിക്കും. എന്നിൽ വിശ്വാസമർപ്പിക്കുക; അവസാനംവരെ, അന്ധമായി നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക.
ചിലപ്പോഴൊക്കെ എൻറെ കുരിശ് നീ വഹിക്കുന്നതിനുവേണ്ടി, ഞാൻ നിൻറെ തോളിൽ അതു വച്ചുതരുന്നതാണ്. ഞാനും നീയും; നീയും ഞാനും. ഞാൻ നിന്നിൽ വിശ്രമിക്കും; നീ എന്നിലും വിശ്രമിക്കും. ഞാൻ എപ്പോഴും വിശ്വസ്തനാണ്; ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല!
എൻറെ പ്രവൃത്തികൾ ചെയ്യുന്നതിനുവേണ്ടി, നിൻറെ സർവ്വകഴികളും അർപ്പിച്ചുകൊണ്ട്, എന്നെ പ്രസാദിപ്പിക്കുക. നിൻറെ വൃതം പൂർത്തിയാക്കുന്നതിനുവേണ്ടി നിൻറെ വൃതത്തോട് നീ സത്യസന്ധത പുലർത്തണം. വിശ്വസ്തതയെന്ന നിൻറെ വൃതത്തോട് നീ സത്യസന്ധത പുലർത്തണം. അതെ! നിന്നിൽനിന്ന് ഞാൻ ഈ വാക്കുകൾ എത്രമാത്രം ആഗ്രഹിച്ചു. നിന്നിൽനിന്ന് ഈ വാക്കുകൾ കേൾക്കുവാൻ ഞാൻ അത്യധികം കൊതിച്ചു:
കർത്താവേ, എൻറെ വൃതം പൂർത്തിയാക്കുന്നതിന് എന്നെ സഹായിക്കണമെ. ഞാൻ എന്നിൽത്തന്നെ ആശ്രയിക്കുന്നില്ല.
നീ ഭയപ്പെടേണ്ടാ. വാക്കുകളാൽ വിവരിക്കാനാവാത്ത നിൻറെ ബലഹീനതകൾ എനിക്ക് അറിയാവുന്നതുകൊണ്ട് ഞാൻ നിന്നെ ഇക്കാര്യം എപ്പോഴും ഓർമ്മിപ്പിച്ചുതരാം. നീ ബലഹീനയാണ്; പക്ഷേ, എൻറെ ശക്തിയാൽ നിൻറെ ബലഹീനതയെ ഞാൻ ഇല്ലാതാക്കും. എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക. എപ്പോഴും എന്നേക്കും, നമ്മൾ, നമുക്ക്.
സ്നേഹിക്കുക; പ്രത്യാശിക്കുക; വിശ്വസിക്കുക. കർത്താവായ യേശുക്രിസ്തുവായ ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല.
02.03.1988 Restore My House
( ഞാൻ മൂന്നു പ്രാർത്ഥനകളും പ്രാർത്ഥിച്ചു.
ദൈവത്തെ സ്തുതിക്കുവിൻ! ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ!
(വിശുദ്ധ മിഖായേൽ മാലാഖയാണ് ഇങ്ങനെ പറഞ്ഞത്.)
യേശുവേ?
സ്നേഹം ഇവിടെയുണ്ട്. എൻറെ നാമത്തെ മഹത്ത്വപ്പെടുത്തുക. എൻറെ സഭയെ പുന:രുദ്ധരിക്കുക. എൻറെ സഭയെ പൂർവ്വസ്ഥിതിയിലാക്കുക. എൻറെ പൂന്തോട്ടത്തെ അലങ്കരിക്കുക! തിന്മ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുക.
സഭ പുന:രുദ്ധരിക്കപ്പെടും. സമാധാനം നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരിക്കും.
വാസുലാ, നീ പരിപൂർണ്ണയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിഷ്ക്കളങ്കയായിരിക്കുക. ഞാൻ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു, കാരണം അവർ നിഷ്ക്കളങ്കരാണ്. അവരിൽ വൈരാഗ്യമില്ല.
വരൂ, നിന്നെ തിരസ്ക്കരിച്ച എല്ലാവരോടും ക്ഷമിക്കുക. അവരുടെ പാപങ്ങൾ ഒഴുകിപ്പോയ വെള്ളം പോലെയാകട്ടെ. ശിലാഹൃദയരെ നിരായുധരാക്കുന്നതിനുവേണ്ടി നിൻറെ വ്യക്തിത്ത്വത്തെ ഞാൻ ശോഭനമാക്കും. കൊടുക്കുക, അവർക്കു കൊടുക്കുക. തിന്മയെ സ്നേഹത്താൽ കീഴടക്കുക. എൻറെ പ്രതിബിംബമായിത്തീരുക.
അല്ലയോ പത്രോസേ, എൻറെ പത്രോസേ!
(യേശു പത്രോസ് എന്നു വിളിക്കുന്നത് മാർപ്പാപ്പയെയാണ്.)
എനിക്കു പ്രിയപ്പെട്ടവനായ പത്രോസേ, എൻറെ ആടുകളെ സത്യസന്ധതയിലേക്കു മടക്കി നയിച്ചുകൊണ്ടുവരുക! പത്രോസേ! എന്നെ നോക്കുക. പ്രിയപ്പെട്ടവനേ, എൻറെ മുഖത്തു നോക്കുക. നിൻറെ കർത്താവായ എന്നെ ബഹുമാനിക്കുക.
സ്നേഹവും വിശ്വസ്തതയും ഇപ്പോൾ ഒന്നിച്ചുകണ്ടുമുട്ടും. നീതിയും സമാധാനവും ഇപ്പോൾ നിൻറെ വാതിൽക്കലുണ്ട്.
എന്നോടു ചേർന്നുനിൽക്കുന്നവരെ ഞാൻ രക്ഷിക്കും. ഞാനാണ് നിൻറെ രക്ഷാസങ്കേതം. പത്രോസേ, നിനക്കു ചുറ്റിലും നോക്കുക. നീ എന്നെ കണ്ടില്ലേ? നീ എന്നെ ശ്രദ്ധിച്ചില്ലേ?
കായേൻമാർ ആബേലുമാരെ കൊല്ലുന്നതുകണ്ട് എൻറെ കണ്ണുകൾ തളർന്നുപോയിരിക്കുന്നു. കാരണം, ഞാൻ അവർക്കു ചെവികൾ നൽകിയിട്ടുണ്ടെങ്കിലും, എന്നെ കേൾക്കാൻ അവർ വിസമ്മതിക്കുന്നു. ഞാൻ അവർക്കു കണ്ണുകൾ നൽകിയിട്ടുണ്ടെങ്കിലും, അവർ നോക്കിക്കാണുവാൻ വിസമ്മതിക്കുന്നു. അവർ തങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു. അവർ അവരുടെ മഹത്ത്വം അന്വേഷിക്കുന്നു. അവർ അന്വേഷിക്കുന്നത് എൻറെ മഹത്ത്വമല്ല.
അല്ലയോ പത്രോസേ, ഞാൻ എത്രമാത്രം തളർന്നിരിക്കുന്നു. സ്നേഹം അപ്രത്യക്ഷമായിരിക്കുന്നു. പത്രോസേ, എന്നെ മഹത്ത്വപ്പെടുത്തുക! പ്രിയപ്പെട്ടവനേ, എന്നെ മഹത്ത്വപ്പെടുത്തുക.
(യേശു പത്രോസിനോടു സംസാരിച്ചത് വളരെ സ്നേഹത്തോടെയാണ്. നമ്മുടെ കർത്താവ് ക്ഷീണിതനും അവശനുമായ രീതിയിലാണ് സംസാരിക്കുന്നത്. പത്രോസിൽ ചാരി ആശ്രയിക്കാമെന്ന രീതിയിലാണ് യേശു സംസാരിച്ചത്.)
03.03.1988 I will water My Orchard
വാസുലാ, എൻറെ സഭയെ അലങ്കരിക്കുക. വിനീതഹൃദയത്തോടെ, ആത്മാവിൽ ഭരിദ്രയാണെന്ന ബോദ്ധ്യത്തോടെ എൻറെ സന്നിധിയിൽ പ്രവേശിക്കുക.
എൻറെ സന്ദേശങ്ങൾ അടങ്ങിയ പുസ്തകം കൈയ്യിൽ കരുതുക. നീ ഇടത്തോട്ടോ വലത്തോട്ടോ നേക്കണ്ട. എന്നോടൊപ്പം പത്രോസിൻറെ (മാർപ്പാപ്പയുടെ) അടുക്കലേക്കു നടക്കുക. എൻറെ സന്ദേശമടങ്ങിയ പുസ്തകം മാർപ്പാപ്പയ്ക്കു കൊടുക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടായിരിക്കും. കർത്താവായ ഞാൻ എന്താണെന്ന് ഞാൻ അവരെ ഓർമ്മിപ്പിക്കും. കുഞ്ഞേ, എൻറെ നിർദ്ദേശങ്ങൾ പാലിക്കുക.
(ദൈവം എന്നോട് അസാദ്ധ്യമെന്നുതോന്നുന്ന ഒരു കാര്യമാണ് പറഞ്ഞതെങ്കിലും പിന്നീട് മാർപ്പാപ്പയ്ക്കു സന്ദേശമുൾക്കൊള്ളുന്ന പുസ്തകം കൊടുക്കുവാൻ ദൈവം ഇടവരുത്തി.)
അതെ, എൻറെ ദൈവമേ.
എന്നിൽ വിശ്വസിക്കുക; എപ്രകാരമാണ് ഞാൻ പ്രവർത്തിക്കുന്നതെന്ന് ഓർക്കുക.
സഭ നവീകരിക്കപ്പെടും. നിങ്ങളുടെ പിതാവിൻറെ ഭവനത്തിൽ നീ അവരെ ഒന്നിച്ചുകൂട്ടും. അവരെ അനുഗ്രഹിച്ചുകൊണ്ട്, തിന്മയിൽനിന്ന് ഞാൻ അവരെ മോചിപ്പിക്കും. അത്യുന്നതനായ ഞാൻ നിങ്ങളുടെ മദ്ധ്യേ ഉണ്ടായിരിക്കും. എൻറെ വചനം നീ പ്രഘോഷിക്കും.
എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുന്നവരെല്ലാം നിങ്ങളുടെ ദൈവമായ എന്നെ സമീപിക്കുക. എൻറെ സന്ദേശം സ്വീകരിച്ചു നിങ്ങളെത്തന്നെ തൃപതിപ്പെടുത്തുക. എന്നെ സ്നേഹിക്കുന്നവരും, എൻറെ മാർഗ്ഗങ്ങളിൽ ചലിക്കുന്നവരും എൻറെ അടുക്കലേക്കു വരുക.
വന്ന്, നിങ്ങൾക്കു തൃപതിവരുവോളം ഭക്ഷിക്കുക. (എൻറെ സന്ദേശം/ വചനം സ്വീകരിക്കുക). എൻറെ പഴം ഭക്ഷിക്കുക; എൻറെ പഴത്തിനുവേണ്ടി നിങ്ങൾ കൂടുതലായി വിശക്കും. ദാഹിക്കുന്നവരെല്ലാം എൻറെ അടുക്കലേക്കു വരുവിൻ. എന്നെ പാനം ചെയ്യുക; എനിക്കുവേണ്ടി നിങ്ങൾ കൂടുതലായി ദാഹിക്കും.
എൻറെ നന്മകളെ പിന്തുടരുന്നവർ ഒരിക്കലും ലജ്ജിതരാവുകയില്ല. ഞാൻ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുന്നവർ എന്നെ മഹത്ത്വപ്പെടുത്തും.
വാസുലാ, ഞാൻ നിന്നെ എപ്പോഴെങ്കിലും പരിത്യജിക്കുമോ? എന്നെ ശ്രദ്ധിച്ചു കേൾക്കുക: ഞാൻ എൻറെ തോട്ടത്തെ (സഭയെ) അലങ്കരിക്കും. ഞാൻ എൻറെ പഴത്തോട്ടം നനയ്ക്കും. എൻറെ പൂമൊട്ടുകൾക്കു ഞാൻ ജലസേചനം നൽകും. സഭയിൽ അച്ചടക്കം ഉണ്ടാകുവാൻ ഞാൻ ഇടവരുത്തും. ഓരോ വചനവും ഞാൻ തന്നെ എഴുതും. എൻറെ താത്പര്യങ്ങൾക്കും മഹത്ത്വത്തിനുംവേണ്ടി എൻറെ രഹസ്യങ്ങളെക്കുറിച്ചുള്ള അറിവിലേക്കു കർത്താവായ ഞാൻ നിന്നെ പ്രവേശിപ്പിച്ചു.
പ്രിയപ്പെട്ട പിതാവേ, ഞാൻ അങ്ങയെ അതിരുകളില്ലാതെ സ്നേഹിക്കുന്നു.
വരൂ, നമ്മൾ, നമുക്ക് എന്ന കാര്യം ഓർക്കുക.
07.03.1988 I veiled your eyes
( എൻറെ ബാഹ്യനേത്രങ്ങൾക്കൊണ്ട് ഞാൻ കാണാതിരിക്കേണ്ടതിന് ദൈവം വച്ചിരിക്കുന്ന മൂടുപടം ഒരു നിമിഷത്തേക്കു നീക്കുവാൻ ഞാൻ ദൈവത്തോട് അപേക്ഷിച്ചു. പെട്ടെന്ന്, നാളിതുവരെ ദൈവം നൽകിയ വെളിപാടുകളുടെയും സന്ദേശങ്ങളുടെയും ബാഹുല്യം ഞാൻ കണ്ടു. അനേകം നോട്ടുബുക്കുകളിലായി എഴുതിയിരിക്കുന്ന സന്ദേശത്തിൻറെ ബാഹുല്യം കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി. ഇത്രയും കുറഞ്ഞ കാലത്തിനുള്ളിൽ ഇത് എനിക്കു സ്വയം ചെയ്യുവാൻ സാധിക്കുമായിരുന്നില്ല. ഇക്കാര്യം ഗ്രഹിച്ചപ്പോൾ എന്നിൽ ഒരു ഞ്ഞെട്ടൽ അനുഭവപ്പെട്ടു. ഈ ദൈവീക വെളിപ്പെടുത്തലുകളുടെ ആഴം ഗ്രഹിക്കുവാൻ ദൈവം എന്നെ ഇടയാക്കി.)
യേശുവേ, യഥാർത്ഥത്തിൽ നമ്മൾ രണ്ടുപേരും ഒന്നിച്ചു പ്രവർത്തിച്ചോ?
അതെ, വാസുലാ. നമ്മൾ യഥാർത്ഥത്തിൽ ഒന്നിച്ചു പ്രവർത്തിച്ചു. നീ ഇപ്പോൾ എന്നെ ചുംബിക്കുമോ?
(ഒരു ഞെട്ടലോടെ ഞാൻ കരയുകയായിരുന്നു. വിറയലോടെ ഞാൻ എഴുന്നേറ്റു, തിരുക്കച്ചയിൽ പതിഞ്ഞ യേശുവിൻറെ ചിത്രത്തിനടുത്തേക്കു നടന്നുചെന്ന് യേശുവിൻറെ ചിത്രത്തിൽ ചുംബിച്ചു.)
നിൻറെ ബാഹ്യനേത്രങ്ങളെ മറയ്ക്കുന്നതിന്, ഞാൻ വച്ചിരിക്കുന്ന മൂടുപടം അല്പ നേരത്തേക്കു ഞാൻ മാറ്റിയപ്പോൾ, എപ്രകാരം നിനക്ക് അനുഭവപ്പെട്ടുവെന്ന് മനസ്സിലാക്കുക.
വരൂ. ഒരിക്കലും എൻറെ ദൈവീകപ്രവൃത്തികളെ സംശയിക്കരുത്. എൻറെ ഭവനമായ സഭയെ പുനരുദ്ധരിക്കുന്നതിനും, എൻറെ കുഞ്ഞാടുകളെ ഒന്നിച്ചുകൂട്ടുന്നതിനും വേണ്ടിയുള്ള ദൈവീക പ്രവൃത്തികളാണിവ. എൻറെ പൂമൊട്ടുകളെ നനയ്ക്കുന്നതിനുവേണ്ടിയാണ് ഈ ദൈവീക പ്രവൃത്തികൾ.
വരൂ, കർത്താവായ ഞാൻ എൻറെ സാന്നിദ്ധ്യം നിന്നെ ഓർമ്മിപ്പിക്കാം.
വാസുലാ, നമ്മൾ, നമുക്ക്?
അതെ, കർത്താവേ. നമ്മൾ, നമുക്ക്.
08.03.1988 I will unite My lambs
പത്രോസേ! ഇപ്പോൾ ഞാൻ നിൻറെ വാതിൽക്കൽ ഉണ്ട്. എൻറെ ശരീരമായ സഭയെ മഹത്ത്വപ്പെടുത്തുക. ഞാൻ എൻറെ കുഞ്ഞാടുകളെ, ഈ തൊഴുത്തിൽ പെടാത്തവയെപ്പോലും, ഒരുമിച്ചുകുട്ടി ഐക്യപ്പെടുത്തും.
ഇതാ ഞാൻ എൻറെ ആടുകളെ വിളിക്കുന്നു. ആടുകൾ അവയുടെ ഇടയൻറെ സ്വരം തിരിച്ചറിയും.
മണിക്കൂറുകൾ അതിവേഗം പറന്നുപോകുന്നു. എൻറെ തിരിച്ചുവരവ് അടുത്തിരിക്കുന്നു. സ്നേഹം സ്നേഹമായിട്ടുതന്നെ നിങ്ങളിലേക്കു മടങ്ങിയെത്തും. എൻറെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകും. എന്തെന്നാൽ, സൃഷ്ടികളേ, നീതിയും , സ്നേഹവും, സമാധാനവും സ്വർഗ്ഗത്തിൽനിന്നു നിങ്ങളിലേക്ക് പെയ്തിറങ്ങും.
വാസുലാ, നീ എത്രമാത്രം നിൻറെ ദൈവമായ എന്നിൽ ആശ്രയിക്കുന്നുണ്ടെന്ന് നീ അറിയുന്നതിനാൽ, നീ കൂടുതലായി പ്രാർത്ഥിക്കാമോ? നിൻറെ ലളിതമായ വാക്കുകളെ ഞാൻ സ്നേഹിക്കുന്നു. എന്നോട് ഇപ്രകാരം പറയുക:
“കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
ഞാൻ അങ്ങേയ്ക്കുവേണ്ടിയാണ് ശ്വസിക്കുന്നത് . ഞാൻ അങ്ങേയ്ക്കുവേണ്ടി പുഞ്ചിരിക്കുന്നു. ഞാൻ അങ്ങയിൽ പ്രത്യാശിക്കുന്നു. ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു.
അങ്ങാണ് എൻറെ ആനന്ദം, എന്റെ പുനരുജ്ജീവനം. അങ്ങാണ് എൻറെ സമാധാനം.”
അതേ, ഈ വാക്കുകൾ നിൻറെ പരിശുദ്ധ സന്തത സഹചാരിയായ എന്നോടു പറയുക. നിൻറെ ദിവസം എന്നോടൊപ്പം പങ്കുവയ്ക്കുക.
അടുത്ത് അനുഭവിച്ചറിയുവാൻ കഴിയുന്ന എൻറെ സാന്നിദ്ധ്യം എൻറെ മക്കൾ അറിയണമെന്ന് ഞാൻ വളരെയധികം ആഗ്രഹിക്കുന്നു. ഏതു സ്ഥലത്തും, ഏതു സമയത്തും ഞാൻ അവരുടെ തൊട്ടടുത്തുതന്നെ സന്നിഹിതനാണ്. എൻറെ സജീവ സാന്നിദ്ധ്യത്തെക്കുറിച്ച് അവർ അറിഞ്ഞിരുന്നെങ്കിൽ അവർ വളരെ കുറച്ചുമാത്രമേ വീണുപോവുകയുള്ളായിരുന്നു; അവർ വളരെ കുറച്ചുമാത്രമേ പാപം ചെയ്യുകയുള്ളായിരുന്നു. അവർ എന്നോട് വളരെയടുത്ത ആത്മബന്ധത്തിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അവരോടു പറയുക.
വരൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ നിൻറെ ഗുരുവിനെയും സ്നേഹിക്കുക.
( അല്പ നേരത്തെ മൗനത്തിനുശേഷം യേശു ഒരു പ്രവചനം നൽകി.)
ഉന്നതരെ നിരായുധുരാക്കിക്കൊണ്ട് , അവരെ നീ എൻറെ ഭവനത്തിൽ ഒന്നിച്ചുകൂട്ടും. എൻറെ അധരത്തിൽനിന്നുള്ള വചനത്താൻ നീ അവരോടു പ്രഘോഷിക്കും. എൻറെ മുൾക്കിരീടം നീ എടുത്തുമാറ്റിക്കൊണ്ട്, അതിൻറെ സ്ഥാനത്ത് സ്നേഹവും സമാധാനവും കൊണ്ടുള്ള ഒരു പുഷ്ചക്രം വയ്ക്കും. എൻറെ സ്വർഗ്ഗീയ ഭവനത്തിൽനിന്ന് എൻറെ സൃഷ്ടികളുടെമേൽ സത്യസന്ധതയും, സ്നേഹവും, സമാധാനവും കർത്താവായ ഞാൻ വർഷിക്കും.
കൊച്ചു കുഞ്ഞേ, നിൻറെ ദൈവത്തിൽ നിന്നു സമാധാനം സ്വീകരിക്കുക. എൻറെ വാസുലാ, ഞാൻ നിന്നെ നയിച്ചു. ഞാൻ നിനക്കു രൂപം നൽകി. ഇപ്പോൾ നീ എന്നോടൊപ്പം വരണം; നിൻറെ കൈ എൻറെകയ്യിൽ പിണഞ്ഞ് , രക്തം വാർന്നൊഴുകുന്ന എൻറെ ശരീരത്തിൽ പിടിക്കണം. എന്നെ അനുഗമിക്കുക; ഇടത്തോട്ടോ വലത്തോട്ടോ നേക്കരുത് നിൻറെ ദൗത്യം പൂർത്തിയാക്കുവാൻ പരിശ്രമിക്കണം.
ഭയപ്പെടണ്ടോ. എൻറെ ശത്രുക്കളെ ബഹിഷ്ക്കരിച്ച്, അവരെ നിരായുധരാക്കുവാൻ നിന്നെ ഞാൻ പ്രാപ്തയാക്കും.
കർത്താവായ ഞാൻ നിങ്ങൾ എല്ലാവരുടെയും മദ്ധ്യേയുണ്ട്. നിങ്ങൾ ഓരോരുത്തരുടെയും വാതിൽക്കൽ ഞാൻ നിൽക്കുന്നുണ്ട്! എൻറെ കൈവശം മൂന്നു കിരീടങ്ങൾ ഉണ്ട് - സമാധാനത്തിൻറെ കിരീടം, സ്നേഹത്തിൻറെ കിരീടം, നീതിയുടെ കിരീടം.
09.03.1988 Do not remove Nor kick My bricks which repair My House
കർത്താവേ, പീറ്റർ വാസിലീ അങ്ങയുടെ സന്ദേശത്തിൽ സംശയിക്കുവാൻ തുടങ്ങിയത് അങ്ങു കേട്ടോ? ഇപ്പോൾ അദ്ദേഹം പറയുന്നത് ഈ സന്ദേശങ്ങളെല്ലാം പിശാചിൽനിന്നു വരുന്നതാണെന്ന്. വിശ്വാസത്തിൽ പക്വത പ്രാപിച്ചവരെ മാത്രമേ അങ്ങു സന്ദർശിക്കുകയുള്ളൂവെന്നും അയോഗ്യരെ അങ്ങു സന്ദർശിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.
എൻറെ കുഞ്ഞേ, ഇതാ ഒരാൾകൂടി എൻറെ അനന്തമായ കാരുണ്യത്തിലും, എൻറെ അനന്തമായ സമ്പത്തിലും വിശ്വസിക്കുവാൻ പഠിക്കാനായിട്ടുണ്ട്.
അവനുവേണ്ടിയുള്ള എൻറെ സന്ദേശം എഴുതിയെടുക്കുക:
“ എന്തിനാണ് നീ എൻറെ പുഷ്പത്തെ ചവുട്ടിമെതിക്കുന്നത്? കാണുവാൻ കണ്ണുകളും, കേൾക്കുവാൻ ചെവികളും ഞാൻ നിനക്കു നൽകിയിട്ടില്ലേ? നീ ഒന്നും ഗ്രഹിക്കുന്നില്ലേ?
ദൈവത്തിൻറെ പ്രിയ പുത്രനായ യേശുക്രിസ്തുവാണ് ഞാൻ. വലിയ വൃക്ഷങ്ങളുടെ വളർച്ചയെ മുരടിപ്പിക്കുന്നത് ഞാനാണ്. ചെറിയ വൃക്ഷങ്ങളെ വളർത്തുന്നതും ഞാനാണ്.
ഇക്കാലത്തെ എൻറെ ദൈവീക പ്രവൃത്തികളെക്കുറിച്ച് മനസ്സിൽ ധ്യാനിക്കുക. എൻറെ ദൈവീക പ്രവൃത്തികളിൽ വിശ്വസിക്കുക. എൻറെ ദൈവീക പ്രവൃത്തികളാൽ നിനക്കു ബോധജ്ഞാനം നൽകുന്നതിന് എൻറെ കുഞ്ഞിനെ ഞാൻ നിനക്കു നൽകിയിരിക്കുന്നു.
കർത്താവായ ഞാൻ അനന്തമായ സമ്പത്താണ്. ഭയപ്പെടേണ്ടാ. എൻറെ ആടുകൾ ചിതറിപ്പോകുന്നത് എങ്ങനെ എനിക്കു കണ്ടുനിൽക്കുവാൻ കഴിയും? എൻറെ ആടുകളെ അന്വേഷിച്ചു കണ്ടെത്തുന്നതിനും, അവയ്ക്കു ഭക്ഷണം കൊടുക്കുന്നതിനുമായി ഞാൻ വന്നിരിക്കുന്നു.
എൻറെ തോട്ടത്തെ അലങ്കരിക്കുവാൻ ഞാൻ വന്നിരിക്കുന്നു. ഈ ഊഷരഭൂമിയെ ജലസേചിതമാക്കുവാൻ ഞാൻ വന്നിരിക്കുന്നു.
എൻറെ പുഷ്പത്തെ ചവുട്ടിമെതിക്കരുത്. എൻറെ അടുക്കലേക്കു വന്ന് പശ്ചാത്തപിക്കുക. സാത്താൻറെ സ്വരം ശ്രവിക്കരുത് .
സൃഷ്ടികളേ, ഞാൻ നിങ്ങളെ അതിരുകളില്ലാത്തവിധം സ്നേഹിക്കുന്നു. ഇക്കാരണത്താലാണ് നിങ്ങൾ എല്ലാവരെയും ഒന്നിപ്പിക്കുവാൻ വേണ്ടി ഞാൻ വന്നിരിക്കുന്നത്. നിങ്ങളുടെ ദൈവമായ എന്നോടൊപ്പം നടക്കുക.
എൻറെ ഭവനമായ സഭയെ പുനർനിർമ്മിക്കുവാനുള്ള ഇഷ്ടികകളെ നീക്കിക്കളയുകയോ, അവയെ തൊഴിക്കുകയോ ചെയ്യരുത്. ഈ ഭവനം ഇന്നു നാശാവസ്ഥയിലാണ്. കർത്താവായ ഞാനാണ് ഈ സന്ദേശങ്ങളിലൂടെ സംസാരിക്കുന്നതെന്ന് ഒരിക്കലും സംശയിക്കരുത്.
വാസുലാ, എന്നിൽ ആശ്രയിക്കുക. എൻറെ സമീപത്ത് നിലകൊള്ളുക. നിൻറെ കരത്തെ പിടിക്കുവാൻ എൻറെ കരത്തെ അനുവദിക്കുക. കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ, നമുക്ക്?
അതെ, കർത്താവായ യേശുവേ.
എന്നാൽ, വരൂ.
10.03.1988 You have fallen as low as Sodom was
യേശുവേ?
ഇതു ഞാനാണ്. നിനക്കു സമാധാനം ഉണ്ടാകട്ടെ. വാസുലാ, എനിക്കുവേണ്ടി പ്രവർത്തിക്കുവാൻ നീ തയ്യാറാണോ?
കർത്താവേ, ഇത് അങ്ങയുടെ അഭീഷ്ടം ആണെങ്കിൽ, അങ്ങേയ്ക്കുവേണ്ടി തുടർന്നു പ്രവർത്തിക്കുവാൻ ഞാൻ തയ്യാറാണ്.
കുഞ്ഞേ, ഞാൻ കർത്താവാണ്. നിന്നെ പോഷിപ്പിക്കുന്ന യേശുവാണ് ഞാൻ. നീ എൻറെ തോട്ടത്തെ അലങ്കരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ എൻറെ സഭയെ പുതുക്കി നവീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ അനുഗമിക്കുക; ഞാൻ നിന്നിൽ പ്രവർത്തിച്ച്, നിന്നിലുടെ സഭയെ നവീകരിക്കും. എൻറെ ദാഹത്തെ ശമിപ്പിക്കുക.
അല്ലയോ ബലിപീഠമേ, എൻറെ മക്കളുടെ ഹൃദയങ്ങളിലേക്കു വീശിയടിച്ചുകൊണ്ടിരിക്കുന്ന ഈ മഞ്ഞുകാറ്റിനെ ചൂടുപിടിപ്പിക്കുവാൻ നിൻറെ ജ്വാലയെ ജ്വലിപ്പിച്ച് നിർത്തുക.
അല്ലയോ കാലഘട്ടമേ, സോദോം നഗരത്തെപ്പോലെ തന്നെ നീയും അധഃപതിച്ചിരിക്കുന്നു! നിൻറെ സന്തതികൾ കായേൻറെ സന്തികളെപ്പോലെയാണ്! ആബേലിനെപ്പോലുള്ളവർ വളരെ കുറവാണ്. നിൻറെ കാലഘട്ടത്തിലെ മനുഷ്യരുടെ ഹൃദയം വഷളായിത്തീർന്നിരിക്കുന്നു. സൃഷ്ടികളേ, ഇങ്ങനെ സംഭവിക്കുവാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ? കാരണം, നിങ്ങളുടെ ഇടയിൽ സ്നേഹം നഷ്ടമായിരിക്കുന്നു. നിങ്ങൾ എന്നെ മറന്നിരിക്കുന്നു. എൻറെ ഇക്കാലത്തെ ദൈവീക പ്രവർത്തികളിൽ നിങ്ങൾ വിശ്വസിക്കുന്നില്ല.
അതേ, സൃഷ്ടികളെ, അനുഗ്രഹങ്ങളെ സ്വാഗതം ചെയ്തിരുന്ന നന്മയുടെ സുദിനങ്ങൾ അവസാനിച്ചിരിക്കുന്നു. നികൃഷ്ടതയുടെ കാലഘട്ടമേ, ഞാൻ നിങ്ങളെ പുനരുജ്ജീവിപ്പിക്കും! നിങ്ങളെ സൗഖ്യമാക്കുന്ന എൻറെ ജീവരസം നിങ്ങളുടെ ഹൃദയങ്ങളിലേക്കു ഞാൻ വർഷിക്കും. ഞാൻ നിങ്ങൾ എല്ലാവരെയും എത്രമാത്രം സ്നേഹിക്കുന്നു…!!
എഴുതുക:
അതെ, കർത്താവേ.
(ദൈവം ദുഃഖത്തോടും പരിഭവത്തോടുമാണ് സംസാരിച്ചത്. അവിടുന്ന് അനന്ത കാരുണ്യവാനും സ്നേഹനിധിയുമായിരുന്നില്ലെങ്കിൽ നമ്മെ പണ്ടേതന്നെ നശിപ്പിച്ച് ഇല്ലാതാക്കുവാൻ കഴിയുമായിരുന്നു. എന്നാൽ അവിടുത്തെ അതിരുകളില്ലാത്ത കാരുണ്യത്താലും സ്നേഹത്താലും അവിടുന്ന് നമ്മോട് അലിവു കാണിക്കുന്നു; നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു; നമ്മെ സുഖപ്പെടുത്തുന്നു.)
അതെ, നിങ്ങൾ എത്രയധികം അധഃപതിച്ചിട്ടുണ്ടെങ്കിലും ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ എപ്പോഴെങ്കിലും പരിത്യജിക്കുമോ? ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിക്കുകയില്ല.
11.03.1988 My Russia, How I the Lord Loves You
ദൈവത്തിനു മഹത്ത്വം!
( മൂന്നു പ്രാർത്ഥനകൾ ചൊല്ലിയതിനുശേഷം, സ്വർഗ്ഗത്തിൽനിന്നു സ്വർഗ്ഗീയ കീർത്തനമായി ഇപ്രകാരം ഞാൻ കേട്ടു: “ ദൈവത്തിനു മഹത്ത്വം!” അങ്ങനെ തന്നെ അത് എഴുതപ്പെടുകയും ചെയ്തു.)
യേശുവേ?
ഞാനാണ്. ഞാൻ നിൻറെ സമീപത്തുണ്ട്. പ്രിയപ്പെട്ടവളേ, റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുക.
എൻറെ ദൈവീക കരത്താൽ റഷ്യ ഉയിർപ്പിക്കപ്പെടും. റഷ്യയുടെ മാനസാന്തരം സംഭവിക്കുന്ന പരിശുദ്ധിയുടെ ഉച്ചിയിൽ, എൻറെ കരം അവളുടെ മേൽ വയ്ക്കുന്ന നിമിഷത്തിൽ, അവളുടെ തണുത്തുറഞ്ഞുപോയ ഹൃദയത്തെ ഞാൻ പുനരുജ്ജീവിപ്പിക്കും.
മരണത്തിൻറെ നിശ്ചലതയിൽനിന്നും, അവളുടെ അന്ധകാര ലോകത്തിൽനിന്നും, സമാധാനത്തിൻറെ എൻറെ ലോകത്തിലേക്കും, എൻറെ പ്രകാശത്തിലേക്കും അവൾ പുനരുജ്ജീവിപ്പിക്കപ്പെടും. അവളുടെ രക്ഷകനെ അവളുടെ സമീപത്ത് കാണുമ്പോൾ , വലിയ ശബ്ദത്തിൽ നിലവിളിച്ചുകൊണ്ട്, അവളുടെ ആനന്ദം അവൾ പ്രകടിപ്പിക്കും. ഞാൻ അവളെ എന്നിലേക്ക് എടുത്തുയർത്തും. അവളെ ശുദ്ധികരിച്ചുകൊണ്ട്, അവളുടെ ദൈവമായ എന്നോടുള്ള സ്വർഗ്ഗീയമായ ഉന്മാദം അവൾക്കു നൽകിക്കൊണ്ട് എൻറെ സ്നേഹ ജ്വാല അവളുടെ ഹൃദയത്തെ ജ്വലിപ്പിക്കും.
അല്ലയോ റഷ്യാ, എൻറെ റഷ്യാ, ഞാൻ നിന്നെ അത്യധികം സ്നേഹിക്കുന്നു.
(ഒരു മനുഷ്യനും സംസാരിക്കാൻ കഴിയാത്ത വിധത്തിൽ അത്രമാത്രം സ്നേഹത്തോടെയാണ് ദൈവം സംസാരിച്ചത്.)
നീ മരിച്ചത് കണ്ട് ഞാൻ എത്രമാത്രം കരഞ്ഞു. പ്രിയപ്പെട്ടവളേ, നിന്നെ എനിക്കു നഷ്ടപ്പെട്ടപ്പോൾ കയ്പുനിറഞ്ഞ, ദുഃഖത്തിൻറെ അനേകം കണ്ണുനീർ തുള്ളികൾ എൻറെ കണ്ണുകളിൽനിന്ന് ഒഴുകി. സ്വർഗ്ഗം മുഴുവനും നിന്നെ ഓർത്തു വിലപിക്കുകയായിരുന്നു.
എൻറെ പ്രിയപ്പെട്ടവളേ, സ്നേഹവും വാത്സല്യവും നിറഞ്ഞ എൻറെ ഹൃദയത്തെ കുത്തിക്കീറിക്കൊണ്ട് നീ എന്തിനാണ് എന്നെ പരിത്യജിച്ചത്?
( പരിശുദ്ധ മറിയത്തിൻറെ സാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു.)
എൻറെ കുഞ്ഞേ, നിനക്കു സമാധാനം ഉണ്ടാകട്ടെ. ഞാൻ നിൻറെ പരിശുദ്ധ അമ്മയാണ്. നിൻറെ സഹോദരിയായ റഷ്യയ്ക്കുവേണ്ടി പ്രാർത്ഥിക്കുക. ഇന്ന് കർത്താവ് അവളുടെ സമീപത്തുണ്ട്. കർത്താവിൻറെ ദൈവീകകരം അവളുടെ തണുത്തുപോയ, മൃതമായ ഹൃദയത്തെ ഉടൻതന്നെ സ്പർശിക്കും.
സൃഷ്ടികളേ! ഒട്ടും സ്നേഹിക്കപ്പെടാത്ത നിങ്ങളുടെ സഹോദരിയായ റഷ്യയെ കർത്താവു പുനരുജ്ജീവിപ്പിക്കും.
മകളേ, ജാഗ്രതയുള്ളവളായിരിക്കുക. റഷ്യയുടെ മഹത്ത്വത്തിനുള്ള സമയം ഇതാ ആസന്നമായിരിക്കുന്നു.
പത്രോസേ, എൻറെ പ്രിയപ്പെട്ട പത്രോസേ,
(പരിശുദ്ധ അമ്മ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവിടെയുണ്ടെന്ന മട്ടിൽ സംസാരിക്കുന്നു. പരിശുദ്ധ അമ്മയുടെ സ്വരം മാധ്യര്യമുള്ളതായിരുന്നെങ്കിലും ദുഃഖത്തിൻറെ ധ്വനിയും അതിലുണ്ടായിരുന്നു. പരിശുദ്ധ മറിയം കരയുകയായിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോട് പരിശുദ്ധ മറിയത്തിന് വലിയ വാത്സല്യമുള്ളതായി തോന്നി.)
അതെ, വാസുലാ, അനേകം വർഷങ്ങളായി, ഞാൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോട്, റഷ്യയെ ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ പറയുന്നുണ്ടായിരുന്നു.
ഇപ്പോൾ ഇതാ കർത്താവും അവിടുത്തെ രക്തസാക്ഷികളായ വിശുദ്ധരും നിങ്ങളുടെ പ്രാർത്ഥനകളും വിലാപങ്ങളും കേട്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ, നിങ്ങളുടെ പരിത്യാഗ പ്രവൃത്തികൾ വൃർത്ഥമായിട്ടില്ല. നിങ്ങളുടെ കണ്ണുതീർ വെറുതെയായിപ്പോയിട്ടില്ല. നിങ്ങളുടെ കണ്ണുനീരെല്ലാം യേശുവിൻറെ മുറിവേറ്റ ഹൃദയത്തിനുള്ള ഒരു ലേപന ഔഷധമായിരുന്നു.
പത്രോസേ, കർത്താവിനെ സ്തുതിക്കുവിൻ. യേശു നിൻറെ വാതിലിൽ മുട്ടിവിളിച്ചുകൊണ്ടിരിക്കുന്നു.
സമാധാനം നിന്നോടുകൂടെ. നിങ്ങൾ എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു.
13.03.1988 The Great Return-The New Pentecost
എൻറെ കർത്താവേ, പ്രത്യേകവിധം, അങ്ങയുടെ സമീപം ഇത്രയും അടുത്തിരിക്കുവാനുള്ള കൃപകൾ, എനിക്കു നൽകിയതിന് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. ആമ്മേൻ.
വാസുലാ, എൻറെ താത്പര്യങ്ങൾക്കും, എൻറെ മഹത്ത്വത്തിനും വേണ്ടിയാണ് നിനക്ക് ഈ കൃപകളെല്ലാം നല്കപ്പെട്ടിരിക്കുന്നത്. നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. നിൻറെ ദൗത്യം എന്താണെന്ന് ഗ്രഹിക്കുക. വരൂ, ഞാൻ നിന്നെ സഹായിക്കാം.
വാസുലാ, നിന്നെ പ്രചോദിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു. എൻറെ കുഞ്ഞേ, എന്നിൽ വിശ്വസിക്കുക.
ഒരു പുതിയ പെന്തക്കോസ്ത സംഭവിക്കുന്നതിനുവേണ്ടി ഇരുപത്തിമൂന്നാം ജോൺ മാർപ്പയെ പ്രാർത്ഥിക്കുവാൻ ഞാൻ പ്രചോദിപ്പിച്ചു. ഈ പ്രചോദനം ജ്ഞാനത്തിൽനിന്ന് ഉത്ഭവിക്കുന്നതാണ്. എൻറെ സഭയുടെ അടിത്തറയിൽത്തന്നെ ഒരു പുതിയ പെന്തക്കൊസ്ത ഉണ്ടാകുവാൻ കർത്താവായ ഞാൻ ഇടവരുത്തും.
സൃഷ്ടികളേ, ഒരു ഇടയൻറെ കീഴിൽ ഞാൻ നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തി ഒന്നിച്ചുകൂട്ടും. എൻറെ രാജ്യം ഞാൻ നിങ്ങളുടെ ഇടയിൽ സ്ഥാപിക്കും. എൻറെ ഭവനമായ സഭ സമാധാനത്തിലും സ്നേഹത്തിലും ഭരണം നടത്തും. എൻറെ സൃഷ്ടികൾ വീണ്ടും ജനിച്ച്, കുട്ടികളെപ്പോലെ നിഷ്ക്കളങ്കരായി, വിദ്വേഷമില്ലാത്തവരായി മടങ്ങിവരും. ഇതായിരിക്കും മഹത്തായ മടങ്ങിവരവ്; ഇതായിരിക്കും വീണ്ടും ജനനം; ഇതായിരിക്കും ഇടയൻറെ വിളി, പുതിയ പെന്തക്കൊസ്ത. ആദ്യനൂറ്റാണ്ടിൽ, സഭയുടെ ശൈശവാവസ്ഥയിൽ, ക്രിസ്തീയ കൂട്ടായ്മ എത്രമാത്രം നിഷ്ക്കളങ്കവും, നിസ്വാർത്ഥവുമായിരുന്നോ അതുപോലെയായിരിക്കും ഈ പുതിയ പെന്തക്കോസ്തയിലും സംഭവിക്കുന്നത്. വാസുലാ, നീ കാത്തിരുന്നു കാണുക.
അതെ കർത്താവേ.
എന്നെ അനുഭവിച്ചറിയുക. ഞാൻ നിൻറെ സമീപത്തുണ്ട്. കുഞ്ഞേ, നിൻറെ ബാഹ്യനേത്രങ്ങൾക്കൊണ്ട് എന്നെ കാണുവാൻ കഴിയുന്നില്ലെങ്കിലും, ഞാൻ നിൻറെ സമീപത്തുണ്ടെന്ന് നീ വിശ്വസിക്കുന്നുവോ?
ഉവ്വ്, കർത്താവേ. എൻറെ ആന്തരിക നയനങ്ങൾക്കൊണ്ട് അങ്ങയെ കാണുവാനും, ആന്തരിക ചെവികൾക്കൊണ്ട് അങ്ങയെ കേൾക്കുവാനും, അങ്ങയെ അനുഭവിച്ചറിയവാനും, അങ്ങിൽ വിശ്വസിക്കുവാനും അങ്ങ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.
നിൻറെ കണ്ണുകൾ എന്നെ അന്വേഷിക്കുന്നതു കാണുമ്പോൾ ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. എന്തെന്നാൽ, എൻറെ അടുക്കലുള്ളത് നിസ്സഹായായ, ഒന്നുമില്ലായ്മയായ ഒരു വെറും കൊച്ചുകുട്ടിയാണെന്ന് എനിക്കറിയാം.
വാസുലാ, നിന്നെ ചെന്നായ്ക്കളുടെ ഇടയിൽ കാണുമ്പോൾ എനിക്കു നിന്നോട് അനുകമ്പ തോന്നുന്നു. ഞാൻ നിൻറെ അടുക്കൽനിന്ന് ഒരിക്കലും വിട്ടുപോവുകയില്ല. കുഞ്ഞേ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. അവസാനം വരെ നിന്നെ നയിക്കുവാൻ എന്നെ അനുവദിക്കുക. നീ എന്നെ അതിന് അനുവദിക്കാമോ?
യേശുവേ, ഞാൻ അങ്ങയെ കാണുന്നിടത്ത് അങ്ങ് ഉണ്ടല്ലോ?
ഞാൻ ഉണ്ട്. പ്രിയപ്പെട്ടവളേ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ.
നമുക്ക്, നമ്മൾ, കർത്താവേ?
അതെ, നമ്മൾ, നമുക്ക്.
16.03.1988 I Love you because of what you are not
ഞാൻ കർത്താവാണ്. നീ ആരാണെന്നത് പരിഗണിക്കാതെ, എൻറെ വചനം പൂർത്തീകരിക്കപ്പെടും. എന്നെ അനേകം തവണ അപ്രീതിപ്പെടുത്തിയ, ദ്രോഹിച്ച ഒന്നുമില്ലായ്മയാണ് നീ. എണ്ണമറ്റ തവണ നീ എന്നെ പരുക്കേല്‍പിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന നികൃഷ്ടതയുടെ നേർചിത്രമാണ് എൻറെ പക്കലുള്ള നീ. നീ എന്തുതന്നെ ആയിരുന്നാലും ഞാൻ നിന്നോടു ക്ഷമിച്ചിരിക്കുന്നു. ഞാൻ നിന്നെ എൻറെ തിരുഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മകളേ, ഞാൻ ദൈവമാണ്; ഞാൻ സർവ്വത്തിൻറെയും സൃഷ്ടാവായ, സർവ്വാധിപതിയാണ്; ഞാൻ ഉദാത്തമായ സ്നേഹത്തിൻറെ ആത്മാവാണ്; ഞാൻ അഗാധ സ്നേഹമാകുന്ന ദൈവമാണ്.
എപ്രകാരം ഞാൻ നിന്നെ പ്രത്യേകമായി അനുഗ്രഹിച്ചുവെന്ന് നീ മനസ്സിലാക്കുന്നുണ്ടോ? നുണ പറയുന്ന നാവിൽനിന്നു ഞാൻ നിന്നെ എങ്ങനെയാണ് രക്ഷിച്ചതെന്ന് നിനക്കറിയാമോ? സൃഷ്ടിയേ! നിന്നെത്തന്നെ എനിക്കു പൂർണ്ണമായി സമർപ്പിക്കുക. എന്തുകൊണ്ടാണ് നിൻറെ മനസ്സിനെ വഴിതെറ്റാൻ അനുവദിക്കുന്നത്? നമ്മുടെ പരസ്പരമുള്ള ബന്ധം നീ മറന്നുപോയോ?
(യഥാർത്ഥത്തിൽ എൻറെ മനസ്സ് വഴിതെറ്റിപ്പോയിരുന്നു.)
കർത്താവേ, എൻറെ സഹചാരികൾ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ബലഹീനയാണ്.
നീ എന്നെ നോക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ഭയപ്പെടരുത്!
എന്നോട് ഇപ്രകാരം പറയുക:
“ദൈവത്തിന് മഹത്ത്വമുണ്ടായിരിക്കട്ടെ!
നമ്മുടെ കർത്താവ് വാഴ്ത്തപ്പെട്ടട്ടെ!
കർത്താവ് സ്തുതിക്കപ്പെടട്ടെ!
അങ്ങയുടെ അരികെ നടക്കുവാൻ എന്നെ അനുവദിക്കണമെ. ആമ്മേൻ”
(ഞാൻ ഈ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി.)
വാസുലാ, ഞാൻ നിന്നെ എപ്പോഴെങ്കിലും പരിത്യജിക്കുമോ? ഞാൻ നിന്നോടു വിശ്വസ്തനാണ്. ഞാൻ നിന്നോടു വിശ്വസ്തനല്ലേ?
അതെ, കർത്താവേ, അങ്ങു വിശ്വസ്തനാണ്.
മകളേ, നിനക്കു കുറവുകളുള്ളതിനാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ എൻറെ സന്ദേശ വാഹകയെന്നു വിളിച്ചു; നീ എന്നും എൻറെ സന്ദേശവാഹകതന്നെയായിരിക്കും. നീ എനിക്കുവേണ്ടി മാത്രം ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിൻറെ ദൈവമായ ഞാനായിരിക്കും നിൻറെ സന്തത സഹചാരി. നിന്നെ പൂർണ്ണമായി വലയംചെയ്ത് ആവരണം ചെയ്യുവാൻ എന്നെ അനുവദിക്കുക. നിനക്കതിന് സമ്മതമാണോ?
അതെ, യാതൊരു മറുചോദ്യവുമില്ലാതെ എനിക്കു സമ്മതമാണ്.
വാസുലാ, നീ പറഞ്ഞതിൻറെ അർത്ഥം എന്താണെന്ന് നിനക്ക് അറിയാമോ?
(എൻറെ ദൗത്യത്തിൻറെ ഉത്തരവാദിത്തത്തെക്കുറിച്ചു ഞാൻ ചിന്തിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.)
ഉവ്വ്, കർത്താവേ, എനിക്കറിയാം.
എങ്കിൽ എന്നിൽ ആശ്രയിക്കുക. നീ ഇന്ന് ആയിരിക്കുന്നിടത്തു നീ ആയിരിക്കണമെന്ന് ഞാൻ നിശ്ചയിച്ചു. എൻറെ വചനം പൂർത്തീകരിക്കുവാൻ നീ പ്രാപ്തയാകേണ്ടതിന്, ഞാൻ നിന്നെ എടുത്തുയർത്തി, എൻറെ അഭീഷ്ടം നിന്നിൽ നിറയ്ക്കും. എൻറെ മറ്റു ദാസരോടൊപ്പം നീയും എണ്ണമറ്റ പരീക്ഷണങ്ങളെ അഭിമുഖീകരിക്കും.
എന്നാൽ, അവസാനം ഞങ്ങളുടെ രണ്ടു ഹൃദയങ്ങൾ (യേശുവിൻറെ തിരുഹൃദയവും, പരിശുദ്ധ മാതാവിൻറെ വിമല ഹൃദയവും) വിജയം വരിക്കും.
ഇന്നു നീ എൻറെ സന്ദേശങ്ങളുടെ എഴുത്തുകാരിയാണ്. ഭാവിയിൽ നീ എൻറെ സന്ദേശ വാഹകയായിരിക്കും.
( എട്ടു മാസങ്ങൾക്കു ശേഷം ദൈവം എന്നെ അവിടുത്തെ വചനത്തിൻറെ സാക്ഷിയായി ലോകമെങ്ങും അയച്ചു.)
കർത്താവേ, വാസ്തവത്തിൽ എനിക്കു പുരോഗതി ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ടോ? ഞാൻ ഇപ്പോഴും ആരംഭ ദശയിലാണെന്ന് അങ്ങു പറഞ്ഞതിനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്.
അങ്ങനെയല്ല വാസുലാ. പ്രത്യാശ വിടരുത്. നീ ചെയ്യുന്നതൊന്നും നിഷ്ഫലമാവുകയില്ല. പരിപൂർണത പ്രാപിക്കുവാൻ ഞാൻ നിന്നെ പഠിപ്പിക്കാം. നീ പരിപൂർണ്ണയാകണമെന്ന് ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ?
ഉവ്വ് കർത്താവേ. എന്നാൽ എൻറെ ഇന്നത്തെ അവസ്ഥ കണ്ടാൽ അങ്ങയുടെ തിരുഹൃദയം ആഗ്രഹിക്കുന്നതുപോലെ ഞാനായിത്തീരുവാൻ ഞാൻ ഏറെ ദൂരം പോകേണ്ടതുണ്ട്.
ഞാനല്ലേ നിൻറെ ഗുരു?
അതെ കർത്താവേ. എന്നാൽ ഞാൻ ഒരു നല്ല വിദ്യാർത്ഥിനിയല്ല അങ്ങയുടെ സന്നിധിയിൽ.
നീ ബലഹീനയാണ്; എന്നാൽ എൻറെ ശക്തി നിൻറെ വീഴ്ചകളിൽ നിന്നെ താങ്ങിനിർത്തും. വാസുലാ, ഞാൻ നിൻറെ ആത്മീയഗുരുവാണ് എന്നതിനേക്കാൾ വലിയതായി മറ്റെന്താണുള്ളത്? ഇതിനേക്കാൾ വലിയ അനുഗ്രഹമായി മറ്റെന്താണുള്ളത്?
എനിക്കു യാതൊന്നിനും അർഹതയില്ലാതിരിക്കെ, അങ്ങ് എനിക്കു സർവ്വവും നൽകുന്നതിനെയോർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
അല്ലയോ വാസുലാ, എന്നെ ബോധപൂർവ്വം ദ്രോഹിക്കുവാൻ വേണ്ടി നീ പാപം ചെയ്യുന്നതല്ലെന്ന് എനിക്കറിയാം. ഒഴുകിപ്പോയ ജലം പിന്നീട് ഉണങ്ങി പറ്റിപ്പോയതുപോലെ നിൻറെ പാപങ്ങളെല്ലാം ഞാൻ മറന്നിരിക്കുന്നു. ഞാൻ നിൻറെ പാപങ്ങളിലേക്കു തിരിഞ്ഞു നോക്കുകയോ അവയെക്കുറിച്ചു നിന്നെ ഓർമ്മിപ്പിക്കുയോ ചെയ്യുന്നില്ല.
പുതിയ ജീവിതം ആരംഭിക്കുവാൻ നിന്നെ ഞാൻ ഇടയാക്കും. പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ നവീകരിക്കും. എനിക്കു നിന്നോടുള്ള സ്നേഹം അനുഭവിച്ചറിയുക. നീ ആയിരിക്കുന്നതുപോലെ തന്നെ ഞാൻ നിന്നെ സ്വീകരിക്കുന്നു.
സമാധാനത്തിൻറെയും സ്നേഹത്തിൻറെയും കിരീടങ്ങൾ ഞാൻ നിൻറെ കൈയ്യിൽ തന്നിരിക്കുന്നു. നീതിയുടെ കിരീടത്തോടൊപ്പം ആ രണ്ടു കിരീടങ്ങളും നീ വഹിക്കണം. ആ കിരീടങ്ങൾ എൻറെ ഭവനമായ സഭയിൽ എൻറെ പ്രിയപ്പെട്ട പത്രോസായ മാർപ്പാപ്പയുടെ പാദത്തിൽ സമർപ്പിക്കണം.
(യേശു ആലങ്കാരികമായ ഭാഷയിലാണ് സംസാരിച്ചത്. എനിക്ക് ഇതൊന്നും മനസ്സിലായില്ല.)
ഉവ്വ് കർത്താവേ. കർത്താവേ, എന്നെ അവിടെ എത്തിക്കുക.
വരൂ, ഞാൻ നിൻറെ അരികെയുണ്ട്. നമ്മൾ ഒരുമിച്ച് എൻറെ സഭയെ പുനഃരുദ്ധരിക്കും. നമ്മൾ, നമുക്ക്?
അതെ, കർത്താവേ!
(പിന്നീട്)
വാസൂലാ വരൂക. വിശ്വാസം എന്ന വിശുദ്ധ പദമായിരിക്കട്ടെ നിൻറെ അടയാളം.
ശിശുസഹചമായ വിശ്വാസം.
17.03.1988 Was My Blood shed in vain? Era of no faith at all
വാസുലാ, ഞാൻ നിന്നെ വിളിച്ച ആരംഭകാലത്തിലെന്നപോലെ, എൻറെ സ്വരം ശ്രവിക്കുക.
നീ ജനിക്കുന്നതിനു മുമ്പ് എൻറെ ശുശ്രൂഷയ്ക്കായി ഞാൻ പലരെയും വിളിച്ചിട്ടുണ്ട്. അനുഗ്രഹങ്ങളെ സ്വാഗതം ചെയ്തിരുന്ന നന്മയുടെ പുണ്യദിനങ്ങളായിരുന്നു ആ കാലം.
നികൃഷ്ടരായ വ്യക്തികളെയും എൻറെ സേവനത്തിനായി ഞാൻ വിളിച്ചിട്ടുണ്ട്. അവരുടെ രക്ഷകനായ ദൈവമാണ് അവരെ വിളിക്കുന്നതെന്ന് അവർ ഒരിക്കലും സംശയിച്ചിട്ടില്ല. അവരുടെ സഹചാരികളാരും ഇക്കാലത്തെ സഹചാരികളെപ്പോലെ എൻറെ വിളിയെ സംശയിച്ചിരുന്നില്ല.
വാസുലാ, നിങ്ങളുടെ കാലഘട്ടം മൃതമാണ്. അവർ ഇക്കാലത്തെ എൻറെ ദൈവിക പ്രവൃത്തികളെ നിന്ദിച്ചുകൊണ്ട്, ഇവിടെയുള്ള മരുഭൂമിയെ വിശാലമാക്കിയിരിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങളെ നനച്ചു വിശുദ്ധീകരിക്കുന്നതിനും, എൻറെ പ്രകാശത്തിൽ ജീവിക്കുവാൻ നിങ്ങളെ ഇടയാക്കുന്നതിനുമാണ് എൻറെ രക്തം ചിന്തപ്പെട്ടത്.
അല്ലയോ സൃഷ്ടികളേ, എൻറെ രക്തം ചിന്തപ്പെട്ടത് നിഷ്ഫലമായോ? ഈ കാലഘട്ടം നിങ്ങളോട് ഇപ്രകാരം പറയും: “നിങ്ങൾ ഈ സ്വരമൊന്നും ശ്രദ്ധിക്കരുത്. ഇതു നിശ്ചയമായും പിശാചിൻറെ സ്വരമായിരിക്കുന്നതിനാൽ നിങ്ങളുടെ ചെവികൾ അടയ്ക്കുക.”
ഞാൻ അനുഗ്രഹിച്ചു, ദൈവീക ദർശനങ്ങൾ ലഭിച്ച, അനുഗ്രഹീതരായ വ്യക്തികൾ, എൻറെ ഭവനമായ സഭയിലെ എൻറെ സ്വന്തപ്പെട്ടവരാൽ തന്നെ, പരിഹസിക്കപ്പെടുകയും നിരുത്സാഹപ്പെടുത്തപ്പെടുകയും ചെയ്യും. എൻറെ ദൈവീക പ്രവൃത്തികളെ നിന്ദിച്ച് തള്ളിക്കളയുന്നതിന് നിശ്ചയപൂർവ്വം അവർ സദാ തയ്യാറായിനിൽക്കുന്നു. എൻറെ കൃപാദാനങ്ങളെ അവർ നിന്ദിക്കുമ്പോൾ മനുഷ്യരുടെ മുമ്പാകെ അവർ എന്നെ നിന്ദിക്കുകയാണ് ചെയ്യുന്നത്.
എൻറെ അനുഗ്രഹങ്ങൾ സ്വാഗതം ചെയ്യപ്പെട്ടിരുന്ന കാലത്ത്, എൻറെ വിളി ലഭിച്ചവരോട് എൻറെ സ്വന്തപ്പെട്ടവർ ഇപ്രകാരം പറയുന്നത് ഞാൻ കേൾക്കുമായിരുന്നു: “മകനേ, ശ്രദ്ധിച്ചു കേൾക്കുക; തീർച്ചയായും ദൈവമായിരിക്കും നിന്നെ വിളിക്കുന്നത്.” എൻറെ സൃഷ്ടികൾ 1 സാമുവൽ അധ്യായം 3 ൽ ബാലനായ സാമുവലിനെ ദൈവം വിളിക്കുന്ന ഭാഗം വായിക്കട്ടെ. ദൈവീക അനുഗ്രഹങ്ങളെ സ്വാഗതം ചെയ്തിരുന്ന പുണ്യദിനങ്ങളായിരുന്നു അക്കാലം.
സൃഷ്ടികളേ, പണ്ടത്തെപ്പോലെ, “അല്പ വിശ്വാസികളെ” എന്ന് നിങ്ങളെ വിളിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാനാശിക്കുകയാണ്. എന്നാൽ, എനിക്ക് ഇന്നു നിങ്ങളെക്കുറിച്ചു പറയുവാൻ കഴിയുന്നത് ഇപ്രകാരം മാത്രമാണ്: “വിശ്വാസം അല്പം പോലും ഇല്ലാത്ത കാലഘട്ടം”.
മകളേ, ഞാൻ ക്ഷീണിതനാണ്. കുഞ്ഞേ, നിൻറെ ഹൃദയത്തിൽ ഞാൻ വിശ്രമിക്കട്ടെ.
കർത്താവേ, വന്നാലും!
നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
(യേശു വളരെ ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ടു.)
എഴുതുക:
ഉവ്വ് കർത്താവേ.
(അനേകർ ദൈവത്തെക്കാൾ പിശാചിന് പ്രഥമസ്ഥാനം നൽകുന്നതിനാൽ ദൈവം ദുഃഖിതനാണ്. ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ ഇപ്രകാരം പറയുന്നു: “ ‘ദൈവമേ, ദൈവമേ’ എന്നു വിളിച്ചുകൊണ്ട് പിശാചിനെ വിറപ്പിക്കുന്നതിനുപകരം ‘പിശാച്! പിശാച്!’ എന്നു പറയുന്ന മനുഷ്യരുടെ ഭയം എനിക്കു മനസ്സിലാക്കുവാൻ പറ്റുന്നില്ല.”
ഇക്കാലത്ത് ഇതുപോലെ ധാരാളം കാര്യങ്ങൾ സംഭവിക്കുന്നു. പിശാചിന് നമ്മൾ പ്രഥമസ്ഥാനം നൽകുന്നു. “പ്രിയപ്പെട്ടവനേ, നി പോയി ഡോക്ടറെ കണ്ടു നിന്നെ പരിശോധിപ്പിക്കുക. നമുക്ക് ഇക്കാലത്ത് നല്ല പ്രഗത്ഭരായ ഡോക്ടർമാർ ഉണ്ടല്ലോ” എന്നു പറഞ്ഞുകൊണ്ട് പരിഹസിക്കുന്നവർ ഇക്കാലത്ത് ഉണ്ടാകും.
അധിഭൗതീക മനശ്ശാസ്ത്രത്തിലുള്ള തങ്ങളുടെ പാണ്ഡ്യത്യത്തിൽ അഹങ്കരിക്കുന്നവർക്ക് “ദൈവീക വിളികൾ” എന്നൊക്കെ പറയുന്നത് കാലഹരണപ്പെട്ട ആശയമായിട്ടാണ്.
എന്നാൽ ദൈവത്തിൻറെ ദൃഷ്ടിയിൽ ഏറ്റവും നിന്ദ്യമായിരിക്കുന്നത് കാപട്യം എന്ന തിന്മയാണ്. “അതെ” എന്നോ “അല്ല” എന്നോ പറയാത്ത തന്ത്രപരമായ ഉത്തരമായിരിക്കും ഇക്കൂട്ടരുടേത്. അവർ പീലാത്തോസിനെപ്പോലെയായിരിക്കും. കർത്താവിനെ വിചാരണ ചെയ്തപ്പോൾ പീലാത്തോസ് കൈകൾ കഴുകിയതുപോലെ ഇക്കൂട്ടർ തങ്ങളടെ കൈകൾ കഴുകും. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്ന് നിനക്കറിയാമോ? കാരണം, അവർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.)
18.03.1988 Faith
എൻറെ പുഷ്പമേ, വിശ്വാസം എന്ന വിശുദ്ധ പദമായിരിക്കട്ടെ നിൻറെ അടയാളം.
നികൃഷ്ടതയുടെ കാലഘട്ടമാണിത്.
19.03.1988. I , the Lord do not want any divisions in My Church
യേശുവേ, ഞാൻ അങ്ങയുടെ സന്നിധിയിലേക്കു വരുന്നു.
അല്ലയോ വാസുലാ, സന്ദേശം എഴുതി എടുക്കുന്നതിൽ മടുപ്പുതോന്നരുത്.
വിശന്നിരിക്കുന്ന എൻറെ ആടുകൾക്ക് ഇന്നു ഞാൻ ഭക്ഷണം കൊടുക്കുന്നു. നാളെ ഞാൻ നിങ്ങളെ ഐക്യപ്പെടുത്തുകയും, എൻറെ രഹസ്യങ്ങളെക്കുറിച്ചു നിങ്ങളെ പഠിപ്പിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കുകയും, എനിക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന എല്ലാവരിലേക്കും പരിശുദ്ധ ജപമാല പ്രാർത്ഥന പ്രചരിപ്പിച്ചുകൊണ്ട് എന്നെ ആനന്ദിപ്പിക്കുക.
എല്ലാ ക്രിസ്ത്യാനികളിലേക്കും ജപമാല പ്രാർത്ഥന പ്രചരിപ്പിക്കണമെന്നാണോ അങ്ങ് അർത്ഥമാക്കുന്നത്?
അതെ, എൻറെ പ്രിയപ്പെട്ടവളേ. ഞാൻ എൻറെ അമ്മയെ ആദരിക്കുന്നതുപോലെ നിങ്ങളും എൻറെ അമ്മയെ ആദരിക്കണം. എനിക്കു സാക്ഷ്യം വഹിക്കുന്ന എല്ലാവർക്കും, കുരിശിൻറെ വഴിയിലെ പതിനാലു സ്ഥലങ്ങൾ ധ്യാനിക്കേണ്ടെതെങ്ങനെയെന്ന് കാണിച്ചുകൊടുക്കുകയും, ആ ധ്യാന പ്രാർത്ഥന അവരിലേക്കു പ്രചരിപ്പിക്കുകയും വേണം.
കർത്താവേ, എല്ലാ ക്രിസ്ത്യാനികളെയുമാണോ അങ്ങ് ഉദ്ദേശിക്കുന്നത്.
അതെ. എന്നെ സ്നേഹിക്കുന്ന എല്ലാവരെയുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. കർത്താവായ ഞാൻ എൻറെ സഭയിൽ യാതൊരു തരത്തിലുള്ള വിഭജനവും ആഗ്രഹിക്കുന്നില്ല. എനിക്കുവേണ്ടി നീ അവരെ ഐക്യപ്പെടുത്തും. എൻറെ നാമത്തിൽ എന്നെ സ്നേഹിക്കുകയും, എന്നെ അനുഗമിക്കുകയും, എനിക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുക. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. ഒരു ഇടയൻറെ കീഴിൽ (മാർപ്പാപ്പ) നിങ്ങൾ ഐക്യപ്പെട്ട് ഒറ്റ സമൂഹമായിത്തീരണം..
നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, പത്രോസിനെ ഞാൻ തെരഞ്ഞെടുത്ത് അവന് അധികാരം നൽകി. നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഞാൻ പത്രോസിനു സ്വർഗ്ഗരാജ്യത്തിൻറെ താക്കോലുകൾ നൽകി. എൻറെ കുഞ്ഞാടുകളെയും ആടുകളെയും തീറ്റിപ്പോറ്റി പരിപാലിക്കണമെന്ന് ഞാൻ പത്രോസിനോടു പറഞ്ഞിട്ടുണ്ട്. ഞാൻ നൽകിയതാണ് ഈ അധികാരം. എൻറെ അഭിലാഷത്തിനു നിങ്ങൾ വിത്യാസം വരുത്തുവാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.
പ്രിയപ്പെട്ടവരേ, എൻറെ സഭയെ ശക്തിപ്പെടുത്തിക്കൊണ്ട് നിങ്ങൾ ഒന്നിച്ചുകൂടുക. എൻറെ ആഗ്രഹങ്ങളാണ് നിങ്ങൾ എന്നിൽ അന്വേഷിക്കേണ്ടത്. നിങ്ങളുടെ താത്പര്യങ്ങളല്ല, മറിച്ച് എൻറെ താത്പര്യങ്ങളാണ് നിങ്ങൾ അന്വേഷിക്കേണ്ടത്. എന്നെ മഹത്ത്വപ്പെടുത്തുവിൻ. സൃഷ്ടികളെ, നിങ്ങൾ ഐക്യപ്പെട്ടുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തുക. എൻറെ ശരീരമായ സഭയെ ഉജ്ജീവിപ്പിക്കുക. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങളുടെ ചെവി തുറന്ന്, കുരിശിൽനിന്നുള്ള എൻറെ നിലവിളി കേൾക്കുക.
വാസുലാ, എവിടെയാണ് നിൻറെ ഭവനം എന്നു നീ ഓർക്കുന്നുണ്ടോ? അതെ, എൻറെ തിരുഹൃദയത്തിലാണ് നിൻറെ ഭവനം. വരൂ, പ്രിയപ്പെട്ടവളേ, വരൂ. ഞാൻ കാത്തിരിക്കുന്നു. അതിരുകളില്ലാതെ ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു.
എൻറെ കർത്താവും രക്ഷകനുമായവനേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
അങ്ങയോടൊപ്പം സദാ ആയിരിക്കുവാൻ എനിക്കു കഴിയേണ്ടതിനും, അങ്ങയുടെ ഒരു ഉപകരണവുമായിത്തീരുവാൻ പ്രാപ്തയാകുന്നതിനും വേണ്ടി, അങ്ങയെ പ്രസാദിപ്പിക്കുവാൻ എന്നെ പഠിപ്പിക്കണമെ.
ഞാൻ നിന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അനുസരണയുള്ളവളായിരിക്കുക; എൻറെ താത്പര്യങ്ങൾ മാത്രം അന്വേഷിക്കുക. ഞാൻ നിൻറെ അരികെയുണ്ട്. വാസുലാ, മനുഷ്യരുടെ രക്ഷയക്കും വീണ്ടെടുപ്പിനും വേണ്ടി പ്രാർത്ഥിക്കുക. ഈ സന്ദേശങ്ങൾക്കുവേണ്ടിയാണ് ഞാൻ നിന്നെ സൃഷ്ടിച്ചത്.
യേശുവേ, അങ്ങേയ്ക്കു നന്ദി.
23.03.1988. Simplicity and Poverty infatuate Me- Love suffers
യേശുവേ?
ഞാനാണ്. സ്നേഹം വിജയം വരിക്കും. ഞാൻ സ്നേഹമാണ്. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. ഭയപ്പെടരുത്; ഇതു ഞാനാണ് യേശു. നീ വരുമോ, ഞാൻ നിന്നെ കാത്തിരിക്കുന്നു. എന്നെ സ്നേഹിക്കുവാൻ മറ്റുള്ളവരെ ഞാൻ നയിച്ചിടത്തേയ്ക്കു നിന്നെയും ഞാൻ നയിക്കും. പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ അവിടേയ്ക്കു കൊണ്ടുപോകും.
എൻറെ വാസുലാ, പ്രാർത്ഥിക്കുക. പിശാചിൻറെ കെണികളെക്കുറിച്ചു ജാഗ്രതയുള്ളവളായിരിക്കുക. എൻറെ സൃഷ്ടികൾ അനുതപിച്ച് മാനസാന്തരപ്പെടുന്നില്ലെങ്കിൽ.....
കർത്താവേ! അങ്ങ് ഞങ്ങളെ മാനസാന്തരപ്പെടുത്തുമെന്നും, അങ്ങയുടെ രാജ്യം ഞങ്ങളുടെ ഇടയിൽ വരുമെന്നും അനേകം തവണ അങ്ങു പറയുന്നു. പിന്നെ എങ്ങനെയാണ് എൻറെ സൃഷ്ടികൾ മാനസാന്തരപ്പെടുന്നില്ലെങ്കിൽ എന്ന ധ്വനിയിൽ അങ്ങ് സംസാരിക്കുന്നത്? എനിക്ക് ഇക്കാര്യം മനസ്സിലാകുന്നില്ല.
ശ്രദ്ധിച്ച്, മനസ്സിലാക്കുക. തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിങ്ങൾക്കു നൽകിയിട്ടുണ്ട്. സൃഷ്ടികളേ, സർവ്വശക്തനും, പ്രകാശവും, കർത്താവുമായ ഞാൻ നിങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നു. നിങ്ങളെ വീണ്ടെടുക്കുന്നതിനും, നിങ്ങളിൽ പ്രകാശിക്കുന്നതിനും വേണ്ടി, ഈ കൂരിരിട്ടിൽ നിങ്ങൾക്കു നൽകുവാൻ, എൻറെ ഹൃദയം കൈയ്യിൽ പിടിച്ചുകൊണ്ട്, ഞാൻ ഇതാ ഇറങ്ങിവന്നിരിക്കുന്നു.
എനിക്കെതിരെ നിങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകളും, നിങ്ങളുടെ എണ്ണമറ്റ പാപങ്ങളും കഴുകിക്കളയുന്നതിനായി ഞാൻ ഇതാ വരുന്നു. നിങ്ങളെ എൻറെ അടുക്കലേക്കു മടക്കിവിളിക്കുവാനായി ഞാൻ ഇതാ വരുന്നു.
എൻറെ സഭയെ ഐക്യപ്പെടുത്തുവാൻവേണ്ടി ഞാൻ വരുന്നു. ആർക്കാണ് ഞാൻ അധികാരവും സ്വർഗ്ഗരാജ്യത്തിൻറെ താക്കോലുകളും നൽകിയിരിക്കുന്നതെന്നു നിങ്ങളെ ഓർമ്മിപ്പിക്കുവാനായി ഞാൻ ഇതാ വരുന്നു.
എൻറെ അമ്മയെ ബഹുമാനിച്ച്, അവളുടെ മുമ്പിൽ നിങ്ങൾ മുട്ടുകുത്തി വണങ്ങുന്നതിന്, നിങ്ങളെ പഠിപ്പിക്കാനായി ഞാൻ വരുന്നു. എന്തെന്നാൻ എൻറെ കരത്താലാണ് അവൾ സ്വർഗ്ഗരാജ്ഞിയായി കിരീടം ധരിപ്പിക്കപ്പെട്ടത്. അവൾ സ്വർഗ്ഗത്തിലെ രാജ്ഞിയാണ്.
സൃഷ്ടികളേ, പിശാചിനെക്കുറിച്ച് ജാഗ്രതയുണ്ടായിരിക്കുക. എന്തെന്നാൽ നിങ്ങളെ കെണിയിൽപ്പെടുത്തുവാനുള്ള അവൻറെ ഉദ്യമങ്ങളെ അവൻ ഇരട്ടിയാക്കിയിരിക്കുന്നു. കൂടാതെ നിർഭയം അവൻറെ നിഗൂഢപ്രവർത്തനങ്ങൾ കണ്ടുപിടിക്കപ്പെടാതെ ചെയ്യുന്നതിനുവേണ്ടി പിശാചിന് അസ്ഥിത്വം ഇല്ല എന്ന ആശയം അവൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
സൃഷ്ടികളേ, നിങ്ങളുടെ ഇടയിൽ ഒരു സർവ്വനാശം ഉണ്ടാക്കുന്നതിനുള്ള ഒരുക്കങ്ങൾ അവൻ നടത്തിക്കൊണ്ടിരിക്കുന്നു. എൻറെ കുരിശിൽ കിടന്നുകൊണ്ട് ഞാൻ എത്രമാത്രം ഉച്ചത്തിൽ നിലവിളിക്കുന്നു! സൃഷ്ടികളേ, എൻറെ അടുക്കലേക്കു മടങ്ങി വരുക.
എന്നെ നിഷേധിച്ചുകൊണ്ട്, നിങ്ങളെ കെണിയിൽപെടുത്തുവാൻ പിശാചിനെ അനുവദിക്കരുത്! മനുഷ്യരുടെ മാനസാന്തരത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാർത്ഥിക്കുക. ഞാൻ നിനക്കു നൽകിയ പ്രാർത്ഥനകൾ എല്ലാ വ്യക്തികളും പഠിക്കട്ടെ. അവർ ആ പ്രാർത്ഥനകൾ പ്രാർത്ഥിക്കട്ടെ. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങൾ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു.
മകളേ, എൻറെ അടുക്കൽ വന്ന്, മുട്ടുകുത്തിനിന്നുകൊണ്ട് എൻറെ സന്ദേശം എഴുതി എടുക്കുന്നതിൽ നിനക്കു മടുപ്പുതോന്നരുത്. എനിക്കുള്ളതെല്ലാം നിനക്കു പങ്കുവച്ചുതരുന്ന നിൻറെ മണവാളനും രക്ഷകനുമാണ് ഞാൻ. വരൂ, ഞാൻ ക്ഷീണിതനാണ്; എന്നെ സമാശ്വസിപ്പിക്കുക.
കർത്താവേ, വന്നാലും.
(യേശു വളരെ ക്ഷീണിതനായി കാണപ്പെട്ടു. അവിടുത്തെ വലിയ തോളുകൾ അല്പം വളഞ്ഞിരിക്കുന്നു. അവിടുന്ന് ദുഃഖിതനാണ്. എനിക്കും അതേ ദുഃഖം അനുഭവപ്പെടുന്നു. എനിക്ക് യേശുവിനെ പ്രസാദിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. യേശുവിൻറെ ഐക്യത്തിനുള്ള ആഹ്വാനം മാർപ്പാപ്പ സ്വീകരിക്കണമെന്ന് ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്. ഇരുപത്തിയഞ്ചാം തിയ്യതി വെള്ളിയാഴ്ച മാർപ്പാപ്പയ്ക്ക് ഈ സന്ദേശം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.)
വാസുലാ, എൻറെ സാന്നിദ്ധ്യം നീ അനുസ്മരിക്കുമോ?
ഉവ്വ്, കർത്താവായ യേശുവേ. ഞാൻ അങ്ങയുടെ സാന്നിദ്ധ്യം അനുസ്മരിക്കും.
നമുക്ക്, നമ്മൾ?
അതെ, നമുക്ക്, നമ്മൾ, എന്നന്നേക്കും.
(യേശു ഇന്നു ക്ഷീണിതനും ദുഃഖിതനുമാണ്.)
നിനക്കു സമാധാനം ഉണ്ടാകട്ടെ.
വാസുലാ, ഞാൻ ക്ഷീണിതനാണ്. സ്നേഹവും ലാളിത്യവും മനുഷ്യരുടെ ഇടയിൽ നഷ്ടപ്പെട്ടിരിക്കുന്നത് കണ്ട് ഞാൻ ക്ഷീണിതനാണ്.
മനുഷ്യരിൽ സ്നേഹം നഷ്ടപ്പെട്ടിരിക്കെ, ബലികൾക്കും ആചാരാനുഷ്ടാനങ്ങൾക്കും എന്തു പ്രസക്തിയാണുള്ളത്?
പുഷ്പമേ, നഗ്നപാദരായ, ലാളിത്യവും നിഷ്ക്കളങ്കതയും വിനയവും ഉണ്ടായിരുന്ന എൻറെ ശിഷ്യരെ കാണുമ്പോഴുള്ളതിനേക്കാൾ വലിയ ആനന്ദം മറ്റെന്തിനാണുള്ളത്? അവരുടെ കൈയ്യിൽ എൻറെ ആടുകളെ നയിക്കുവാനുള്ള ഒരു ഊന്നുവടി മാത്രമേ ഉണ്ടായിരുന്നുള്ളൂ! ലാളിത്യത്തെ ഞാൻ സ്നേഹിക്കുന്നു. ലാളിത്യവും ദാരിദ്ര്യവും എന്നെ ആകർഷിക്കുന്നു. എൻറെ യഥാർത്ഥ ശിഷ്യന്മാർ നഗ്നപാദരാണ്; പക്ഷേ അവർ ആത്മീയമായി സമ്പന്നരാണ്.
വാസുലാ, ധൈര്യമായിരിക്കുക. ഞാൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു. എൻറെ കുരിശിൽ, എൻറെ സ്വന്തപ്പെട്ടവരാൽ, കൈകൾ വിരിച്ചു പിടിച്ചുകൊണ്ട്, ക്രൂശിക്കപ്പെട്ടിരിക്കുകയാണ് ഞാൻ. ഞാനും നീയും; നീയും ഞാനും. സ്നേഹം സഹിക്കുന്നു.
24.03.1988 In the End our Hearts will Prevail
സമാധാനം നിന്നോടുകൂടെ!
(പരിശുദ്ധ മറിയമാണ് സംസാരിക്കുന്നത്.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തുക. മനുഷ്യരുടെ വീണ്ടെടുപ്പിനും രക്ഷയ്ക്കുംവേണ്ടി പ്രാർത്ഥിക്കുക. ദൈവത്തിൻറെ ഇഷ്ടം അനുസരിച്ചുകൊണ്ട്, അവിടുത്തെ സന്ദേശവാഹകയായി ജീവിച്ചുകൊണ്ട് അവിടുത്തെ മഹത്ത്വപ്പെടുത്തുക. ദൈവം നിന്നെ വളരെ വാത്സല്യത്തോടെ സ്നേഹിക്കുന്നു. സന്ദേശം എഴുതി എടുക്കുന്നതിൽ മടുപ്പുതോന്നരുത്.
വന്ന് ഇപ്രകാരം അവിടുത്തോടു പ്രാർത്ഥിക്കുക:
“ സർവ്വശക്തനായ ദൈവമേ, അങ്ങയുടെ ദാസിയെ അങ്ങയുടെ വഴികൾ പഠിപ്പിക്കണമെ. എളിമയും, ക്ഷമയും സ്നേഹവും അഭ്യസിക്കുവാൻ എന്നെ പഠിപ്പിക്കണമെ. അങ്ങയുടെ നീതിയുടെയും നന്മയുടെയും വഴികളിലൂടെ എന്നെ വഴിനയിക്കണമെ. എൻറെ ഇച്ഛാശക്തിയെ അങ്ങേയ്ക്കു സമർപ്പിച്ചുകൊണ്ട് ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് അർപ്പിക്കുന്നു. എൻറെ പാപങ്ങൾ എന്നോടു ക്ഷമിക്കണമെ. എന്നെ നവീകരിക്കണമെ. അങ്ങേയ്ക്ക് എന്നെ പൂർണ്ണമായി ഉപയോഗിക്കുവാൻ തക്കവിധം അങ്ങേയ്ക്ക് യോജിച്ച വിധത്തിൽ എന്നെ മാറ്റണമെ. ആമ്മേൻ”.
വാസുലാ, ഞാൻ എപ്പോഴും നിന്നെ കാത്തുപരിപാലിച്ചുകൊള്ളാം. എൻറെ കരം പിടിച്ചുകൊള്ളുക.
സഭ പുനരുദ്ധരിക്കപ്പെടും. അവസാനം ഞങ്ങളുടെ ഇരു ഹൃദയങ്ങളും വിജയം വരിക്കും.
ദൈവീകപ്രവൃത്തികളിൽ വ്യാപരിക്കുന്ന വ്യക്തികളെ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് എൻറെ പ്രത്യക്ഷപ്പെടലുകൾ. ദൈവത്തിൻറെ പക്കലേക്കു മടങ്ങിവരുവാനുള്ള ഒരു വിളിയാണ് ഈ പ്രത്യക്ഷപ്പെടലുകൾ. ഇതൊരു മുന്നറിയിപ്പുമാണ്. ഈ വർഷം ഞാൻ അനേകർക്കു പ്രത്യക്ഷപ്പെടും. ധാരാളം ദർശനങ്ങളും, ദർശനങ്ങൾ കാണുന്നവരും ഉണ്ടാകും.
അവിശ്വാസമോ, സംശയമോ, നിന്ദയോ കൂടാതെ ദൈവത്തിൻറെ ഓരോ പ്രവൃത്തിയും സ്വാഗതം ചെയ്യപ്പെട്ടിരുന്ന ആദ്യനൂറ്റാണ്ടിലെ ക്രിസ്തീയ അനുഭവത്തിലേക്കു സഭ മടങ്ങിവരുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. ആദ്യകാല ക്രിസ്തീയ സമൂഹങ്ങളിൽ നിലനിന്നിരുന്ന വിശ്വാസതീക്ഷ്ണതയിലേക്കു പരിശുദ്ധ സഭ മടങ്ങി വന്ന്, സഭ നവീകരിക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. അത്ഭുതങ്ങളിലും, ദൈവീക പ്രത്യക്ഷപ്പെടലുകളിലും, ദർശനങ്ങളിലും സഭ വിശ്വസിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. കാരണം, ദൈവം നമ്മോടു സംസാരിക്കുന്നതിനുള്ള ഒരു മാർഗ്ഗമിതാണ്. സഭയിൽ ഒരു നവീകരണം ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുക.
പരിശുദ്ധ മറിയമേ, അങ്ങേയ്ക്കു നന്ദി.
(പരിശുദ്ധ മറിയത്തോടു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിച്ചു.)
നീ ആകുലപ്പെടരുത്. രാവും പകലും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. ഇതാ യേശു ഇവിടെയുണ്ട്.
വാസുലാ, ഇതു ഞാനാണ്.
(ഞാൻ യേശുവിനെ വിവേചിച്ചറിഞ്ഞെങ്കിലും എനിക്ക് ഉറപ്പില്ലായിരുന്നു.)
എന്നെ നോക്കുക. ഞാൻ അവരിൽ യാതൊരു വിശുദ്ധിയും കാണുന്നില്ല.
(യേശുവേ, ഇക്കാലത്തെ അങ്ങയുടെ ദൈവീക പ്രവൃത്തികളെ തള്ളിക്കളയുന്നവരിലാണോ അങ്ങ് വിശുദ്ധി കാണാത്തത്?
അതെ. ഒരുവനിലും ഞാൻ വിശുദ്ധി കാണുന്നില്ല. എൻറെ കുരിശിൽനിന്ന് ഓരോ തവണ ഞാൻ നിലവിളിക്കുന്ന അതേ നിമിഷംതന്നെ എൻറെ സ്വന്തപ്പെട്ടവരിൽ ഒരാൾ സാത്താൻറെ ഇംഗീതത്തിനു വഴങ്ങിക്കൊടുക്കുന്നു.
വാസുലാ, എൻറെ പുരോഹിതേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
യേശുവേ, അങ്ങ് എന്തിനാണ് എന്നെ പുരോഹിതേ എന്നു വിളിക്കുന്നത്? കാരണം സ്ത്രീ പൗരോഹിത്യം അനുവദിച്ചിട്ടില്ലല്ലോ?
ഞാൻ നിന്നെ (ദേഹിയെ) വിശുദ്ധീകരിച്ചിരിക്കുന്നു. ഞാൻ നിന്നെ (ദേഹിയെ ) തിരഞ്ഞെടുത്തിരിക്കുന്നു. എൻറെ കണ്ണുകൾ ദേഹിയെയാണ് കാണുന്നതെന്ന് മനസ്സിലാക്കുക. എൻറെ ഹൃദയം ദേഹിയെ അനുഭവിച്ചറിയുന്നു. ഞാൻ നിൻറെ ശരീരത്തെയല്ല, നിന്നെ (ദേഹിയെ ) സ്നേഹിക്കുന്നു. നിൻറെ ശരീരത്തിനുള്ളിലാണ് നീ ( ദേഹി ) ഉള്ളത്. എൻറെ വചനങ്ങൾ ഗ്രഹിക്കുവാൻ പരിശ്രമിക്കുക.
(ശരീരവും, ദേഹിയും, ആത്മാവും തമ്മിലുള്ള വിത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കണം എന്ന് യേശു ഉദ്ദേശിക്കുന്നു.)
നിൻറെ ദൈവമായ ഞാൻ നോക്കുന്നതുപോലെ, കാണുന്നതുപോലെ നിന്നെ (ദേഹിയെ) കാണുക.
(ദൈവസന്നിധിയിൽ ദേഹിയാണ് പ്രധാനപ്പെട്ടത്. മരണശേഷം ദേഹി സ്വർഗ്ഗത്തിലെത്തുന്നു. സ്ത്രീയോ പുരുഷനോ എന്ന വിത്യാസം കൂടാതെ ദേഹികൾ മാലാഖമാരെപ്പോലെയായിരിക്കും. യേശു നോക്കുന്നത് ദേഹിയെയാണ്, മറിച്ചു ദേഹിയെ സംവഹിക്കുന്ന ശരീരത്തെയല്ല. ഇപ്രകാരം അവിടുത്തെ തീരഞ്ഞെടുക്കപ്പെട്ടവരിൽ ദൈവം യാതൊരു വിത്യാസവും കാണുന്നില്ല.)
ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ പാദമുദ്രകളിലൂടെ നടക്കുക. വരൂ, നമ്മൾ, നമുക്ക്.
അതെ, കർത്താവേ.
26.03.1988. To love Me glorifies Me and Purifies you
എൻറെ ദൈവമേ,
അങ്ങയുടെ തിരുമുഖം നോക്കി ധ്യാനിക്കുന്നതിൽനിന്ന് എൻറെ കണ്ണുകളെ പിന്തിരിപ്പിക്കുവാൻ എനിക്കു കഴിയുന്നില്ല. അവസാനം ഇല്ലാത്ത ആരാധനയുടെ മണിക്കുറുകളായി എൻറെ ദൃഷ്ടി അങ്ങിൽത്തന്നെ പതിഞ്ഞിരിക്കുന്നു. പ്രിയപ്പെട്ട പിതാവേ, അങ്ങിൽനിന്ന് എൻറെ മനസ്സ് വേർപിരിയുന്നില്ല. ഓരോ നിമിഷവും ഭൂമിയിലും സ്വർഗ്ഗത്തിലും എൻറെ മനസ്സ് അങ്ങിലും അങ്ങയോടുകൂടിയും നിമഗ്നമായിരിക്കുന്നു.
ഞാൻ അങ്ങേയ്ക്കുവേണ്ടിയാണ് ജീവിക്കുന്നത്. ഞാൻ അങ്ങേയ്ക്കുവേണ്ടിയാണ് ശ്വസിക്കുന്നത്. എൻറെ ആനന്ദവും പുഞ്ചിരിയും അങ്ങാണ്. നിത്യമായി ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങിൽ പ്രത്യാശിക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു.
ദേഹീ, ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനം നിന്നോടുകൂടെ. എന്നെ ആരാധിക്കുക. അനുഗ്രഹീതയായിരിക്കുക. നിൻറെ ദൈവമായ എന്നെ നോക്കുക. എന്നെ പ്രസാദിപ്പിക്കുക! ഈ മണിക്കൂർ വരുന്നതിനുവേണ്ടി ഞാൻ തീക്ഷ്ണതയോടെ കാത്തിരിക്കുകയായിരുന്നു. നിന്നെ എൻറെ അടുക്കൽ എത്തിക്കുന്നതിനുവേണ്ടി ഞാൻ എത്രമാത്രം തീക്ഷ്ണമായി ആഗ്രഹിച്ചു!
കർത്താവേ, അങ്ങയുടെ നാമം സ്തുതിക്കപ്പെടട്ടെ.
എൻറെ തിരുഹൃദയത്തിനുള്ളിൽ ഞാൻ നിനക്കുവേണ്ടി ഒരു സ്ഥലം കരുതിവച്ചിട്ടുണ്ട്. നിൻറെ ഭവനം എൻറെ തിരുഹൃദയമാണ്. വരൂ, എൻറെ അടുക്കലേക്കു വരൂക.
(പത്തു വയസ്സ് പ്രായമായിരുന്നപ്പോൾ എനിക്കു കിട്ടിയ ഒരു ദർശനം യേശു എനിക്കു വീണ്ടും നൽകി. “വരൂ, എൻറെ അടുക്കലേക്കു വരു” എന്ന അന്നു കേട്ട വാക്കുകളും ഇപ്പോൾ യേശു ആവർത്തിച്ചു. പത്തുവയസ്സുള്ളപ്പോഴായിരുന്നു യേശു എന്നെ ആദ്യമായി വിളിച്ചത്.)
വരൂ, ഞാൻ നിന്നെ സ്നേഹിക്കുന്നു. വാസുലാ, എന്നെ മുറുകെ പിടിക്കുക; ഞാൻ നിന്നെ വഴിനയിക്കാം. ആരംഭം മുതൽത്തന്നെ നീ എൻറെതായിരുന്നു. മകളേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
കർത്താവേ, ഞാൻ അങ്ങയെ ഭോഷത്തത്തോളം സ്നേഹിക്കുന്നു.
നീ എന്നെ സ്നേഹിക്കുന്നത് എന്നെ മഹത്ത്വപ്പെടുത്തുകയും, നിന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എൻറെ പാദമുദ്രകളെ പിന്തുടരുക. അവ നിന്നെ നീ എവിടെയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അവിടേയ്ക്കു നയിക്കും.
നമുക്കു പ്രാർത്ഥിക്കാം:
“പരിശുദ്ധാത്മാവേ, ഞങ്ങളിലേക്ക് ഇറങ്ങിവന്ന് ഞങ്ങളെ നവീകരിക്കണമെ.
അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമെ. പീഡിതരായ ഞങ്ങളിൽ അങ്ങു വസിച്ച് ഞങ്ങൾക്കു സമാധാനം നൽകണമെ.
അങ്ങയുടെ ചിറകുകളാൽ ഞങ്ങളെ ആവരണം ചെയ്തുകൊണ്ട് എല്ലാ തിന്മകളിൽനിന്നും ഞങ്ങളെ സംരക്ഷിക്കണമെ. അങ്ങയുടെ അഭിലാഷങ്ങൾ ഗ്രഹിച്ച്, അവ പൂർത്തീകരിക്കുവാൻ ഞങ്ങൾക്കു കഴിയേണ്ടതിന് ഞങ്ങളെ വിനീതരാക്കുകയും, അങ്ങയുടെ പ്രകാശത്തിൽ നയിക്കുകയും ചെയ്യണമെ. ആമ്മേൻ.”
Notebook 23
29.03.1988 Your Apostasy is condemning you- for an indifferent soul
യേശുവേ, എൻറെ യേശുവേ, പ്രത്യക്ഷപ്പെടൽ എന്ന വാക്കിനെ പരിഹസിക്കുന്ന പുരോഹിതന്മാരോടു ഞാൻ എന്താണ് മറുപടി പറയേണ്ടത്?
ബിയാട്രിസും ഞാനും നിസ്സഹായരാണ്. പ്രത്യക്ഷപ്പെടൽ എന്ന വാക്കിനെക്കുറിച്ചു ഞങ്ങൾക്കു യാതൊരു അറിവുമില്ലതാനും.
“പ്രത്യക്ഷപ്പെടലുകളോ? സത്യം അന്വേഷിക്കുക; അല്ലാതെ പ്രത്യക്ഷപ്പെടലുകളെപ്പറ്റി അന്വേഷിക്കേണ്ടതില്ല.” എൻറെ സുഹൃത്തായ ബിയാട്രിസിനോട് ഒരു കത്തോലിക്കാ പുരോഹിൻ പറഞ്ഞ മറുപടിയായിരുന്നു ഇത്. അവൾക്കു യാതൊരു മറുപടിയും പറയുവാനില്ലായിരുന്നു; അതുപോലെ എനിക്കും ഒരു മറുപടി പറയുവാനില്ലായിരുന്നു. കർത്താവേ, ഞങ്ങൾ നിസ്സഹായാരാണ് !
പുഷ്പമേ, ഞാനാണ് സത്യമെന്നും, എൻറെ വചനമാണ് സത്യമെന്നും ഞാൻ നിനക്ക് ഉറപ്പുതരുന്നു. എന്നാൽ, എൻറെ സ്വന്തപ്പെട്ടവരിൽ അനേകർ എൻറെ വചനങ്ങൾ മറന്നുപോയിരിക്കുന്നു.
ഹൃദയം കഠിനമാക്കിയ അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു. ജോയേൽ പ്രവാചകൻറെ പുസ്തകം മൂന്നാം അദ്ധ്യായത്തിലും അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ രണ്ടാം അദ്ധ്യായത്തിലും ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മനുഷ്യരുടെമേലും എൻറെ ആത്മാവിനെ ഞാൻ വർഷിക്കും. എൻറെ മക്കൾ വീണ്ടും പ്രവചിക്കും. അനേകർക്കു ഞാൻ സ്വപ്നങ്ങളും ദർശനങ്ങളും നൽകും. അവരിലെ ഏറ്റവും ചെറിയവർക്കു പോലും ഞാൻ ദർശനങ്ങൾ നൽകും. ഞാൻ നിങ്ങൾക്കു പ്രത്യാശ നൽകും. ആകാശത്തിലും ഭൂമിയിലും അടയാളങ്ങൾ നൽകിക്കൊണ്ട് ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും. ഇതാണ് ഞാൻ ഇക്കാലത്ത് നൽകുന്ന അടയാളങ്ങൾ. ശിശുക്കളുടെ അധരങ്ങളിൽനിന്നു നിങ്ങൾ സത്യം കേൾക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്!
അതിനാൽ, എൻറെ ഇക്കാലത്തെ ദൈവീക പ്രവൃത്തികളെ നിന്ദിക്കുന്നവരോടു ഞാൻ ഇപ്രകാരം പറയുന്നു: നിങ്ങളുടെ വിശ്വാസത്യാഗം നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവിശ്വസിക്കുന്നവരും എൻറെ തോട്ടമായ സഭയെ നശിപ്പിക്കുന്നവരും എൻറെ അടുക്കലേക്കു മടങ്ങിവന്ന് പശ്ചാത്തപിക്കുവിൻ.
കുഞ്ഞേ, വരൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കെൻറെ സമാധാനം ഉണ്ടാകട്ടെ. എന്നിൽനിന്നു ഭക്ഷിക്കുക. എന്നെ മുറുകെപ്പിടിക്കുക. ഞാൻ നിൻറെ അരികെയുണ്ട്.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. കർത്താവിന് സ്തുതി.
എൻറെ പ്രബോധനങ്ങൾ ഗ്രഹിച്ച്, അവ ശ്രദ്ധാപൂർവ്വം പാലിക്കുവിൻ. കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എവിടെ ആയിരുന്നാലും അവിടെ ഞാൻ സന്നിഹിതനാണ്. അതിനാൽ എന്നെ നോക്കുമ്പോൾ പുഞ്ചിരിക്കുക. ഹൃദയലാളിത്യം ഉള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടെതാണ്.
നീതി വിജയം വരിക്കും; സത്യസന്ധത നിറഞ്ഞ ലാളിത്യത്താൽ എൻറെ സഭ നവീകരിക്കപ്പെടും.
കുഞ്ഞേ, എൻറെ ദൈവവചനങ്ങൾ നിന്നിൽ മുദ്രണം ചെയ്യുവാൻ എന്നെ അനുവദിക്കുക. ഞാൻ നിന്നെ നിരാശപ്പെടുത്തുകയില്ല. നീ എൻറെ തിരുഹൃദയത്തിൽ വിശ്രമിക്കുക; നിൻറെ കർത്താവു നിൻറെ ഹൃദയത്തിലും വിശ്രമിക്കട്ടെ.
യേശുവേ, അങ്ങയുടെ അഭീഷ്ടം പ്രവർത്തിക്കുവാനുള്ള ശക്തിയും, വിശ്വാസവും, സ്നേഹവും എനിക്കു നൽകണമെ. അങ്ങയെ അനുസരിക്കുവാനും, സ്വയം വിനീതയായി ജീവിക്കുവാനും എന്നെ പഠിപ്പിക്കണമെ. എന്നെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാനും, തിന്മയ്ക്കു പകരം സ്നേഹം നൽകുവാനും എന്നെ പഠിപ്പിക്കണമെ.
വാസുലാ, ഞാൻ നിന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതെ, എന്നെ നോക്കി പുഞ്ചിരിക്കുക.
( ഞാൻ യേശുവിനെ നോക്കി പുഞ്ചിരിച്ചിരുന്നു.)
എൻറെ സാന്നിദ്ധ്യത്തിൽ വിശ്വസിക്കുക. എന്നോടു വിശ്വസ്തയായിരിക്കുക. എൻറെ പ്രതിബിംബമായിത്തീരുക. അതെ, വാസുലാ, എൻറെ ശരീരത്തിൽ വേദനയുണ്ട്. എൻറെ തിരുഹൃദയത്തിൻറെ മദ്ധ്യത്തിൽ തന്നെയാണ് കുന്തമുന കയറിയിരിക്കുന്നത്.
എവിടെയാണ് കർത്താവേ!
എൻറെ സഭയുടെ ഉള്ളിൽ, അതി വിശുദ്ധ സ്ഥലത്തുതന്നെയാണത് . എൻറെ തിരുഹൃദയത്തിൽനിന്നു രക്തം വാർന്നൊഴുകുന്നു. എൻറെ അതികഠിനമായ വേദനയിൽ അവർക്കു മുന്നറിയിപ്പു നൽകുവാൻ ഞാൻ തുനിഞ്ഞു.
മകളേ, ഉണരുക! സഭയ്ക്കു നിന്നെ അത്യാവശ്യമുണ്ട്. വിശ്വാസത്യാഗവും, അധാർമ്മികതയും മൂലമുള്ള അന്ധകാരത്തിലാണ് എൻറെ സഭ ഇപ്പോൾ കഴിയുന്നത്. സഭാധികരികളുടെ പാപങ്ങൾമൂലം എൻറെ ആടുകൾ ചിതറിക്കപ്പെട്ടിരിക്കുന്നു.
പത്രോസേ!
(യേശു പത്രോസ് എന്ന് നീട്ടിവിളിക്കുകയാണ്. പത്രോസ് മാർപ്പാപ്പയുടെ പ്രതീകമായിട്ടാണ് യേശു ഉപയോഗിക്കുന്നത്.)
അല്ലയോ പത്രോസേ, ഞാൻ എൻറെ കുരിശിൽനിന്നു നിലവിളിക്കുകയാണ്. ഞാൻ നിൻറെ അടുക്കലേക്കു വരുന്നത് നീ എന്നോടു വിശ്വസ്തനായിരുന്നതുകൊണ്ടാണ്.
(തീവ്രമായ വേദനയാൽ ഞരങ്ങി സംസാരിക്കുന്നതുപോലെയാണ് യേശു ഇപ്പോൾ പറയുന്നത്.)
പത്രോസേ, എൻറെ തിരുഹൃദയത്തിലേക്കു നോക്കുക. പ്രിയപ്പെട്ടവനേ, എൻറെ നിലവിളി കേൾക്കുക. ആ കായേൻമാരിൽ ഞാൻ തെല്ലും സ്നേഹവും വിശുദ്ധിയും കാണുന്നില്ല. അവർ അനേകരാണ്. അവർ എൻറെ ഭവനമായ സഭയെ നിർജ്ജനമാക്കിയിരിക്കുന്നു. അവരുടെ കരങ്ങളിൽ യാതൊന്നുമില്ലാതിരിക്കെ, എൻറെ ആടുകൾ എന്തു ഭക്ഷിക്കും? എൻറെ സഭയെ അവർ ഒരു മരുഭൂമിയാക്കി മാറ്റിയതിനാൽ, എൻറെ ആടുകൾക്കു കൊടുക്കുവാൻ അവരുടെ കൈവശം യാതൊന്നുമില്ല.
പത്രോസേ, നീ പ്രാർത്ഥിക്കുക. മരുഭൂമിയായി മാറിയ എൻറെ സഭയെ നിനക്കു കാണുവാൻ കഴിയേണ്ടതിന് ഞാൻ നിന്നെ എടുത്തുയർത്തും. എൻറെ തിരുഹൃദയത്തിലെ മുറിവിനുള്ളിലേയ്ക്കു പ്രവേശിക്കുവാൻ ഞാൻ നിന്നെ അനുവദിക്കും. എൻറെ തിരുഹൃദയത്തിൽ തുളച്ചുകയറിയിരിക്കുന്ന കുന്തമുന കാണുവാൻ ഞാൻ നിന്നെ അനുവദിക്കും. അതു കാണുമ്പോൾ തീവ്രവേദനയാൽ നീ നിലവിളിക്കും. ആ കുന്തമുന എൻറെ തിരുഹൃദയത്തിൽനിന്നു വലിച്ചൂരി പുറത്തെടുക്കുവാനുള്ള ശക്തിയും ധൈര്യവും ഞാൻ നിനക്കു നൽകും.
(ഇന്നത്തേയ്ക്കുള്ള സന്ദേശം അവസാനിച്ചെന്നു കരുതി ഞാൻ എഴുന്നേറ്റു. പിന്നീട് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ദൈവത്തിനുള്ള അതിദാരുണമായ വേദനയും ദുഃഖവും എനിക്കു എൻറെ ശരീരത്തിൽ അനുഭവപ്പെട്ടു. ഞാൻ ദൈവത്തിൻറെ നിലവിളി കേട്ടു. എൻറെ കണ്ണുകളും നിറഞ്ഞു. യേശു അത്യധികം വേദന സഹിക്കുകയാണ്. യേശുവിൻറെ ദുഃഖം കണ്ട് ഞാനും കരഞ്ഞു.)
വാസുലാ, ഇരുട്ടിൽ സഞ്ചരിക്കുന്ന വ്യക്തികളെക്കുറിച്ചും, തെറ്റുകുറ്റങ്ങൾ നിറഞ്ഞ വ്യക്തികളെക്കുറിച്ചുള്ള എൻറെ മനോവ്യഥ എൻറെ തിരുഹൃദയത്തിനു വലിയ ദുഃഖം വരുത്തുന്നു. എൻറെ വാസുലാ, ഞാൻ അവളുടെ വാതിലിനു വെളിയിൽനിന്നുകൊണ്ട് മുട്ടിവിളിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അവൾ വാതിൽ തുറക്കുവാൻ വിസമ്മതിക്കുന്നു.
അവളുടെ ദൈനംദിന പ്രവർത്തികളുടെ മദ്ധ്യേ എനിക്കുവേണ്ടി അല്പം സമയം കണ്ടെത്തുവാൻ അവൾക്കു കഴിയുന്നില്ല. അവൾ (ദേഹി) കൂടുതൽ അന്ധകാരത്തിലേക്കു നിപതിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ അവൾക്കു ബുദ്ധിയും ഗ്രഹണശേഷിയും നൽകിയിട്ടുണ്ടെങ്കിലും, ഞാൻ അവളുടെ ഉള്ളിൽ പ്രവേശിക്കുവാൻ അവൾ വിസമ്മതിക്കുന്നതിനാൽ, ജീവിതത്തിൽ അവൾക്കു മാറ്റം വരുത്താനാവുന്നില്ല. ഞാൻ അവളിൽനിന്ന് യാതൊന്നും ആവശ്യപ്പെടുന്നില്ല. ഒരല്പം അംഗീകാരവും, ഒരല്പം സ്നേഹവുമാണ് ഞാൻ അവളോടു ചോദിക്കുന്നത്. നിനക്കു മനസ്സിലാകുന്നുണ്ടോ വാസുലാ?
( വളരെ ദുഃഖത്തിലാണ് യേശു സംസാരിക്കുന്നത്.)
വളരെ സന്തോഷത്തോടെയാണ് ഞാൻ അവളെ സൃഷ്ടിച്ചത്. അവൾ എന്നെ പുറത്തുനിർത്തിയതിനാൽ അവൾ ഇതൊക്കെ അറിയുമോ? അതെ, വാസുലാ, എന്നെ സ്നേഹിക്കുക. എന്നെ നീ സമാശ്വസിപ്പിക്കുക. എന്നോടു യാതൊരു സ്നേഹവുമില്ലാത്തവരുടെ കുറവു പരിഹരിക്കുക.
(ഏതാനും ദിവസത്തേയ്ക്കു ഞങ്ങളുടെ വീട്ടിൽ താമസിക്കുവനായിട്ടു വന്ന അതിഥിയായ ഞങ്ങളുടെ ഒരു ബന്ധുവിനെക്കുറിച്ചാണ് യേശു ഇവിടെ സംസാരിച്ചത്.
ഈ ദൈവീക സന്ദേശങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ അവൾ, ജിജ്ഞാസയാൽ നോടുബുക്കുകളിലെഴുതിയ സന്ദേശം വായിക്കുവാനായി ചോദിച്ചു. 1987 ഒക്ടോബർ മാസത്തിൽ ലഭിച്ച ഏതാനും സന്ദേശങ്ങൾ അവൾ വായിച്ചു.
താത്പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന ഒരു വായ്ക്കോട്ട വിട്ടുകൊണ്ട് അവൾ ഇപ്രകാരം പറഞ്ഞു: “ റിട്ടയർ ചെയ്തതിനുശേഷം എൻറെ റോസാ പൂന്തോട്ടവും, ആത്മീയ ജീവിതവും പരിപാലിക്കാമെന്നു ഞാൻ വിചാരിക്കുന്നു.”
ഞാൻ ദൈത്തിൻറെ സന്ദേശം എഴുതിയെടുക്കുന്നത് നോക്കിക്കാണുവാനുള്ള അനുവാദം അവൾ ചോദിച്ചു. ദൈവീക സന്ദേശം സ്വീകരിക്കുന്ന പ്രതിഭാസം നോക്കിക്കാണുക എന്ന ജിജ്ഞാസയെ തൃപതിപ്പെടുത്തുവാനാണ് അവൾ ഇങ്ങനെ ചോദിച്ചത്. അവളുടെ അഭ്യർത്ഥന ഞാൻ നിരസിച്ചു. ദൈവം പ്രത്യേകമായി വിളിക്കുന്നവരൊഴികെ മറ്റാരും ഈ സന്ദേശം എഴുതിയെടുക്കുന്നത് കാണുന്നില്ല. രണ്ടു തവണ മാത്രമേ മറ്റുള്ളവർ ഞാൻ സന്ദേശം സ്വീകരിക്കുന്നതു കണ്ടിട്ടുള്ളൂ. ഒരിക്കൽ ഒരു പ്രത്യേക സാഹചര്യത്തിൽ. മറ്റേത് , ഡാക്കയിലെ കത്തോലിക്കാ കരിസ്മാറ്റിക് സെൻററിൽവെച്ചും. അതു പരിശുദ്ധമായ ഒരു സാഹചര്യമായിരുന്നു. ജിജ്ഞാസയാൽ അവഹേളിക്കപ്പെടുന്നില്ല.)
30.03.1988 I have formed you with Tenderness and Love
(ഈ ദൈവീക സന്ദേശങ്ങൾ വെറും പ്രയോജനരഹിതമാണെന്നും, സന്ദേശം എഴുതിയെടുക്കൽ ഞാൻ അവസാനിപ്പിക്കണമെന്നും എന്നെ ബോദ്ധ്യപ്പെടുത്തുവാൻ നിരാശനായ സാത്താൻ ഇന്നു കിണഞ്ഞു പരിശ്രമിച്ചു. എൻറെ ബലഹീനത എന്നെ വളരെ താഴ്ചയിലേക്കു വലിച്ചുകൊണ്ടുപോയതിനാൽ എനിക്ക് ഒരു ഉറപ്പ് ആവശ്യമായിരുന്നു. എൻറെ ബലഹീനത മനസ്സിലാക്കുന്ന ദൈവം അവസാനം ക്ഷമകെട്ട്, എന്നെ മടുത്ത് ഉപേക്ഷിക്കുമെന്നു ഞാൻ ഭയപ്പെട്ടു.)
പുഷ്പമേ, എന്നെ ഭയപ്പെടെണ്ടാ. ഞാൻ നിന്നെ ദ്രോഹിക്കുകയോ തള്ളിക്കളയുകയോ ഇല്ല. നിന്നെ തള്ളിക്കളയുവാനോ, നിന്നോടു കോപിക്കുവാനോ, നിന്നെ ദ്രോഹിക്കുവാനോ അല്ല ഞാൻ നിന്നെ എൻറെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നത്.
വാത്സല്യത്താലും സ്നേഹത്താലുമാണ് ഞാൻ നിന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. സ്നേഹപൂർവ്വം ഞാൻ നിന്നെ വഴിനയിച്ചു. സ്നേഹത്താൽ ഞാൻ നിന്നെ പോഷിപ്പിച്ചു. വളരെ കരുതലോടെ ശ്രദ്ധാപൂർവ്വമാണ് ഞാൻ നിന്നോടു വർത്തിച്ചത്. എന്നെ ഭയപ്പെടരുത്. വരൂ, ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണെന്ന് ഗ്രഹിക്കുക. ദേഹീ, നിനക്കു സമാധാനം ഉണ്ടാകട്ടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു.
കർത്താവേ എന്നോടുള്ള അങ്ങയുടെ ക്ഷമയെ പ്രതിയും, എന്നെ രക്ഷിക്കുവാൻ ഓടിവന്നതിനെ പ്രതിയും ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. കർത്താവേ, ഞാൻ അങ്ങയെ വാഴ്ത്തുന്നു.
31.03.1988 My Church Needs Vivification
വാസുലാ, കർത്താവായ ഞാനാണ് നിനക്കു സന്ദേശം നൽകുന്നതെന്ന് നീ ഒരിക്കലും സംശയിക്കരുത്. ഭയപ്പെടരുത്; യേശുവായ ഞാനാണ് നിന്നോടു സംസാരിക്കുന്നത്.
( ഞാൻ പരിഭ്രമിച്ചിരുന്നു. ഈ സന്ദേശങ്ങളെല്ലാം ഒരുപക്ഷേ ദൈവത്തിൽനിന്നല്ലായിരിക്കാം എന്നു ഞാൻ ഭയപ്പെട്ടുപോയി. എന്നാൽ പിന്നെ ഇതെല്ലാം എങ്ങനെ എഴുതപ്പെട്ടു? എനിക്ക് ആശയക്കുഴപ്പമുണ്ടായി)
വാസുലാ, മൃതരിൽനിന്നു നിന്നെ ഉയിർപ്പിച്ച, നിന്നെ രക്ഷിച്ച നിൻറെ രക്ഷകനായ യേശുവാണ് ഞാൻ. വരൂ, ഭയപ്പെടരുത്.
എൻറെ സഭയെ ഉദ്ധരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. തെറ്റായ പഠനങ്ങൾ സഭയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ട്. അതിൻറെ സ്വാധീനത്താൽ അനേകർക്ക് സത്യത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നു. തന്മൂലം നിങ്ങളടെ ഇടയിൽ ഭിന്നതകൾ ഉളവായി; നിങ്ങൾ സത്യത്തിൽനിന്നു വ്യതിചലിക്കുവാനിടയായി.
എൻറെ സഭയ്ക്ക് ഇപ്പോൾ ഒരു നവീകരണം അത്യാവശ്യമായിരിക്കുന്നു. എൻറെ ആടുകൾക്കു പോഷണം നൽകുവാൻ യാതൊന്നും കൈവശമില്ലാത്ത വൈദികർക്കും, മെത്രാന്മാർക്കും, കർഡിനാൾമാർക്കും വേണ്ടി പ്രാർത്ഥിക്കുക. സത്യത്തിൽനിന്ന് അവർ വ്യതിചലിച്ചതിൻറെ ഫലമാണിത്. എൻറെ താത്പര്യങ്ങൾ അന്വേഷിക്കാതെ, സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്ന അവർ നിർജ്ജീവരായിരിക്കുന്നു; ഇപ്പോഴും നിർജ്ജീവരാണ്.
അവരുടെ ഉള്ളിൽ അവർ ഒരു മരുഭൂമി സൃഷ്ടിച്ചിരിക്കുന്നു. അതിനെക്കുറിച്ച് അവർക്കറിയാം. ഒരു ആടും മരുഭൂമിയിലേക്ക് ആകർഷിക്കപ്പെടുന്നില്ല. സ്വാഭാവികമായി ആടുകൾ വഴിതെറ്റി അലയും; കാരണം അവയെ സംരക്ഷിക്കുവാനും, സ്നേഹിക്കുവാനും, ഭക്ഷണം നൽകി പോഷിപ്പിക്കുവാനും ഇടയനില്ലല്ലോ.
കാലത്തിൻറെ ആരംഭം മുതൽത്തന്നെ, ഞാൻ ഈ ലോകത്തിന് അനേകം അത്ഭുതങ്ങൾ കാണിച്ചുകൊടുത്തിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ലോകം എൻറെ സ്വർഗ്ഗീയ പ്രവൃത്തികളെ തിരസ്ക്കരിക്കുന്നതിനാൽ, നിങ്ങളിൽനിന്ന് എല്ലാ പ്രതീക്ഷകളും എടുത്തുകളയുന്നതിനാൽ, നിങ്ങളെ എന്നിൽനിന്ന് അകറ്റിനിർത്തുന്നതിനാൽ എൻറെ ക്രോധം ഈ ഇടയന്മാർക്കെതിരെ ജ്വലിക്കും.
എൻറെ മഹത്ത്വം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുവാനുള്ള സമയം അടുത്തെത്തിയിരിക്കുന്നു. അതൊരൂ മഹിമയാർന്ന അടയാളമായിരിക്കും. ഈ മഹിമയാർന്ന അടയാളം കാണുമ്പോൾ അവർക്കു മനസ്സിലാകും അവർക്ക് എത്രമാത്രം തെറ്റുപറ്റിയിരിക്കുന്നെന്ന്. അനേകർ വിശ്വസിക്കേണ്ടതിന് ഈ അടയാളം നിനക്കു നൽകപ്പെടും. ആ സമയം അടുത്തത്തിയിരിക്കുന്നതിനാൽ പ്രാർത്ഥിക്കുക. സമാധാനത്തിൻറെയും സ്നേഹത്തിൻറെയും മഹത്തായ മടങ്ങിവരവിനുവേണ്ടി പ്രാർത്ഥിക്കുക.
05.04.1988 You have neglected My Garden
ദൈവത്തിനു മഹത്ത്വം ഉണ്ടാകട്ടെ. നീ യേശുവിനോടൊപ്പം പ്രവർത്തിക്കുമോ?
ഉവ്വ്, പരിശുദ്ധ മറിയമേ. എൻറെ വിശ്വാസവും പ്രത്യാശയും സ്നേഹവും വർദ്ധിപ്പിച്ചുകൊണ്ട് യേശുവിനെ അനുസരിക്കുവാൻ എന്നെ പഠിപ്പിക്കണമെ.
ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം. കുഞ്ഞേ, അനുസരിക്കുവാൻ പരിശ്രമിക്കുക. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. ജ്ഞാനം നിന്നെ പഠിപ്പിക്കും. സർവ്വവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുക. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല. ഇതാ, യേശു ഇവിടെയുണ്ട്.
(യേശു എൻറെ വലത്തുവശത്തു നിൽക്കുകയായിരുന്നു. അവിടുത്തെ കാൽ എൻറെ കാലിനോടു ബന്ധിച്ചിട്ടുള്ളത് അവിടുന്ന് എന്നെ കാണിച്ചുതന്നു.)
ഈ ബന്ധം നിത്യമാണെന്ന കാര്യം ഓർക്കണം. ഞാൻ എപ്പോഴും നിൻറെ അരികെയുണ്ട്. വരൂ, മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുക. എൻറെ പീഢാസഹനത്തെക്കുറിച്ചും കുരിശുമരണത്തെക്കുറിച്ചും നീ ധ്യാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏപ്രിൽ മാസം ഈ ആഴ്ചയിലായിരുന്നു ഞാൻ ക്രൂശിക്കപ്പെട്ടത്. ഇക്കാര്യത്തിൽ ഒരിക്കലും സംശയിക്കരുത്.
എൻറെ മീറയേ, എൻറെ സഭയെ അലങ്കരിക്കുക. ഞാൻ നിനക്കു നൽകിയിട്ടുള്ള കൃപാദാനം ആരും നിന്നിൽനിന്നു എടുത്തുകളയാതിരിക്കട്ടെ. നിൻറെ വിളക്കിൽ എണ്ണയില്ലാതിരിക്കുവാൻ ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല. ഞാൻ എപ്പോഴും നിൻറെ വിളക്കിൽ എണ്ണ നിറയ്ക്കുന്നതാണ്. സഭയ്ക്കു നിന്നെ അത്യാവശ്യമുണ്ട്. എൻറെ ഭവനമായ സഭ ഇപ്പോൾ നാശാവസ്ഥയിലാണ്.
വാസുലാ, എൻറെ ഈ പുരാതന അടിത്തറയായ സഭയുടെ ഭിത്തികൾ പുതുക്കിപ്പണിതുകൊണ്ട് നീ അതു പുനർനിർമ്മിക്കണം. അതിൻറെ അതിവിശുദ്ധ സ്ഥലം നവീകരിക്കണം. ഞാൻ കർത്താവാണ്; എൻറെ ശക്തിയാൽ നീ ഈ പുരാതന നാശാവിശിഷ്ടങ്ങളിൽ നിന്ന്, എൻറെ പഴയ അടിസ്ഥാനം പണിതുയർത്തി അലങ്കരിക്കും.
അതിൻറെ ഭിത്തികൾ പുതുക്കിപ്പണിയുക. മൃതരായി കഴിഞ്ഞുകൂടുന്ന എല്ലാവരെയും ഞാൻ ജീവനിലേക്കു തിരികെ വിളിക്കും. ആ മൃതരെ ഞാൻ വിളിച്ചുണർത്തും; അവരെ ജീവനിലേക്കു മടക്കിക്കൊണ്ടുവരും. ഇതായിരിക്കും മഹത്തായ മടങ്ങിവരവ്; ജീവനിലേക്കുള്ള മഹത്തായ തിരിച്ചുവരവ്. എന്തെന്നാൽ, എൻറെ തേജസ്സുള്ള മഞ്ഞ് സൃഷ്ടികളായ നിങ്ങളെ അലങ്കരിക്കും! ഞാൻ എൻറെ രാജ്യം വിസ്തൃതമാക്കും; സ്വർഗ്ഗം മുഴുവനും ആനന്ദിക്കുകയും ചെയ്യും.
എൻറെ പൂന്തോട്ടമായ സഭയെ നിങ്ങൾ അവഗണിച്ചു. എന്നാൽ, അതിൻറെ സംരക്ഷകനായ, കർത്താവായ ഞാൻ, നിങ്ങളെ അനന്തമായി സ്നേഹിക്കുന്നതിനാൽ, പൂന്തോട്ടത്തിൽ അവശേഷിച്ചിരിക്കുന്ന ഏതാനും പുഷ്പങ്ങളെ, മുള്ളുകളും ഞെരിഞ്ഞിലുകളും ഞെരുക്കിനശിപ്പിക്കുന്നത് കണ്ടു സഹിക്കുകയില്ല. എൻറെ പൂച്ചെടികളെ പരിപാലിച്ച്, അവയെ പുഷ്പിക്കുവാൻ സഹായിക്കുന്നതിനും, എൻറെ തോട്ടത്തെ മോടിപിടിപ്പിക്കുന്നതിനും വേണ്ടി, തോട്ടത്തിലുള്ള മുള്ളുകളും ഞെരിഞ്ഞിലുകളും പിഴുതുകളഞ്ഞ് , തോട്ടം വൃത്തിയാക്കുവാനുള്ള സമയം വന്നെത്തിയിരിക്കുന്നു.
നീതി വിജയം വരിക്കും. എന്നോടു സമാധാനം സ്ഥാപിക്കുവാൻ കർത്താവായ ഞാൻ അവരെ ഇടയാക്കും. ആത്മാർത്ഥതയുള്ളവർ പശ്ചാത്തപിച്ചുകൊണ്ട് എൻറെ അടുക്കലേക്കു മടങ്ങിയെത്തും.
എന്നെ അന്വേഷിക്കുന്നവരും, സത്യസന്ധമായ എൻറെ മാർഗ്ഗങ്ങൾ അറിയുവാൻ തീക്ഷ്ണമായി ആഗ്രഹിക്കുന്നവരും വരുക; എൻറെ കുരിശിൽനിന്നുള്ള എൻറെ നിലവിളി നിങ്ങൾ കേൾക്കും. എനിക്കു വേണ്ടത് സ്നേഹം, സ്നേഹം, സ്നേഹം മാത്രമാണ്. സൃഷ്ടികളെ, നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക; ഞാൻ നിങ്ങളെ സൗഖ്യമാക്കി, സമാശ്വസിപ്പിക്കാം.
പത്രോസേ, എല്ലാ ജനതകളെയും ഒന്നിച്ചുകൂട്ടുക. എൻറെ തിരുഹൃദയത്തിലേക്ക് അവരെ ആകർഷിക്കുക. എൻറെ കുരിശിൽ നിന്നാണ് ഞാൻ വിളിക്കുന്നത്. പത്രോസേ, എൻറെ എല്ലാ ആടുകൾക്കും തീറ്റകൊടുക്കുക.
പത്രോസേ, ഞാൻ നിന്നോടു വീണ്ടും ചോദിക്കുന്നു: ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ? ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നെങ്കിൽ, നിന്നെ തെറ്റിദ്ധരിപ്പിക്കുവാൻ കായേൻമാരെ അനുവദിക്കരുത്. അചഞ്ചലമായി നിലകൊള്ളുക. തങ്ങൾക്ക് ഇഷ്ടമുള്ളവിധം ഓരോ വിശ്വാസിയോടും ഇടപെടുന്നതിനു വേണ്ടി, തങ്ങൾക്കു ശരിയെന്നു തോന്നുന്ന നിയമങ്ങൾ അംഗീകരിപ്പിക്കുന്നതിനുവേണ്ടി അവർ നിന്നോടു അപേക്ഷിക്കും. ഈ നിയമങ്ങളെല്ലാം മനുഷ്യരിൽനിന്നു വരുന്നതാണ്. അവരുടെ വാക്കുകൾക്ക് വഴങ്ങരുത്. കർത്താവായ ഞാൻ എങ്ങനെയുള്ളവനാണെന്ന് ഓർക്കണം . ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്. എൻറെ പ്രതിബിംബമായിത്തീരുക.
ഞാൻ അവരുടെ പക്കലേക്കു വരണമെന്ന് അവർ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവർ എൻറെ സ്വരം ശ്രവിക്കാത്തത്? ഞാൻ അവരുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുന്നു; എന്തുകൊണ്ടാണ് അവർ എൻറെ വിളി കേൾക്കുവാൻ വിസമ്മതിക്കുന്നത്?
അവർ എന്നെ തീക്ഷ്ണമായി ആഗ്രഹിക്കുകയും, എന്നാൽ എന്നെ കേൾക്കുവാൻ വിസമ്മതിക്കുകയും ചെയ്യുന്നെങ്കിൽ, അതിനുകാരണം അവരുടെ വിശ്വാസരാഹിത്യം വളർന്ന് ചെളിക്കട്ടപോലെയായിത്തീർന്നതുകൊണ്ടാണ്.
അവരുടെ ഹൃദയങ്ങൾ എനിക്കു തുറന്നുതരുന്നത് കാത്തിരുന്നുകൊണ്ട് ഞാൻ ഇതാ ഇവിടെയുണ്ട്. എന്നാൽ, അവർ എന്നെ തള്ളിമാറ്റിക്കൊണ്ട്, എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ കണ്ണുകൾ ഉയർത്തി നോക്കുക; നിങ്ങളുടെ രക്ഷകനായ എന്നെ നിങ്ങൾ കാണും. എന്നെ തിരിച്ചറിയുക! എൻറെ ദൈവീക പ്രവൃത്തികളെ ചവുട്ടിമെതിക്കരുത് ; എൻറെ മക്കൾക്കു നിങ്ങൾ സമാധാനം കൊടുക്കാത്തതിനാൽ അവരാരും നിങ്ങളെയോ നിങ്ങളുടെ പാരബര്യങ്ങളെയോ പിന്തുടരുന്നില്ല.
അവർക്ക് എൻറെ സമാധാനം കൊടുക്കുക. എന്നെ തങ്ങളിലൂടെ വെളിപ്പെടുത്തുവാൻ വേണ്ടി ഞാൻ ഉപയോഗിക്കുന്ന ദുർബലരായ ഉപകരങ്ങളെക്കണ്ട് ആശ്ചര്യപ്പെടേണ്ടാ. ഞാൻ ദൈവമാണ്; എനിക്ക് ഇഷ്ടമുള്ളവരെ ഞാൻ തിരഞ്ഞെടുക്കും.
മകളേ, എന്നിൽ ആശ്രയിക്കുക. എന്നിൽ വിശ്വാസമർപ്പിക്കുക. നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
വരൂ.
07.04.1988 My Blood was shed in Rivers for you. Share My Cup
യേശുവേ?
ഞാനാണ്.
വാസുലാ, നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. നിന്നെ ഇത്രയും ദൂരെനിന്നു ഞാൻ കൊണ്ടുവന്നത് നിന്നെ ഉപേക്ഷിക്കുവാനല്ലെന്നു തിരിച്ചറിയുക.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. കർത്താവായ ഞാൻ മനുഷ്യരെ അന്വേഷിക്കുന്നത് അവരെ സൗഖ്യപ്പെടുത്തി രക്ഷിക്കുവാനാണ്.
അല്ലയോ ദേഹി,
(ഈ സന്ദേശം വായിക്കുന്ന ഓരോ വ്യക്തിയോടും യേശു പറയുകയാണ്.)
പ്രിയപ്പെട്ട ദേഹി, നിൻറെ രക്ഷകനായ ഞാൻ നിൻറെ അടുക്കൽ വന്നത് നിന്നെ സൗഖ്യമാക്കുവാനാണ്. കർത്താവായ ഞാനാണ് നിൻറെ വാതിൽക്കൽ വന്നു മുട്ടിക്കൊണ്ടിരുന്നത്. അല്ലയോ പ്രിയപ്പെട്ട ദേഹി, ഞാൻ നിന്നെ എൻറെ അടുക്കൽ എത്തിച്ചിരിക്കുന്നു. വരൂ, ഞാൻ നിന്നെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
( പോഷിപ്പിച്ചുകൊണ്ടിരിക്കുക എന്നതിന് ഈ സന്ദേശങ്ങളിലൂടെ സംസാരിക്കുന്നു എന്ന അർത്ഥമാണുള്ളത്. )
എന്നെ സമീപിക്കുക. ഞാൻ നിന്നെ അലങ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. നിൻറെ എല്ലാ മുറിവുകളും ഞാൻ സൗഖ്യമാക്കും. എൻറെ കുഞ്ഞേ, ഞാൻ നിന്നെ പുനരുദ്ധരിക്കും. ദേഹി, നിന്നെ അന്വേഷിച്ച് ഞാനാണ് നിൻറെ അടുക്കലേക്കു വന്നത്. വരൂ, ഞാൻ നിന്നെ ആശ്വസിപ്പിക്കാം. വന്ന്, എന്നിൽ വിശ്രമിക്കുക. എൻറെ അടുക്കലേക്കു വന്ന് എന്നെ ഭക്ഷിക്കുക. എൻറെ അടുക്കലേക്കു വന്ന് എന്നെ പാനം ചെയ്യുക.
നിൻറെ രക്ഷകൻറെ വിളി കേൾക്കുക; ദേഹി, നീ ജീവിക്കും. പ്രിയപ്പെട്ട ദേഹി, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കു വേണ്ടിയാണ്, നിൻറെ രക്ഷയ്ക്കുവേണ്ടിയാണ് നദിപോലെ എൻറെ രക്തം ചിന്തപ്പെട്ടത്.
ദേഹി, വന്ന് എൻറെ മേലങ്കി എന്നോടൊപ്പം പങ്കുവയ്ക്കുക. ഞാൻ നിനക്കു സംരക്ഷണം നല്‍കാം. ഞാനായിരിക്കും നിൻറെ അഭയകേന്ദ്രം. ഞാൻ യേശുവാണ്. യേശു എന്ന പേരിനർത്ഥം രക്ഷകൻ എന്നാണ്.
( ഈ സന്ദേശം വായിക്കുന്ന വ്യക്തിയോടാണ് ദേഹി എന്നു വിളിച്ച് യേശു സംസാരിക്കുന്നത്. അവിടുത്തെ സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സന്ദേശം നീ വായിക്കുന്നത് ഒരു യാദൃഛിക സംഭവമായി കരുതരുത്. യേശുവാണ് നിന്നെ അന്വേഷിച്ച്, നിന്നെ കണ്ടെത്തി, നിൻറെ അടുക്കൽ ഈ സന്ദേശം കൊണ്ടുവന്ന് നിനക്കു വായിക്കുവാൻ നൽകിയത്.)
നീ ചെയ്യുന്നതുപോലെ എൻറെ സന്ദേശത്തിൻറെ കോപ്പികൾ എടുത്തു പ്രചരിപ്പിച്ചുകൊണ്ട് എൻറെ രാജ്യം വിസ്തൃതമാക്കുക. എൻറെ രാജ്യം വിപുലമാക്കിക്കൊണ്ട് എൻറെ പ്രവൃത്തികളെ സ്ഥാപിച്ചുറപ്പിക്കുന്നത് ഞാൻ തന്നെയായിരിക്കും. എപ്പോഴും ഞാൻ ലക്ഷ്യം സാധ്യമാക്കുന്നുണ്ടെന്ന് ഓർക്കുക. നിൻറെ രക്ഷകനെ നോക്കി പുഞ്ചിരിക്കുക. എന്നെ മഹത്ത്വപ്പെടുത്തുക.
(ഞാൻ തിരിഞ്ഞ് നിന്ന് യേശുവിനെ മഹത്ത്വപ്പെടുത്തി.)
യേശു ക്രിസ്തുവേ, ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു . ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.
ഞാനും നിന്നെ അനുഗ്രഹിക്കുന്നു. ഇന്നു രാത്രി എന്നോടു താദാത്മ്യപ്പെടുക. എൻറെ ശിഷ്യന്മാരാൽ ഞാൻ പരിത്യജിക്കപ്പെട്ടു; അവരിലൊരാൾ എന്നെ ഒറ്റിക്കൊടുക്കുകയും ചെയ്തു. ഗത്സെമെനിൽ ഞാൻ അനുഭവിച്ച മനോവ്യഥയിൽ നീയും എന്നോടൊപ്പം പങ്കുചേരുക. എന്നെ നീ പരിത്യജിക്കരുത്.
കർത്താവേ, ഞാൻ അങ്ങയെ പരിത്യജിക്കുകയില്ല.
എപ്പോഴും എന്നെ നിൻറെ മനസ്സിൽ ധ്യാനിക്കുക. അപ്രകാരം എന്നെ സമാശ്വസിപ്പിക്കുക. വാസുലാ, നി എന്നെ പരിത്യജിക്കുകയില്ലെന്ന് എനിക്ക് ഉറപ്പുതരുക. എൻറെ കഠിന വേദനയിൽ പങ്കുചേരുക. എൻറെ പാനപാത്രത്തിൽ പങ്കുചേരുക. അവസാനംവരെ എന്നോടൊത്തായിരിക്കുക. എൻറെ പീഡാസഹനം ധ്യാനിച്ചു ജീവിക്കുക. എന്നെ മഹത്ത്വപ്പെടുത്തുക. എൻറെ അരികെതന്നെ നിലകൊള്ളുകക
യേശുവേ, ഞാൻ അങ്ങനെതന്നെ ചെയ്യാം.
(യേശു അവിടുത്തെ പീഡാനുഭവം ഇപ്പോൾ അനുഭവിക്കുന്നതുപോലെ കാണപ്പെട്ടു.)
അല്ലയോ വാസുലാ, എൻറെ തിരുഹൃദയത്തിലേക്കു പ്രവേശിക്കുക. അതിൻറെ അഗാധങ്ങളിലേക്കു ഇറങ്ങിച്ചെല്ലുക. അവിടെ നീ സമാധാനം കണ്ടെത്തും. അവിടെ കർത്താവായ ഞാൻ നിനക്കൊരു സ്ഥലം മാറ്റിവച്ചിട്ടുണ്ട്. നീ എൻറെതാണ്; ഞാൻ നിൻറെതും. സ്നേഹം നിന്നെ വഴിനയിക്കും.
കർത്താവേ, ഞാൻ എൻറെ ഹൃദയം അങ്ങേയ്ക്കു നല്കിയിരിക്കുന്നു. അങ്ങേയ്ക്ക് ഇഷ്ടമുള്ളതു ചെയ്യാം.
എങ്കിൽ എന്നിൽ വിശ്വാസമർപ്പിക്കുക. എൻറെ കരം പിടിക്കുക. ഞാൻ നിന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.
കർത്താവേ എന്നെ നയിച്ചാലും. എന്തെന്നാൽ, അങ്ങാണ് എൻറെ വഴികാട്ടിയും ദൈവവും.
വരൂ, എന്നെ മറക്കരുതേ. ബിയാട്രിസിനെ അനുഗ്രഹിക്കുക. കർത്താവായ ഞാൻ അവളെ അനുഗ്രഹിക്കുന്നു. നമ്മൾ, നമുക്ക്?
അതെ, കർത്താവേ, നിത്യതയോളം നമ്മൾ ഒരുമിച്ച്.
(പെസഹാ വ്യാഴാഴ്ച)
ബുധനാഴ്ച ഞാൻ ദേവാലയത്തിൽ തിരുക്കർമ്മത്തിൽ പങ്കെടുക്കുവാൻ പോയിരുന്നു. പുരോഹിതൻ മീറാ ചേർത്ത എണ്ണകൊണ്ട് തൊട്ട് ഓരോരുത്തരെയും അനുഗ്രഹിച്ചു. ഒരു കഷണം പഞ്ഞി മീറാ ചേർത്ത വിശുദ്ധ തൈലത്തിൽ മുക്കുവാനും, അതു ഓരോരുത്തർക്കും അവരുടെ ഭവനത്തിൽ കൊണ്ടുപോകുവാനും അനുവദിച്ചിരുന്നു.
ഞങ്ങൾക്ക് ഒന്നിച്ചു ദേവാലയത്തിൽ പോകുന്നതിനുവേണ്ടി ബിയാട്രിസ് എൻറെ ഭവനത്തിൽ വന്നു. ബിയാട്രിസിനെ അനുഗ്രഹിക്കുവാൻ യേശു എന്നോടു പറഞ്ഞു. അതുകൊണ്ട് എൻറെ കൈവശം ഉള്ള മീറാ ചേർത്ത വിശുദ്ധ തൈലത്തിൽ മുക്കിയ പഞ്ഞി ബിയാഗ്രീസിനുമേൽ വച്ചുകൊണ്ട് ഞാൻ അവളെ അനുഗ്രഹിച്ചു.
ഇപ്രകാരമാണ് അനുഗ്രഹിക്കുന്നത്: അനുഗ്രഹിക്കുമ്പോൾ വിശുദ്ധ കുരിശിൻറെ ആകൃതിയിൽ നെറ്റിയിലും ഇരു കവിളുകളിലും, താടിയിലും, ഉള്ളംകൈയ്യിലും മുദ്രകുത്തുന്നു. ദേഹിയുടെയും ദേഹത്തിൻറെയും സൗഖ്യത്തിനായി പുരോഹിതൻ ഒരു പ്രാർത്ഥന ദേവലയത്തിൽവച്ചു ചൊല്ലിയിരുന്നു. യേശു എന്നോടു പറഞ്ഞു, ഞാൻ വിശുദ്ധ തൈലംകൊണ്ട് ബിയാട്രിസിനെ മുദ്രകുത്തുമ്പോൾ അവിടുന്ന് പ്രസ്തുത പ്രാർത്ഥന ചൊല്ലുമെന്ന് .
പിന്നീട്, ദേവാലയത്തിൽ ചെന്നപ്പോൾ എനിക്കു പലവിചാരങ്ങൾ ഉണ്ടായി. കാരണം എനിക്കു ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നു. അവിടെ ഉപയോഗിച്ച ഭാഷ ക്ലാസ്സിക്ക് ഗ്രീക്കായിരുന്നു. അതാകട്ടെ എനിക്കൊട്ടും അറിയില്ലായിരുന്നു. മൂന്നു മണിക്കൂർ നേരത്തേയ്ക്കു പലവിചാരമില്ലാതിരിക്കുവാൻ പ്രയാസമായിരുന്നു. എന്നാൽ എനിക്കു പലവിചാരമുണ്ടാകില്ല എന്നു യേശു ഉറപ്പുതന്നു. പലവിചാരത്തിലേക്ക് എൻറെ മനസ്സ് വഴുതിപ്പോകുമ്പോഴൊക്കെയും യേശു ഇപ്രകാരം പറഞ്ഞിരുന്നു: “എൻറെ അരികെ നിൽക്കുക; എൻറെ സമീപം നിലകൊള്ളുക”. എനിക്കു തോന്നുന്നത് പത്തുപ്രാവശ്യമെങ്കിലും യേശു എന്നോട് അപ്രകാരം പറഞ്ഞുകാണുമെന്ന്.
08.04.1988 Love Me and you will defeat My foes
( ദുഃഖവെള്ളിയാഴ്ച )
യേശുവേ?
ഞാനാണ്. നീഎന്തിനാണ് സംശയിച്ചത്?
ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്നെ സ്നേഹിക്കുക; അങ്ങനെ എൻറെ ദാഹം ശമിക്കും! എന്നെ സ്നേഹിക്കുക; അങ്ങനെ എൻറെ മുറിവുകൾക്ക് ആശ്വാസം ലഭിക്കും! എന്നെ സ്നേഹിക്കുക; അങ്ങനെ എൻറെ ആത്മാവ് നിൻറെ ഉള്ളിൽ ആനന്ദാരവം മുഴക്കും! എന്നെ സ്നേഹിക്കുക; അങ്ങനെ നിൻറെ ശത്രുക്കളെ നീ പരാജയപ്പെടുത്തും! എൻറെ കുഞ്ഞേ, എൻറെ ആത്മാവ് നിൻറെമേൽ ഉണ്ട്. നമ്മൾ, നമുക്ക്?
നമ്മൾ, നമുക്ക്?
അതെ കർത്താവേ. അതെ, പരിശുദ്ധ മറിയമേ, നമ്മൾ, നമുക്ക് എന്നന്നേയക്കും.
09.04.1988 Victim Of Love
(ദുഃഖശനിയാഴ്ച )
ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇപ്പോൾ നീ എന്നോട് ഐക്യപ്പെട്ടിരിക്കുന്നു. എൻറെ കുഞ്ഞേ, നീ വയ്ക്കുന്ന ഓരോ ചുവടും ഞാൻ അനുഗ്രഹിക്കുന്നുണ്ട്. ഞാനാണ് നിൻറെ ജീവൻറെ സ്രോതസ്സ്. ഞാനാണ് പുനരുത്ഥാനം.
കർത്താവേ, അങ്ങയുടെ ഈ സന്ദേശങ്ങൾ വായിച്ച് അനേകം അത്മായർ മാനസാന്തരപ്പെട്ട് ആനന്ദിക്കുന്നുണ്ടെങ്കിലും, മുപ്പത്തി മൂന്നോളം സഭാധികാരികൾക്കു ഞാൻ ഈ സന്ദേശങ്ങളുടെ കോപ്പികൾ എടുത്ത് അയച്ചിട്ടുണ്ടെങ്കിലും രണ്ടുപേർ മാത്രമാണ് മറുപടി അയക്കുവാൻ തയ്യാറായത്. അതിനാൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്. മറുപടി അയച്ച രണ്ടുപേരിൽ ഒരാൾ പറഞ്ഞു അവൾക്കു മറുപടി എഴുതണമെന്ന് തോന്നുന്നില്ലെന്ന് . മറ്റെയാൾ പറഞ്ഞു, അദ്ദേഹത്തിനു അധികജോലിഭാരം ഉള്ളതിനാൽ വായിക്കുവാൻ സമയം ഇല്ലെന്ന്. കർത്താവേ, എനിക്കു ദുഃഖമുണ്ട്.
എൻറെ വാസുലാ, അത് അപ്രകാരമാകട്ടെ. വാസുലാ, എനിക്ക് എൻറെ വഴി സ്വീകരിക്കുവാൻ എന്നെ അനുവദിക്കുക. ഞാൻ നിനക്കു നൽകിയിട്ടുള്ള എൻറെ പ്രവൃത്തികളാകുന്ന ഈ ദൈവിക സന്ദേശങ്ങളെ ഞാൻ സ്ഥാപിച്ചുറപ്പിക്കും. സ്നേഹത്തിൻറെ ബലിവസ്തു എന്ന നാമം നിൻറെമേലുണ്ടാകും. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയോ നിന്നെ നിരാശപ്പെടുത്തുകയോ ഇല്ല. യുഗാവസാനം വരെ ഈ സന്ദേശത്തിലെ ഓരോ വാക്കും ആയിരക്കണക്കിന് തവണ എഴുതപ്പെടും.
നിനക്കും എനിക്കും മദ്ധ്യേ നിത്യമായ ഉടമ്പടി ബന്ധം ഞാൻ സ്ഥാപിച്ചിട്ടുണ്ട്. ഈ ബന്ധം നമുക്കിടയിലുള്ള സ്നേഹത്തിൻറെ സഖ്യമാണ്. ഈ ബന്ധം എൻറെ നാമം വഹിക്കുന്നു; ഈ ബന്ധം എന്നന്നേയ്ക്കും നിത്യതവരെ നിലനിൽക്കുന്നതായിരിക്കും.
കർത്താവായ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. സത്യം അന്വേഷിക്കുന്നവർക്കുവേണ്ടി, സത്യം യഥാർത്ഥത്തിൽ എന്താണെന്നും, സത്യത്തിൻറെ അർത്ഥമെന്തെന്നും കാണിച്ചുകൊടുക്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. കാരണം സത്യമെന്താണെന്ന് അവർ മറന്നുപോയിരിക്കുന്നു.
ഞാനാണ് സത്യം; സത്യം സ്നേഹമാണ്; സത്യം അളവില്ലാത്ത അനന്തസ്നേഹമാണ്. സത്യം ഉദാത്തമായ സ്നേഹമാണ്. സത്യം നിത്യമായ സ്നേഹമാണ്. എൻറെ പുസ്തകം സ്നേഹത്തിൻറെ ഒരു പുസ്തകമാണ്.
എൻറെ മണവാട്ടി, വന്ന് എന്നെ സ്നേഹിക്കുക. നിൻറെ സ്നേഹത്താൽ ഞാൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. കുഞ്ഞേ, എന്തുകൊണ്ടാണ് ഞാൻ നിന്നിലൂടെ എൻറെ ഈ സന്ദേശങ്ങൾ നൽകുവാൻ ഇറങ്ങിവന്നിരിക്കുന്നതെന്ന് ഗ്രഹിക്കുക. നിനക്കുവേണ്ടി മാത്രമുള്ളതല്ല, മറിച്ച് എല്ലാ സൃഷ്ടികളോടുമുള്ള എൻറെ സ്നേഹം വെളിപ്പെടുത്താനാണ് ഞാൻ നിന്നിലൂടെ എൻറെ സന്ദേശം നൽകുന്നത്. ഞാൻ അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവരെ ഓർമ്മപ്പെടുത്താനാണ് ഞാൻ വന്നിരിക്കുന്നത്.
എൻറെ സൃഷ്ടികളിൽ അനേകർ സാത്താൻറെ വഴിയിലേക്കു പോകുന്നതുകണ്ട് എൻറെ ഹൃദയം കീറിമുറിയുന്നു! നിത്യനാശത്തിൻറെ പാതയിലൂടെ എൻറെ പുരോഹിതന്മാരിൽ അനേകരും പോകുന്നതുകണ്ട് ഞാൻ എത്രയധികം സങ്കടം സഹിക്കുന്നുണ്ട്!
ഞാനാണ് വചനം. പരിശുദ്ധരിൽ പരിശുദ്ധൻ ഞാനാണ്. ഞാനാണ് നിത്യനായ ദൈവം; ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവൽ ഞാനാണ്. അനേകം വർഷങ്ങൾക്കു മുമ്പു നിങ്ങൾ കുത്തിത്തുളച്ചവനും, ഇപ്പോഴും നിർത്താതെ നിങ്ങൾ കുത്തിക്കീറിക്കൊണ്ടിരിക്കുന്നവനുമായ നിങ്ങളുടെ രക്ഷകനാണ് ഞാൻ.
ഞാൻ ശരീരത്തോടെ ഭൂമിയിലായിരുന്നപ്പോൾ എന്നെ ആണികളാൽ തറച്ച ആ പഴയ കാലവും ഇക്കാലവും തമ്മിൽ എന്തു വിത്യാസമാണുള്ളത്? നിങ്ങളുടെ അസഹിഷ്ണുതയാലും, അഹങ്കാരത്താലും, വിശ്വാസത്യാഗത്താലും, എന്നെ ശ്രവിക്കുവാൻ തയ്യാറാകാത്ത നിങ്ങളുടെ ഹൃദയകഠിന്യം നിമിത്തവും ഞാൻ നിരന്തരം കുത്തിക്കീറപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഞാൻ നൽകുന്ന എൻറെ അടയാളങ്ങളുടെ നേർക്കും, എൻറെ അത്ഭുതപ്രവർത്തനങ്ങൾക്കു നേർക്കും എൻറെ ദൈവീക പ്രവൃത്തികളുടെ നേർക്കും നിങ്ങൾ പുലർത്തുന്ന താത്പര്യമില്ലായ്മ നിങ്ങൾ അവസാനിപ്പിക്കാതെ നിങ്ങൾ എനിക്കെതിരെ തിരിയുന്നു. ഇന്നലെത്തെപ്പോലെതന്നെ നിങ്ങൾ ഇന്നും എന്നെ പരിഹസിച്ചുകൊണ്ടിരിക്കുകയാണ്.
ലക്ഷക്കണക്കിനു മനുഷ്യരുടെ നിത്യരക്ഷയുടെ ചുമതല ഞാൻ ഭരമേല്പിച്ച നിങ്ങളാൽത്തന്നെ ഞാൻ പരിഹസിക്കപ്പെടുന്നു. നിങ്ങൾ എന്നെ വീണ്ടും വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ താത്പര്യമില്ലായ്മമൂലം നിങ്ങൾ എന്നെ മരത്തോടുചേർത്ത് വീണ്ടും വീണ്ടും ആണിയടിച്ചുകൊണ്ടിരിക്കുന്നു.
ഫലം നൽകാത്ത, വന്ധ്യമായി കിടക്കുന്ന ഹൃദയമുള്ളവരേ, കരിങ്കല്ലുപോലെ ഹൃദയത്തെ കഠിനമാക്കിയവരേ, എപ്പോഴെങ്കിലും നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ച്, മൃദുലമാക്കി അതിനെ തുറക്കാൻ എന്നെ അനുവദിക്കുമോ? എന്നെ കുത്തിക്കീറുന്നത് നിങ്ങൾ ഒരു ദിവസം അവസാനിപ്പിക്കുമോ?
സ്നേഹത്തിനുവേണ്ടിയുള്ള ദാഹത്താൽ എൻറെ തൊണ്ട എഴുതാനൂപയോഗിച്ചിരുന്ന താളചർമ്മത്തെക്കാൾ വരണ്ടുണങ്ങിയിരിക്കുന്നു. നിങ്ങളുടെ അധരങ്ങളിൽനിന്ന് എൻറെ ബലിപീഠത്തിലേക്കു നിങ്ങൾ വ്യർത്ഥവാക്കുകൾ ഒഴുക്കുന്നതുകണ്ട് എൻറെ കണ്ണുകൾ തളർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പ്രാർത്ഥനകൾ എനിക്കു സമർപ്പിക്കുന്നു. അവ എൻറെ സന്നിധിയിൽ എത്തുന്നതിനുമുമ്പുതന്നെ അന്തരീക്ഷത്തിൽ മഞ്ഞുപോലെ ആവിയായിപ്പോകുന്നു.
ഞാൻ നിങ്ങളിൽനിന്ന് എൻറെ മുഖം തിരിക്കുന്നു; കാരണം നിങ്ങളുടെ ഹൃദയത്തിൻറെ ഉള്ളറകളിലുള്ളത് എന്താണെന്ന് എനിക്കറിയാം. എൻറെ മക്കൾ നിർജ്ജീവമായ ആശയങ്ങളാൽ അവരുടെ ഹൃദയം നിറയ്ക്കുന്നതു കാണുമ്പോഴും, അവർ ഞങ്ങളുടെ ദൈവിക ഹൃദയങ്ങളെ പരസ്യമായി ചവുട്ടി മെതിച്ചുകൊണ്ട് നിർഭയം എൻറെ അടുക്കലേക്കു വരുന്നതു കാണുമ്പോഴും എനിക്കു ശ്വാസം മുട്ടുന്നു. എൻറെ ആടുകൾ നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കുവാൻ പറ്റും?
അല്ലയോ വാസുലാ! എൻറെ തിരുഹൃദയത്തിൽനിന്നു രക്തം ധാര ധാരയായി വാർന്നൊഴുകുന്നു. എൻറെ തിരുഹൃദയത്തിൽ പ്രവേശിച്ച് നിൻറെ ദൈവത്തിൻറെ മുറിവുകൾ തൊട്ട് അനുഭവിച്ചറിയുക.
യേശുവേ !! അങ്ങയെ ഈ അവസ്ഥയിൽ കാണുമ്പോൾ എൻറെ ഹൃദയം പൊട്ടുന്ന വേദന എനിക്കനുഭവപ്പെടുന്നു. എൻറെ പ്രിയപ്പെട്ട ദൈവമേ, അവർ എന്താണ് ചെയ്തിരിക്കുന്നത്? അവർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
സ്നേഹത്തിൻറെ എൻറെ ദൈവീക പ്രവൃത്തികൾ പ്രചരിപ്പിക്കുക. അവ എല്ലാ മനുഷ്യരിലേക്കും പ്രചരിപ്പിക്കുക. നിന്നെ ഒരു കോമാളിയായി കരുതുന്നവരിലേക്കും അവ വ്യാപിപ്പിക്കുക. എൻറെ കുഞ്ഞേ, അവസാനം അവർ എൻറെ മഹത്ത്വം ദർശിക്കും.
(ഞാൻ തകർന്നിരിക്കുന്നു. കർത്താവിന് അതറിയാം. ഒരു കോമാളിയായിട്ടോ, ഒരു വഞ്ചകിയായിട്ടോ, പിശാച് ബാധിച്ചവളായിട്ടോ, അന്ത്യക്രിസ്തുവായിട്ടോ, ഒരു മാനസികരോഗിയായിട്ടോ ആണ് ആളുകൾ എന്നെ കരുതുന്നത്. എന്നെ ജനങ്ങൾ അപമാനിക്കുന്നു. എന്നെ ദുഃഖിപ്പിക്കുന്നതിനുവേണ്ടി അവർ എൻറെ മുഖത്തുനോക്കി തങ്ങൾക്കു പറയാനുള്ളതെല്ലാം പച്ചയ്ക്കു പറഞ്ഞ് അപമാനിക്കുന്നു.
ഇതെല്ലാം സഹിച്ച് ഈ സാഹചര്യത്തിൽ ഞാൻ തുടരുമോ?
ഞാൻ ബലഹീനയാണ്. എനിക്കു സാക്ഷ്യം വഹിക്കുന്ന രണ്ടാളുകൾക്കും യഥാർത്ഥത്തിൽ അധികാരമോ സ്വാധീനമോ ഇല്ല. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ അപമാനത്തിലൂടെയാണ് അവരും കടന്നുപോകുന്നത്. അവരെയും ജനങ്ങൾ അവഹേളിക്കുകയും, വെറുക്കുകയും, അവിശ്വസിക്കുകയും, അവഗണിക്കുകയും ചെയ്യുന്നു. യേശുവിൻറെ സഹനത്തിൻറെ പാനപാത്രത്തിനിന്നു ഞങ്ങളും പാനം ചെയ്യുന്നു.)
വാസുലാ, നിൻറെ മുന്നിൽ ഞാനുണ്ട്. നിൻറെ ദൈവമായ ഞാൻ അവസാനം എൻറെ എല്ലാ മഹത്ത്വവും നിനക്കു കാണിച്ചുതരും. ആരെയാണ് ഞാൻ തിരഞ്ഞെടുത്തതെന്ന് എനിക്കറിയാം. എൻറെ സൃഷ്ടികളിൽ ഏറ്റവും നിസ്സാരയായ നിന്നെയാണ് ഞാൻ കണ്ടെത്തിയത്.
എല്ലാ അധികാരവും എന്നിൽനിന്നാണ്, എന്നിൽനിന്നു മാത്രമാണ്, ഉത്ഭവിക്കുന്നതെന്ന് എല്ലാവരും അറിയേണ്ടതിന് ഞാൻ നിന്നെ തിരഞ്ഞെടുത്തു. നിങ്ങളിൽനിന്നല്ല അധികാരം ഉത്ഭവിക്കുന്നത്!
വാസുലാ, ഞാനാണ് ഈ പൂന്തോട്ടത്തിൻറെ സൂക്ഷിപ്പുകാരൻ. ചെറിയ വൃക്ഷങ്ങളെ വളരാൻ അനുവദിച്ചുകൊണ്ട്, വൻമരങ്ങളുടെ വളർച്ച മുരടിപ്പിക്കുന്നത് ഞാനല്ലാതെ മറ്റാരുമല്ല.
സൃഷ്ടികളെ, എൻറെ വചനം ഒരു ഇടിമുഴക്കംപോലെ നിങ്ങളിലേക്കു ഇറങ്ങിവരും. അവിശ്വസ്തർക്കു ഹാ ദുരിതം!
വാസുലാ, എന്നെ നിൻറെ ഹൃദയത്തിൽ പൂജിക്കുക. ഞങ്ങളുടെ സമാധാനം നിനക്കുണ്ടാകട്ടെ.
11.04.1988 I Am the Holy Trinity, All in One
കർത്താവേ, അങ്ങയുടെ ദൃഷ്ടിയിൽ ഞാൻ ഏറ്റവും നിസ്സാരയായതിനാൽ എനിക്ക് അങ്ങയുടെ കൃപാവരം നിരസിക്കരുതേ. എന്നോടു കരുണയായിരിക്കണമെ. അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ അവശേഷിക്കുന്ന അപ്പക്കഷണങ്ങളാൽ എന്നെ പോഷിപ്പിക്കണമെ. പരിശുദ്ധ മറിയമേ, എന്നോടു പരിഭവിക്കരുതെ.
ദയവായി എന്നോടു കരുണ തോന്നണമെ. അവശേഷിക്കുന്ന ഏതാനും അപ്പക്കഷണങ്ങൾ കർത്താവ് എനിക്ക് എറിഞ്ഞുതരട്ടെ. അങ്ങനെ എന്നെ ജീവിക്കുവാൻ അനുവദിക്കണമെ! ആമ്മൻ.
വരൂ, എൻറെ അപ്പം സ്വീകരിക്കുക. ഞാൻ നിനക്ക് എൻറെ അപ്പം നിരസിക്കുകയില്ല. ഇനിമുതൽ എൻറെ കരങ്ങൾകൊണ്ടുതന്നെ ഞാൻ നിനക്കു ഭക്ഷണം നൽകും.
വാസുലാ, ഞാൻ നിന്നെ അലങ്കരിക്കും. എന്നെ സന്തോഷിപ്പിക്കുകയും, എന്നെ സ്തുതിക്കുകയും ചെയ്യുക.
കർത്താവു സ്തുതിക്കപ്പെടട്ടെ!
വരൂ, എഴുതിയെടുക്കുക. ഇത്തവണ കായേൻ അവൻറെ പദ്ധതി നടപ്പിലാക്കുകയില്ല; അവൻറെ സഹോദരനെ ഇത്തവണ അവൻ ഇല്ലാതാക്കുകയില്ല. ഞാൻ അവനെ തടയും. ഞാൻ അവനെ അതിശയിപ്പിക്കും. ഒരു കള്ളനെപ്പോലെ, ഞാൻ അവൻറെ മുറിയിൽ പ്രവേശിച്ച്, അവൻറെ പദ്ധതിയെ പൊളിച്ച്, അവനെ നഗ്നനാക്കുന്നത് അവൻ തെല്ലും അറിയുന്നില്ല.
കായേൻ പശ്ചാത്തപിച്ചുകൊണ്ട് എൻറെയടുക്കൽ വരുന്നതുവരെ അവൻ നഗ്നനായിരിക്കും. ആ മണിക്കുറിനുവേണ്ടി പ്രാർത്ഥിക്കുക. അപേക്ഷകളും, യാചനകളും ഭയവും എല്ലാം ഉയർന്നുവരുന്ന മണിക്കൂറായിരിക്കും അത്. നീതിയുടെ മണിക്കൂറായിരിക്കും അത്.
എൻറെ കുഞ്ഞേ, അനുഗ്രഹിക്കപ്പെടുക. നിൻറെ പരിശുദ്ധ പിതാവായ ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഞാനാണ് പരിശുദ്ധത്രീത്വം. നീ എന്നെ നന്നായി വിവേചിച്ചറിഞ്ഞിരിക്കുന്നു! എഴുതുക.
(ഞാൻ നിൻറെ പരിശുദ്ധ പിതാവാണ് എന്ന് യേശു പറഞ്ഞപ്പോൾ, ചില ചിത്രങ്ങളിൽ കാണുന്നതുപോലെ യേശുവിൻറെ മൂന്നു ചിത്രങ്ങൾ ഞാൻ ദർശനത്തിൽ കണ്ടു. ഒന്നു മറ്റൊന്നിൽനിന്നു വരുന്നു. എല്ലാം ഒരുപോലെ തന്നെ.)
ഞാൻ പരിശുദ്ധ ത്രീത്വമാണ്; ഒരാളത്വത്തിൽ മൂന്നാളത്വം. ഞാൻ നിന്നെ സ്നേഹിക്കുന്നു. കുഞ്ഞേ, വരൂ. എൻറെ മഹത്ത്വത്തിനുവേണ്ടി, നിഗൂഢ രഹസ്യങ്ങൾ ഞാൻ നിന്നെ പഠിപ്പിക്കും. എൻറെ കരം പിടിക്കുക. ഞാനാണ് നിന്നെ സൃഷ്ടിച്ചത്. നമ്മൾ, നമുക്ക് ?
അതെ, കർത്താവേ!
12.04.1988 You are My Net
( ഇന്നലെ മുതൽ എൻറെ ബലഹീന നിമിഷങ്ങളെ സാത്താൻ മുതലെടുത്തുകൊണ്ട് എന്നെ അസ്വസ്തപ്പെടുത്തി.
പെട്ടെന്ന് തന്നെ യേശു ഞങ്ങളുടെ ബന്ധത്തെ ദൃഢപ്പെടുത്തുന്നതായി എനിക്കനുഭവപ്പെട്ടു. ചെറിയ കയർ കൊണ്ടെന്നെപോലെ ആ ബന്ധം മുറുക്കിക്കെട്ടുന്നതായി എനിക്കുതോന്നി. ആ ബന്ധം ശക്തമായപ്പോൾ യേശുവിൻറെ കരം എനിക്കനുഭവിച്ചറിയുവാൻ സാധിച്ചു. സയാമീസ് ഇരട്ടകളെപ്പോലെ യേശുവും ഞാനും ഐക്യപ്പെട്ടിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. എനിക്ക് ആശ്വാസം ലഭിച്ചു.)
ഞാൻ നിൻറെ അരികെയുണ്ട്. വരൂ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എൻറെ വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ ദൃഷ്ടികൾ നിന്നെ ഒരിക്കലും വിട്ടുപിരിയുന്നില്ല, പ്രത്യേകിച്ച് ഈ ബലഹീന നിമിഷങ്ങളിൽ.
നമ്മുടെ ബന്ധത്തെ ഞാൻ ശക്തിപ്പെടുത്തിയിരിക്കുന്നു. വാസുലാ, ഞാൻ നിങ്ങളുടെ എല്ലാവരുടെയും മദ്ധ്യത്തിലുണ്ടെന്ന് ലോകം അറിയേണ്ടതിന് ഞാൻ നിന്നെ സൗഖ്യമാക്കിയിരിക്കുന്നു.
വാസുലാ, നിന്നെ ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഞാൻ നിന്നെ സൗഖ്യമാക്കിയിരിക്കുന്നത്. നിന്നെ, ഒരു വലപോലെ, എൻറെ കരങ്ങളിൽനിന്നു ലോകത്തിലേക്കു ഞാൻ എറിഞ്ഞുവീശുന്നു. മകളേ, ഈ വിധത്തിൽ നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. ഇടയ്ക്കിടെ ഞാൻ എൻറെ വല വലിച്ചെടുത്തു പരിശോധിക്കുന്നു. വലയിൽ അകപ്പെട്ടവരെ കണ്ട് ഞാൻ അത്യധികം സന്തോഷിക്കുന്നു.
അതെ, എൻറെ താത്പര്യങ്ങൾ മാത്രം അന്വേഷിക്കുക; അപ്പോൾ നീ സത്യം ഗ്രഹിക്കും. നീ ഈ ലോകത്തിൻറെതല്ലാത്തതിനാൽ ഈ ലോകത്തിൽ ജീവിക്കുന്നത് വളരെ ക്ലേശകരമാണ്.
ആരംഭത്തിൽത്തന്നെ നിൻറെ ഉത്ഭവം എവിടെനിന്നാണെന്ന് ഞാൻ നിനക്കു വെളിപ്പെടുത്തിതന്നിട്ടുണ്ട്. പക്ഷേ, ദുഷ്ടൻ നിന്നെ വഞ്ചിച്ചു.
നീ എൻറെതാണ്. നീ എന്നിൽനിന്നു വരുന്നു. എൻറെ സന്തതിയായ ആബേലിനെപ്പോലെ നീ എൻറെ സ്വന്തമാണ്.
നീ ലോകത്തിലായിരിക്കുന്നത് കണ്ട്, നീ ലോകത്തിൻറെത് അല്ലെന്നു ലോകത്തിന് അറിയാവുന്നതുകൊണ്ട്, നിന്നെ കെണിയിൽ വീഴ്ത്തുവാൻ ലോകം പരിശ്രമിക്കുന്നു.
നിന്നെ ദുഷ്ടതയുടെ മദ്ധ്യേ ഞാൻ നിർത്തിയിരിക്കുന്നു; ലോകം നിന്നെ നശിപ്പിക്കവാൻ പരിശ്രമിക്കും. അവർ നിന്നെ പുച്ഛിക്കുകയും, നിന്നെ വെറുക്കുകയും ചെയ്യും.
ഇതെല്ലാം സംഭവിക്കുന്നതിനുമുമ്പു തന്നെ, നീ അഭിമുഖീകരിക്കാനിരിക്കുന്ന എല്ലാ പരീക്ഷണങ്ങളുടെ മുമ്പിൽ, നീ ഒരുങ്ങിയിരിക്കേണ്ടതിനും, എല്ലാ പരീക്ഷണങ്ങളെയും നേരിടുവാൻ നീ ശക്തിപ്രാപിക്കുന്നതിനും വേണ്ടി, ഇക്കാര്യങ്ങളെല്ലാം ഞാൻ നിനക്കു ആദ്യമേ വെളിപ്പെടുത്തിയിരിക്കുന്നു.
നിൻറെ കുരിശ് ഞാൻ നിനക്കു കാണിച്ചുതന്നു. എന്നാൽ, അതു വഹിക്കുവാൻ നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കും. നീ ഒറ്റയ്ക്കായിരിക്കല്ല. ഞാൻ നിൻറെ അരികെയുണ്ട്. എന്നിൽ നീ നിൻറെ വിശ്രമം കണ്ടെത്തും. മകളേ, നീ ധൈര്യമായിരിക്കുക. മടുപ്പുതോന്നുമ്പോൾ എന്നെ ചാരി ആശ്രയിക്കുക. ഞാൻ നിനക്കു വിശ്രമം നൽകുകയും, നിന്നെ സമാശ്വസിപ്പിക്കുകയും ചെയ്യും.
വരൂ, എന്നെ നോക്കി പുഞ്ചിരിക്കുക. എന്താണ് ഞാൻ നിന്നെ പഠിപ്പിക്കുന്നതെന്ന് മറന്നുപോകരുത് . എൻറെ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്. മകളേ, എൻറെ രാജ്യം വിസ്തൃതമാക്കുക.
എന്താണോ അങ്ങേയ്ക്കു കൂടുതൽ മഹത്ത്വം നൽകുന്നത്, അക്കാര്യം എനിക്കുവേണ്ടി നിശ്ചയിക്കണമെ. ആമ്മേൻ.
(നമ്മുടെ പരിശുദ്ധ അമ്മ)
വാസുലാ, കർത്താവിന് ഈ സ്വാതന്ത്ര്യം നീ നൽകിയിരിക്കുന്നതിനാൽ അവിടുന്ന് നിന്നിൽ പ്രസാദിച്ചിരിക്കുന്നു. കർത്താവിനെക്കാൾ വലിയൊരു ഗുരുവിനെ നിനക്കു ലഭിക്കുകയില്ല. ജ്ഞാനം തന്നെ നിന്നെ അഭ്യസിപ്പിക്കും. കർത്താവിനെ എല്ലാക്കാര്യത്തിലും അനുസരിക്കുകയും, എല്ലാം അവിടുത്തെ കരങ്ങളിലേക്കു കൊടുക്കുകയും ചെയ്യുക. ഇതു കർത്താവിനെ പ്രസാദിപ്പിക്കുന്നു. പരിപൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു. അനുഗ്രഹീതയായിരിക്കുക.
പരിശുദ്ധ മറിയമേ, ഞാൻ അങ്ങയെ വണങ്ങുന്നു.
നമ്മൾ, നമുക്ക് ?
അതെ, നമ്മൾ, നമുക്ക്.
18.04.1988 Your Era is dead-How I desire this Unity!
(ഞാൻ യേശുവിനെ മാത്രം ധ്യാനിച്ചിരുന്നു.)
ഞാനാണ്, ദേഹി, സമാധാനം നിന്നോടുകൂടെ. ഞാൻ നിനക്കു നൽകിയിട്ടുള്ളതിൻറെ വിളവെടുപ്പു നടത്തുക. എൻറെ മക്കളെ പഠിപ്പിക്കുവിൻ; എന്നോടു കലഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവരോടു പറയുക; പരസ്പരം സ്നേഹിക്കണമെന്ന് അവരോടു പറയുക.
മനുഷ്യരുടെ നിത്യരക്ഷയക്കുവേണ്ടി പ്രാർത്ഥിക്കുക. സഭകളുടെ ലോക കൗൺസിലിനുവേണ്ടി പ്രാർത്ഥിക്കുക. എൻറെ മഹത്തായ തിരിച്ചുവരവിനുവേണ്ടി പ്രാർത്ഥിക്കുക.
നിങ്ങളുടെ ഈ കാലഘട്ടം മൃതമാണ്. നിങ്ങളുടെ കാലഘട്ടത്തിൻറെ നവീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുക; ഒരു വീണ്ടും ജനനത്തിനുവേണ്ടി പ്രാർത്ഥിക്കുക; ഒരു നവമായ കാലഘട്ടത്തിനുവേണ്ടി പ്രാർത്ഥിക്കുക.
പരിശുദ്ധാത്മാവിൻറെ പ്രചോദനത്താൽ ഇരുപത്തിമൂന്നാം ജോൺ മാർപ്പാപ്പ ആരംഭിച്ച സഭയുടെ നവീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുക. അനേകരെ എൻറെ കരങ്ങളിലേക്കു മടക്കിക്കൊണ്ടുവന്ന്, ഞാൻ മൂലം നവീകരിക്കപ്പെടുന്ന സഭ ഐക്യപ്പെട്ട് ഒന്നായിത്തീരും!
എൻറെ ആടുകളെല്ലാം ചിതറിപ്പോയിരിക്കുന്നു. നിങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിക്കൊണ്ട്, നിങ്ങളെ ചിതറിച്ചുകൊണ്ട്, നിങ്ങളെ വിഭജിച്ചുകൊണ്ട്, നിങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് സാത്താൻ തൻറെ കോപം നിങ്ങളിൽ ചൊരിഞ്ഞിരിക്കുന്നു.
അല്ലയോ പത്രോസേ, കാലഘട്ടത്തിൻറെ അന്ത്യം തിരിച്ചറിയുക. എന്തുകൊണ്ടാണ് നിങ്ങളിൽ അനേകർക്കു കാലത്തെ തിരിച്ചറിയുവാൻ സാധിക്കാത്തത്?
സാത്താൻ തൻറെ ചിറകുകളുടെ നിഴലിൻറെ മറവിൽ അനേകരെ സത്യത്തിൽനിന്നു വഴിതെറ്റിച്ചു. പത്രോസേ, എൻറെ കരം പിടിക്കുക; ഞാൻ നിന്നെ വഴിനയിക്കാം.
എൻറെ നിലവിളി കേൾക്കുക. നിൻറെ പൗരസ്ത്യ സഹോദരങ്ങളെ (ഓർത്തഡോക്സുകാരെ) ഒന്നിച്ചു കൂട്ടുക. എൻറെ മേൽക്കൂരയ്ക്കു കീഴിൽ എന്നെ വന്നുകാണുവാൻ അവരെ ആഹ്വാനം ചെയ്യുക. എൻറെ അടിത്തറയിൽ നിൻറെ പൗരസ്ത്യ സഹോദരങ്ങളെ ഒന്നിച്ചുകൂട്ടുക. എൻറെ മുന്നിലേക്ക് അവരെ വിളിച്ചുകൂട്ടുക. സഭകളുടെ ഈ ഐക്യം ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട്!
പത്രോസേ, പത്രോസേ, നീ എന്നെ ശ്രവിക്കുകയാണെങ്കിൽ, എല്ലാ ജനതകളെയും എൻറെ മേൽക്കൂരയ്ക്ക് കീഴിലേക്കു ഞാൻ വിളിച്ചുകൂട്ടും. അവരെ നവീകരിച്ചുകൊണ്ട് ഞാൻ അവരെ വിശുദ്ധീരിക്കും. എൻറെ നീതിയുടെ മഞ്ഞുതുള്ളികൾ, മഴപോലെ, ഞാൻ സ്വർഗ്ഗത്തിൽനിന്ന് അവരുടെമേൽ വർഷിക്കും. ഞാൻ എൻറെ പൂന്തോട്ടത്തെ മോടിപിടിപ്പിക്കും. എൻറെ കലവറയിൽനിന്നു ഞാൻ നിങ്ങളുടെ കലവറ നിറയ്ക്കും. പത്രോസേ, എൻറെ സ്വരം ശ്രവിക്കുക. എൻറെ രാജ്യം നിൻറെ വാതിൽക്കൽത്തന്നെയുണ്ട്. എൻറെ രാജ്യം നിങ്ങളുടെ മദ്ധ്യേയുണ്ട്. എന്തുകൊണ്ട് നിനക്ക് അതു തിരിച്ചറിയുന്നില്ല?
പീറ്റർ, ഏതു രാജ്യവും അതിനെതിരെ ഭിന്നിക്കുന്നെങ്കിൽ അതു നശിച്ചുപോകുമെന്ന് നിനക്കറിയാം. ഇന്ന് എൻറെ ഭവനമായ സഭ അതിൻറെ നാശാവസ്ഥയിലാണ്. പ്രിയപ്പെട്ടവനേ, എൻറെ രക്ഷാകര പദ്ധതിയെക്കുറിച്ചു എല്ലാവരോടും പറയുക. പത്രോസേ, എൻറെ മക്കളെ സ്വതന്ത്രരാക്കുക.
സമാധാനം നിങ്ങൾ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
യേശുവേ, അങ്ങ് ഓർത്തഡോക്സ് പാത്രിയാർക്കിനെയാണോ വിളിക്കണമെന്നു പറഞ്ഞത്?
അതെ, കിഴക്കുനിന്നു പടിഞ്ഞാറുവരെയും, വടക്കുനിന്നു തെക്കുവരെയും ഉള്ള സകല ജനതകളെയും എൻറെ ചിറകിൻ കീഴിൽ, എൻറെ പ്രകാശത്തിലേക്കു ഒരുമിച്ചുകൂട്ടി ഐക്യപ്പെടുത്തണമെന്നുള്ളതാണ് എൻറെ പദ്ധതി. ജാഗ്രതയുള്ള ഒരു ഇടയൻറെ കീഴിൽ, എൻറെ സംരക്ഷണത്തിൽ, ഒറ്റ ആട്ടിൻകൂട്ടംപോലെ എല്ലാ ജനതകളെയും ഐക്യപ്പെടുത്തുവാനുള്ള പദ്ധതിയാണിത്.
ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ലെന്നും, നിൻറെ ദുരിതസമയങ്ങളിൽ ഞാൻ നിൻറെ അടുക്കലെത്തുമെന്നും ഞാൻ നിന്നോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. പുഷ്പമേ, ഞാൻ എൻറെ വാഗ്ദാനം പാലിക്കും.
ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറന്ന്, എൻറെ വാക്കുകൾ ഗ്രഹിക്കുന്നതിന്, ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു. എതിർപ്പിൻറെ കാലത്തെന്നപോലെ നിങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കരുത്. നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഞാൻ നിങ്ങളുടെ വാതിൽക്കൽത്തന്നെയുണ്ട്. ജ്ഞാനമായ ഞാൻ തന്നെ നിങ്ങളെ പഠിപ്പിക്കും. എൻറെ സമാധാനം നിങ്ങൾക്കുണ്ടാകട്ടെ.
ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ!
കർത്താവു സ്തുതിക്കപ്പെടട്ടെ!
അങ്ങയുടെ രാജ്യം വരട്ടെ1
എൻറെ വാസുലാ, ഞാൻ തന്നെ നിന്നെ പോഷിപ്പിക്കും. നമ്മൾ, നമുക്ക്?
എന്നേയ്ക്കും.
എപ്പോഴും എന്നേയ്ക്കും.
19.04.1988. United around One Altar
പിതാവേ, ഒരു വിശ്വാസത്താൽ, ഒരു ജ്ഞാനസ്നാനത്താൽ ഞങ്ങൾ എല്ലാവരും അങ്ങയുടെ പരിശുദ്ധ നാമത്തിൽ ഐക്യപ്പെടട്ടെ. യേശുവേ, അങ്ങും പിതാവും ഒന്നായിരിക്കുന്നതുപോലെ ഞങ്ങളും പിതാവിൽ ഒന്നായിത്തീരട്ടെ. അങ്ങു ഞങ്ങൾക്കു നൽകിയിരിക്കുന്ന അങ്ങയുടെ നാമത്തിൽ ഞങ്ങളെ കാത്തുകൊള്ളണമെ. ആമ്മേൻ.
നോക്കു! ഒരു ബലിപീഠത്തിനു ചുറ്റിലും നിങ്ങൾ എല്ലാവരും ഒരുമയോടെ ചേർന്ന്, ഏകസ്വരത്തിൽ എന്നെ സ്തുതിക്കുമ്പോൾ, നിങ്ങളോടുള്ള എൻറെ സ്നേഹം അനുസ്മരിച്ചുകൊണ്ട്, നിങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ട് , ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുമ്പോൾ എത്ര വലിയ ആനന്ദമാണ് എനിക്കുണ്ടാവുക.
കുഞ്ഞുങ്ങളേ, പരിപൂർണ്ണരാകുവിൻ.
20.04.1988 Why is it that you want Me silent?
കർത്താവേ, എൻറെ സഹോദരി എന്നോടു ചോദിച്ചു, അങ്ങ് എൻറെ ക്രൂശിതരൂപം ചുംബിച്ച് അനുഗ്രഹിച്ചതുപോലെ അവളുടെ ക്രൂശിതരൂപവും ചുംബിച്ചു അനുഗ്രഹിക്കാമോ എന്ന്?
നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെ പൂർണ്ണമായി വിവേചിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ വിവേചിച്ചറിയുക. അതെ, ഞാൻ നിൻറെ സമീപം ഇരിക്കുന്നു. ഞാൻ എവിടെയാണിരിക്കുന്നതെന്ന് നിനക്കറിയാം. നിൻറെ സഹോദരി യാനുലാ നിനക്കു നൽകിയ മെഡലുകളും ക്രൂശിതരൂപവും എൻറെ അധരത്തോടു ചേർത്തുപിടിക്കുക. ഞാൻ അവയെ ചുംബിച്ച്, അനുഗ്രഹിക്കാം. ഓരോന്നോരോന്നായി എൻറെ അധരത്തോടുപ്പിക്കുക. ഞാൻ കാത്തിരിക്കുന്നു.
(ഞാൻ ഓരോന്നും യേശുവിൻറെ അധരത്തോടടുപ്പിച്ചു. യേശു അവ ചുംബിച്ച് അനുഗ്രഹിച്ചു.)
വാസുലാ, സംശയിക്കരുത്. എഴുതുക: ആരെങ്കിലും അവരുടെ ക്രൂശിതരൂപമോ മെഡലുകളോ ഞാൻ ചുംബിച്ച് അനുഗ്രഹിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കർത്താവായ ഞാൻ അപ്രകാരം ചെയ്യുമെന്ന് അവരോടു പറയുവിൻ. വരൂ, സംശയിക്കരുത്.
കർത്താവേ, ഇതെല്ലാം ഗ്രഹിക്കുവാൻ എന്നെ സഹായിക്കണമെ.
വിശ്വസിക്കുക മാത്രം ചെയ്യുക. വിനീതയായി, ചെറുതായി നിലകൊള്ളുക. ശിശുവിനേപ്പോലെയാകുവിൻ. ഞാൻ നിന്നെ സ്നേഹിക്കുന്നു.
(പിന്നീട്)
വാസുലാ, എൻറെ പൂന്തോട്ടത്തെ പരിപാലിക്കുവാൻ എനിക്കുതന്നെ കഴിയും. എൻറെ സഭയെ നവീകരിക്കുവാൻ എനിക്കുതന്നെ കഴിയും. എനിക്കു ഞാൻ തന്നെ മതിയായവനാണ്. ഞാൻ സർവ്വശക്തനാണ്. ഞാൻ നിന്നിൽനിന്ന് ആവശ്യപ്പെടുന്നത് സ്നേഹം മാത്രമാണ്. എന്നെ സ്നേഹിക്കുക; നിന്നോട് ഇതെല്ലാം പങ്കുവയ്ക്കുവാൻ എന്നെ അനുവദിക്കുക.
കർത്താവേ, ഞാൻ അങ്ങയെ പരിധിയില്ലാതെ അനന്തമായി സ്നേഹിക്കുന്നു.
പുഷ്പമേ, നിനക്കു മനസ്സിലായിട്ടില്ലേ? നീ കണ്ടുമനസ്സിലാക്കിയിട്ടില്ലേ? വരൂ, ഞാൻ നിന്നോടു പറയുന്നു: കാലത്തിൻറെ ആരംഭം മുതൽതന്നെ ഞാൻ എന്നെത്തന്നെ വിവിധ സ്ഥലങ്ങളിലും, വിവിധ ജനതകളിലും, വിവിധ കാലഘട്ടങ്ങളിലായി വെളിപ്പെടുത്തിയിട്ടുണ്ട്. വാസുലാ, പിന്നെ എങ്ങനെ നിങ്ങളുടെ ഈ കാലഘട്ടത്തിന് എൻറെ അടയാളങ്ങളെ ഒട്ടും തിരിച്ചറിയുവാൻ കഴിയുന്നില്ല? എന്നെത്തന്നെ ഞാൻ വെളിപ്പെടുത്തുന്നതും, എൻറെ അടയാളങ്ങൾ നൽകുന്നതും അവസാനിപ്പിക്കുമെന്ന് എപ്പോഴെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ?
നിങ്ങളുടെ കാലഘട്ടം മൃതമാണ്. അവരുടെ തന്നെ വിരലുകൾകൊണ്ടാണ് അവർ അവരെത്തന്നെ നശിപ്പിച്ചിരിക്കുന്നത്…. ഞാൻ ദേവന്മാരുടെ കർത്താവും, ജീവിക്കുന്ന ദൈവവുമാണ്. എന്തുകൊണ്ടാണ് ഞാൻ നിശ്ശബ്ദനാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് ഞാൻ മൃതനായിക്കഴിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്?
വാസുലാ, എൻറെ സൃഷ്ടികൾ എന്തായിത്തീർന്നിരിക്കുന്നെന്ന് ഞാൻ കുറച്ചുനാളായി നിന്നെ കാണിച്ചുകൊണ്ടിരിക്കുകയാണ്; ഇപ്പോഴും നിന്നെ കാണിച്ചുകൊണ്ടിരിക്കുന്നു.
എന്നോടു ബന്ധിക്കപ്പെട്ടിരിക്കുന്ന നിന്നെ എന്നോടൊപ്പം വലിച്ചിഴച്ചുകൊണ്ടുപോവുകയാണെന്ന് ഗ്രഹിക്കുക. ഈ ഊഷരഭൂമിയിൽ എന്തൊക്കെ ഉണ്ടായിരുന്നുവെന്നും, എന്തൊക്കെയുണ്ടെന്നും, എന്താണ് അവശേഷിച്ചിരിക്കുന്നതെന്നും നിന്നെ കാണിച്ചുകൊണ്ട് നിന്നെ ഞാൻ വലിച്ചിഴച്ചുകൊണ്ടുപോവുകയാണ്.
നിന്നെ മുറിപ്പെടുത്താതിരിക്കേണ്ടതിന് ഈ ഊഷരഭൂമിയിലുള്ള മുള്ളുകളും ഞെരിഞ്ഞിലുകളും ഞാൻ വെട്ടിയൊതുക്കി ചെറുതാക്കിക്കൊണ്ടിരിക്കുന്നു. അവ നിൻറെ ശരീരത്ത് തൊട്ടാൽ, എൻറെ കുഞ്ഞേ, നിൻറെ ശരീരം കീറിമുറിഞ്ഞ് കഷണങ്ങളായിമാറും. നിനക്കു കടന്നുപോകാനുള്ള വഴി വെട്ടിക്കൊണ്ട് ഞാൻ നിന്നോടൊപ്പം ഉണ്ട്.
ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു. ആ മുള്ളുകൾ നിന്നെ കീറിമുറിച്ച്, പരുക്കേല്പിച്ച്, കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ആ മുള്ളുകളുടെ സാമിപ്യം തന്നെ നിനക്ക് അതികഠിനമായ വേദനയ്ക്കു കാരണമാകുമെന്ന് എനിക്കറിയാം. എൻറെ വാസുലാ, ഞാൻ ഇതെല്ലാം കാണുന്നുണ്ട്. എൻറെ തിരുഹൃദയത്തിന് വളരെകൂടുതലായി മുറിവേറ്റിരിക്കുന്നു. എന്നാൽ, പ്രിയപ്പെട്ടവളേ, ഈ പരിത്യാഗങ്ങളൊന്നും വൃഥാവിലാവുകയില്ല.
ദേഹി, ഞാൻ നിന്നെ എത്രകൂടുതലായി സ്നേഹിക്കുന്നു. എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തുന്നു. മുട്ടുക; ഞാൻ വാതിൽ തുറന്നുതരും. വരൂ, എൻറെ സാന്നിദ്ധ്യത്തെക്കുറിച്ച് ഞാൻ നിന്നെ ഓർമ്മിപ്പിക്കും.
25.04.1988 Do not treat Me as a Stranger
( പതിവുപോലെ ഞാൻ മൂന്നു പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിച്ചു. “ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ” എന്നു മൂന്നുപ്രാവശ്യം പറഞ്ഞു.)
എൻറെ ദൈവമേ, യഥാർത്ഥത്തിൽ അങ്ങുതന്നെയാണോ ഇത്?
മകളേ, നിൻറെമേൽ ഞാൻ വർഷിക്കുന്ന എൻറെ ദാനങ്ങൾ ഗ്രഹിക്കുവാൻ നിനക്കു കഴിവില്ലെങ്കിലും, ഞാൻ നിന്നെ അളവറ്റവിധം അനന്തമായി സ്നേഹിക്കുന്നു. എനിക്കുവേണ്ടി ജീവിക്കുക. എനിക്ക് എപ്പോഴും പ്രഥമസ്ഥാനം നൽകുക. വാസുലാ, എൻറെ ഭവനമായ സഭ നാശാവസ്ഥയിലാണ്. എൻറെ സഭയെ പുതുക്കിപ്പണിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എപ്രകാരമാണ് എൻറെ സഭയെ പുതുക്കിപ്പണിയേണ്ടതെന്ന് ഞാൻ നിനക്കു കാണിച്ചുതരാം. സ്നേഹം സ്നേഹം ആഗ്രഹിക്കുന്നു. ഇപ്പോൾ സംസാരിച്ചതുപോലെതന്നെ എന്നോടു സംസാരിക്കുക. ഞാൻ നിൻറെ സമീപത്തുണ്ട്.
സ്വതന്ത്രമായി എൻറെ അടുക്കലേക്കു വരുക. നിൻറെ ഹൃദയം എനിക്കു തുറന്നുതരുക. ഞാൻ പരമപരിശുദ്ധനും, നിൻറെ ദൈവവുമാണെന്ന് മറക്കാതെ തന്നെ, നിൻറെ സുഹൃത്തായിട്ടും നിൻറെ പിതാവായിട്ടും എന്നെ കരുതുക.
അധരങ്ങളിൽനിന്നു പുറപ്പെടുന്ന ഗാംഭീര വാക്കുകളെക്കാൾ മാധുര്യമുള്ളതാണ് ഹൃദയത്തിൻറെ നിറവിൽനിന്നു പുറപ്പെടുന്ന വചനപ്രഘോഷണമെന്ന് അവരോടു പറയുക. എന്നെ ഒരു അപരിചിതനായി കരുതരുത്. കർത്താവായ ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
Notebook 24
26.04.1988 Call Me Abba
( ഞാൻ എന്തു പ്രവർത്തിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് എന്നതിനെപ്പറ്റി എൻറെ സഹോദരിയുമായി ഇന്നലെ സംസാരിക്കുന്നവേളയിൽ, സ്വാഭാവികമായ രീതിയിൽ ഞാൻ പറഞ്ഞു:”അച്ചാച്ച എന്നോട് ഇങ്ങനെ പറഞ്ഞു......".(Abba told me ….)
ഞാൻ പെട്ടെന്ന് സംഭഷണം നിർത്തി. കാരണം എൻറെ സഹോദരി അതിശയ ഭാവത്തിൽ എന്നെ നോക്കി. ഞാൻ കൈകൊണ്ട് എൻറെ വായ് പൊത്തിക്കൊണ്ട് പറഞ്ഞു: ഞാൻ ദൈവത്തെക്കുറിച്ച് അറിയാതെ പറഞ്ഞുപോയതാണെന്ന്.
പലപ്പോഴും ഞാൻ പറയാറുണ്ട്, എനിക്കു രണ്ടു കുടുംബങ്ങൾ ഉണ്ടെന്ന്. ഒന്ന് ഈ ഭൂമിയിൽ എനിക്കു നൽകപ്പെട്ട കുടുംബം. രണ്ടാമത്തേത്, സ്വർഗ്ഗത്തിലെ യഥാർത്ഥ തിരുകുടുംബം.)
കുഞ്ഞേ, എൻറെ മേലങ്കിയുടെ ഉള്ളിൽ നിലകൊള്ളുക. നീ എൻറെ അടുത്തു നിൽക്കുമ്പോൾ സാത്താൻറെ ആക്രമണത്തിൽപ്പെടാതെ നീ സുരക്ഷിതയായിരിക്കും. എല്ലാത്തരത്തിലുള്ള കെണികളും നിരത്തിവച്ചുകൊണ്ട് നിന്നെ തകർക്കുവാനുള്ള പരിശ്രമങ്ങൾ അവൻ ഇരട്ടിയാക്കിയിരിക്കുന്നു. എൻറെ കുഞ്ഞേ, അവൻ നിന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവൻ ഭയചകിതനാണ്; അതിനാൽ അവൻ എല്ലാത്തരത്തിലുള്ള കപടതന്ത്രങ്ങളും ഉപയോഗിക്കുന്നു. എൻറെ കുഞ്ഞേ, ഞാൻ ഇതു നിന്നോടു പറഞ്ഞതു നീ നിൻറെ പ്രാർത്ഥന ഇരട്ടിയാക്കുന്നതിനുവേണ്ടിയാണ്.
കർത്താവേ, ഞാൻ ഉപവസിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവോ? കർത്താവേ, ഉപവാസം ഇക്കാര്യത്തിൽ സഹായിക്കുമോ?
നീ ഉപവസിക്കാമോ?
അങ്ങ് ആഗ്രഹിക്കുന്നെങ്കിൽ ഞാൻ ഉപവസിക്കാം.
നീ ഉപവസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഞാൻ നിന്നെ സഹായിക്കാം.
വാസുലാ, നീ എന്നെ അച്ചാച്ച (ആബ്ബാ ), ഒരു രത്നംപോലെയാണ് ഞാൻ വാക്കിനെ സ്വീകരിച്ചത്. ലാളിത്യം ഞാൻ എത്രമാത്രം ഇഷ്ടപ്പെടുന്നെന്ന് നിനക്കറിഞ്ഞുകൂടാ. അതെ, നഗ്നപാദയെന്ന് ഞാൻ നിന്നെ വിളിച്ചിട്ടുണ്ട്. നിൻറെ ഹൃദയത്തിൽ നീ നഗ്നപാദ തന്നെയാണ്. (നിനക്കു ഹൃദയലാളിത്യം ഉണ്ട്.)
എന്നെ ശ്രവിക്കുക: എൻറെ പ്രകാശത്തിൽ ഞാൻ നിന്നെ സൃഷ്ടിച്ചു. എൻറെ സ്വർഗ്ഗീയ ആലയത്തിലേക്കു ഞാൻ നിന്നെ സ്വീകരിച്ചു. എൻറെ സമാധാനത്തിലും, എൻറെ കുരിശിലും, എൻറെ സ്നേഹത്തിലും പങ്കുചേരുവാൻ ഞാൻ നിന്നെ സ്വാഗതം ചെയ്തു. താമസിയാതെ ഞാൻ നിന്നെ മറ്റൊരു നാട്ടിലേക്കു മാറ്റും. അവിടെ നീ എൻറെ രാജ്യം വിസ്തൃതമാക്കും. അതിനുള്ള സമയമാകുമ്പോൾ ഞാൻ നിന്നെ ഉപദേശിക്കുകയും, വേണ്ടകാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യാം.
27.04.1988 Perverted Creation!
( കുറെ ദിവസങ്ങളായി സാത്താൻ എന്നെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ദൈവികസന്ദേശങ്ങൾ വഴി ദൈവം നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതുമായ നന്മകളെ മറക്കുവാൻ എന്നെ ഇടയാക്കിക്കൊണ്ട്, ഈ സന്ദേശങ്ങളിലൂടെ യാതൊരു നന്മയും ഉണ്ടാകില്ലെന്ന് സാത്താൻ നിരന്തരം എൻറെ ചെവിയിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. സാത്താൻ എൻറെ യാഥാർത്ഥ്യബോധം നഷ്ടപ്പെടുത്തി; എൻറെ ആത്മവിശ്വാസം അവൻ എടുത്തുമാറ്റി.
കർത്താവിനോടുള്ള എൻറെ സ്നഹത്തിന് കളങ്കമുള്ളതായി എനിക്കു തോന്നത്തക്കവിധം സാത്താൻ എൻറെ സ്നേഹത്തെ മറച്ചുകളഞ്ഞു. ലോകത്തിലെ ജീവിതം എത്ര യഥാർത്ഥമാണെന്നും, ആത്മീയജീവിതം എത്രമാത്രം മായയാണെന്നുമുള്ള ചിന്തകളാൽ അവൻ എൻറെ മനസ്സിനെ വേട്ടയാടി. എനിക്കു മനോവ്യഥകളുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളാൽ അവൻ എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
കർത്താവ് എനിക്ക് ഇതിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. ദൈവികസന്ദേശങ്ങൾ കൂടുതലായി എനിക്കു ലഭിക്കുന്നതനുസരിച്ച്, സാത്താൻറെ ശല്യങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നു. ഇതിൻറെ പിന്നിൽ സാത്താനാണെന്ന് എനിക്കറിയാമായിരുന്നു, കാരണം എന്നിൽ അസമാധാനവും, നിരാശയും അവൻ വിതയ്ക്കുന്നുണ്ടായിരുന്നു.)
കർത്താവു സ്തുതിക്കപ്പെടട്ടെ! ദൈവത്തിനു മഹത്ത്വം!
(വിശുദ്ധ മിഖായേൽ മലാഖയോടും പരിശുദ്ധ മാതാവിനോടുള്ള പ്രാർത്ഥന ഞാൻ ചൊല്ലിക്കഴിഞ്ഞപ്പോൾ, വിശുദ്ധ മിഖായേൽ മാലാഖ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് ഞാൻ കേട്ടു.)
പുഷ്പമേ, എന്നിൽ വിശ്വസിക്കുക. വാസുലാ, പ്രാർത്ഥിക്കുക; നിരന്തരം പ്രാർത്ഥിക്കുക. എൻറെ വാസുലാ, മനുഷ്യർ അവരുടെ കണ്ണുകളും, ചെവികളും തുറന്ന് ദൈവിക പ്രവൃത്തികൾ ഗ്രഹിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. നീതി വിജയം വരിക്കും.
വഴിപിഴച്ച സൃഷ്ടികളേ! നിങ്ങളുടെ പാപങ്ങളോടു താരതമ്യം ചെയ്യുമ്പോൾ സോദോം നിവാസികളുടെ പാപങ്ങൾ എത്രയോ നിസ്സാരമാണെന്നു തോന്നും. സോദോമിൻറെ പാപങ്ങൾ ഗുരുതരാമായിരുന്നു. എന്നാൽ, നിങ്ങളുടെ പാപങ്ങൾ നിത്യതയെത്തന്നെ ഭേദിച്ചിരിക്കുന്നു!
ഗരബന്ദാളിലെ ദൈവീക സന്ദേശങ്ങൾ മറഞ്ഞിരിക്കുകയില്ല. ഗരബന്ദാളിലെ കൃപാദാനങ്ങൾ നിലനിൽക്കും!
യേശുവേ, എൻറെ യേശുവേ! വീണ്ടും അങ്ങയോടൊപ്പമായിരിക്കുവാൻ സാധിക്കുന്നതിൽ എനിക്കു വളരെ സന്തോഷമുണ്ട്!
വരൂ, യേശുവായ ഞാൻ ഒരിക്കലും നിന്നെ പരിത്യജിച്ചിട്ടില്ല. ഈ പരീക്ഷണങ്ങളെ സ്വീകരിക്കുക. എല്ലാം എന്നിൽനിന്നാണ് വരുന്നത്.
വാസുലാ, സാത്താൻ നിന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാൽ നീ നിദ്രാലസയാകരുത്; ജാഗ്രതയുള്ളവളായിരിക്കുക. ഉറക്കം പാപത്തിലേക്കു നയിക്കുന്നു; നീ ജാഗ്രത പാലിച്ചില്ലെങ്കിൽ, നീ പെട്ടെന്ന് സാത്താൻറെ കെണിയിൽ ഇരയായി വീഴും. ജാഗ്രത പാലിക്കുക. ശ്രദ്ധിക്കുക. നിനക്കു ജാഗ്രതയുള്ളപ്പോൾ, നീ എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്നു. എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക.
(ഈ ദിവസങ്ങളിൽ, സാത്താൻറെ ആക്രമണം ഉണ്ടായ അവസരങ്ങളിൽ, യേശു എന്നെ ഉറക്കത്തിൽനിന്നു പിടിച്ചുണർത്തുമായിരുന്നു.)
30.04.1988 Treason has entered in My Sanctuary. Stay Awake
യേശുവേ?
ഞാനാണ്. ഞാൻ എന്നെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. വാസുലാ, എൻറെ വചനം ഞാൻ നിന്നിൽ ആലേഖനം ചെയ്തുകൊണ്ടിരിക്കുന്നു; എന്നെ ഗ്രഹിക്കുന്നതിനുവേണ്ടി എന്നോടു താദാത്മ്യപ്പെടുക.
സൃഷ്ടികളേ, ഞാൻ നിങ്ങളെ ഭോഷത്തത്തോളം സ്നേഹിക്കുന്നു. എന്നാൽ, നിങ്ങൾ എന്നിൽനിന്നു പിന്തിരിഞ്ഞു പോയിയിരിക്കുന്നു. ഒരു പ്രവാസത്തിന് ഇടനൽകിക്കൊണ്ട്, എൻറെ ആലയമായ സഭയിൽ വിശ്വാസദ്രോഹം കടന്നുകയറിയിരിക്കുന്നു.
പ്രിയപ്പെട്ട വാസുലാ, എന്നെ പൂർണ്ണമായി വിവേചിച്ചറിയുവാൻ പരിശ്രമിക്കുക.
( പിന്നീട് )
യേശുവേ?
ഞാനാണ്.
( ഇപ്പോൾ യേശുവിൻറെ സാന്നിദ്ധ്യം എനിക്ക് വളരെ വ്യക്തമായി വിവേചിച്ചറിയുവാനും, അനുഭവിക്കുവാനും സാധിക്കുന്നു. സാത്താൻ എന്നെ ആക്രമിച്ചുകൊണ്ടിരുന്ന കഴിഞ്ഞ ഏതാനും ദിവസങ്ങളിലേതിനേക്കാൾ, ഒരു മൂടൽ മഞ്ഞിൽനിന്നു ഞാൻ പുറത്തുകടന്നതുപോലെ, എനിക്കു വളരെ വ്യക്തമായി യേശുവിനെ അനുഭവിച്ചറിയുവാൻ സാധിക്കുന്നു.
യേശു ഭൂമിയിൽ ശരീരത്തോടെ ജീവിച്ചിരുന്ന കാലത്തെന്നപോലെ, അല്ലെങ്കിൽ യേശു ഭൂമിയിലുണ്ടായിരുന്ന കാലത്തിലേക്കു ഞാൻ പോയതുപോലെ, എനിക്കു അവിടുത്തെ വ്യക്തമായി അനുഭവിച്ചറിയുവാൻ സാധിക്കുന്നു. സർവ്വവും സജീവവും, അത്ഭുതകരവുമായിരിക്കുന്നു.)
വാസുലാ, ഞാൻ ആഗ്രഹിക്കുന്നത് സ്നേഹം മാത്രമാണ്. ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും വിജ്ഞാനികളിൽനിന്നും മറച്ചുവച്ചുകൊണ്ട്, വെറും ശിശുക്കളെ പഠിപ്പിക്കുന്നതിനെപ്രതി ദൈവത്തിനു മഹത്ത്വം ഉണ്ടായിരിക്കട്ടെ.
( ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു തല ഉയർത്തി മുകളിലേക്കു നോക്കി. യേശു പറയുന്നകാര്യങ്ങൾ യുക്തിപൂർവ്വം പരിശോധിക്കാതെ, നിഷ്ക്കളങ്കതയോടെ വിശ്വസിച്ചു സ്വീകരിക്കുന്നതിൽ യേശു സംപ്രീതതനായി കാണപ്പെട്ടു. നമ്മൾ അന്ധമായി, സത്യസന്ധമായി അവിടുത്തെ വിശ്വസിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.)
ഞാൻ ആൽഫയും ഒമേഗയുമാണ്; ആദിയും അന്ത്യവും ഞാനാണ്.
( യേശുവിൻറെ സാന്നിദ്ധ്യം എനിക്കു വളരെ സജീവമായി അനുഭവിച്ചറിയുവാൻ സാധിച്ചു. യേശുവിൻറെ സജീവമായ ചലനോത്മകത എൻറെ ദേഹീ, ദേഹത്തെ ചലനാത്മകമാക്കി. ഈ അനുഭവം വാക്കുകളാൽ വിവരിക്കുവാൻ വിഷമമാണ്.
യേശുവിൻറെ സമാധാനം എന്നെ ആവരണം ചെയ്തിരുന്നു. അത്ഭുതകരമായ അനുഭവമാണ് എനിക്കുണ്ടായത്. ഒരു സ്നേഹ സമുദ്രത്തിൽ മുങ്ങിയതുപോലെയുള്ള അനുഭവം എനിക്കനുഭവിക്കുവാൻ കഴിഞ്ഞു. ഒരു സുതാര്യത എനിക്കനുഭവപ്പെട്ടു. സന്തോഷാശ്രുക്കൾ എൻറെ കണ്ണുകളിൽനിന്നു കവിളുകളിലൂടെ ഒഴുകിയിറങ്ങി.)
എൻറെ സാന്നിദ്ധ്യത്തെ ഒരിക്കലും സംശയിക്കരുത്. വാസുലാ, ഇപ്പോൾ എൻറെ സമീപം നിലകൊള്ളുക. നീ പ്രാർത്ഥിക്കുക; ഞാൻ നിന്നെ ശ്രവിക്കാം.
( ഞാൻ പ്രാർത്ഥിച്ചു.)
ഞാൻ നിൻറെ ഓരോ വാക്കും ശ്രദ്ധിച്ചുകേട്ടു.
( സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഞാൻ ഹൃദയപൂർവ്വം, സാവധാനത്തിൽ പ്രാർത്ഥിച്ചു. ഈ സമയത്ത് എൻറെ കണ്ണുകളിൽനിന്നു കണ്ണൂനിർ ധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.)
വരൂ, ഞാനും നീയും; നീയും ഞാനും ഒരുമിച്ചു, എപ്പോഴും എന്നേക്കും. ദേഹി, യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ, നമുക്ക്.
(പിന്നീട് )
വാസുലാ, നീ എൻറെ അടുക്കൽ ആയിരിക്കുന്നതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. അല്ലയോ വാസുലാ, എത്രയോ തവണ ഞാൻ നിന്നെക്കുറിച്ചു ഭയപ്പെട്ടിട്ടുണ്ട്.
സാത്താൻ നിന്നെ വെറുക്കുന്നു; എൻറെ പദ്ധതികളെ തകർക്കണമെന്ന് അവൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അവൻറെ കേപവെറിയിൽ അവൻ നിനക്കു പല മനോവ്യഥകളും ഉണ്ടാക്കുന്നു. അവൻ നിന്നോടു നുണ പറയുന്നു. നിന്നെ നിരാശയിലേക്കു തള്ളിയിടുവാൻ അവൻ പരിശ്രമിക്കുന്നു.
മകളേ, അവൻറെ ആക്രമണത്തെക്കുറിച്ചു ഞാൻ നിനക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. അനുഗ്രഹിക്കപ്പെട്ടവളേ, സാത്താന് വഴങ്ങിക്കൊടുക്കരുത്. എന്നോടു ചേർന്നുനിൽക്കുക. എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കുവാൻ ഞാൻ നിന്നെ സഹായിക്കുന്നുണ്ട്.
വാസുലാ, നീ ജാഗ്രത വെടിഞ്ഞ് ഉറങ്ങിയാൽ സാത്താൻ എളപ്പത്തിൽ നിന്നെ സമീപിക്കുമെന്ന് ഓർക്കണം. കുഞ്ഞേ, അതിനാൽ ജാഗ്രതയുള്ളവളായിരിക്കുക. എപ്പോഴും ജാഗ്രതയുണ്ടായിരിക്കുക. എപ്പോഴും സൂക്ഷിക്കുക.
കർത്താവേ, പ്രാർത്ഥിച്ചുകൊണ്ടാണോ?
അതെ, പ്രാർത്ഥിച്ചുകൊണ്ട് ജാഗ്രത പാലിക്കുക. പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക.
(പ്രാർത്ഥന സാത്താനെ നമ്മിൽനിന്ന് അകറ്റിനിർത്തുമെന്ന് യേശു എന്നെ ബോദ്ധ്യപ്പെടുത്തി. ദൈവസന്നിധിയിൽ എത്തുന്ന പ്രാർത്ഥനകൾ സാത്താനെ നമ്മിൽനിന്നും ഒടിക്കും.)
01.05.1988 Your Home is in My Sacred Heart
വാസുലാ, എൻറെ സ്വരം ശ്രദ്ധിച്ചു ശ്രവിക്കുക; എന്നോടു താദാത്മ്യപ്പെടുക. എൻറെ സർവ്വശക്തിയെയും, നിത്യതയെയും കുറിച്ചു ധ്യാനിക്കുക. നിൻറെ മനസ്സ് എന്നിലേക്ക് ഉയർത്തുക. നിൻറെ ഭവനം എൻറെ തിരുഹൃദയത്തിലാണ്. എൻറെ പരിശുദ്ധാത്മാവ് നിന്നെ നിദ്രയിൽനിന്ന് ഉണർത്തി.
മകളേ, നീ വിവേചിച്ചറിഞ്ഞതെല്ലാം ശരിയാണ്.
(“എൻറെ പരിശുദ്ധാത്മാവ് നിന്നെ നിദ്രയിൽനിന്ന് ഉണർത്തി” എന്ന് യേശു പറഞ്ഞപ്പോൾ ഒരു പ്രാവ് അനേകം മൃതശരീരങ്ങളുടെ മുകളിൽ ചിറകടിച്ചു പറക്കുന്നത് ഞാൻ ദർശനത്തിൽ കണ്ടു. ആ മൃതശരീരങ്ങളിൽ ഒരണ്ണം ഞാനായിരുന്നു. അപ്പോൾ സ്വർഗ്ഗത്തിൽനിന്ന് ഒരു പ്രകാശരശ്മി എന്നിലേക്കു പതിച്ചു. ഉടനെ ഞാൻ ജീവനിലേക്കുണർന്നു.)
വാസുലാ, എൻറെ പ്രവൃത്തികളിൽ തുടർന്നു പ്രവർത്തിക്കുവാൻ നീ തയ്യാറാണോ?
ഞാൻ പ്രവൃത്തിക്കണമെന്ന് അങ്ങ് ഇപ്പോഴും ആഗ്രഹിക്കുന്നെങ്കിൽ, കർത്താവേ, ഞാൻ തയ്യാറാണ്. എൻറെ കഴിവില്ലായ്മയെക്കുറിച്ച് അങ്ങ് ഓർക്കണമെ. കർത്താവേ, എന്നെ സഹായിക്കണമെ. എന്നോട് ഇത്രമാത്രം ക്ഷമ കാണിക്കുന്നതിന്, കർത്താവേ, അങ്ങേയ്ക്കു നന്ദി. ഞാൻ ഒട്ടും അർഹിക്കാത്ത അങ്ങയുടെ കൃപാദാനങ്ങൾ എൻറെമേൽ വർഷിക്കുന്നതിന് അങ്ങേയ്ക്കു നന്ദി. എൻറെ മരണം വരെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.)
മകളേ, ഞാൻ നിന്നെ സ്നേഹിക്കുന്നു; ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എൻറെ ഈ ദൈവീകസന്ദേശങ്ങൾ മനുഷ്യർ നിന്ദിച്ചിട്ടുള്ള എൻറെ അനേകം മറഞ്ഞിരിക്കുന്ന പ്രവൃത്തികളെ പ്രകാശിപ്പിച്ചു പുറത്തുകൊണ്ടുവരും.
ഞാൻ സൗഖ്യമാക്കി, ഉയിർപ്പിച്ച കുഞ്ഞേ, എൻറെ തിരുഹൃദയത്തിൻറെ ഉള്ളറകളിലേക്കു നിനക്കു പ്രവേശിക്കുവാൻ കഴിയേണ്ടതിന് ചെറുതായി നിലകൊള്ളുക. നമ്മൾ, നമുക്ക്?
അതെ കർത്താവേ, നമ്മൾ, നമുക്ക്.
02.05.1988 Pray with Love
(കർത്താവിൻറെ സാന്നിദ്ധ്യത്തിൽ, ഇപ്രകാരം അവിടുത്തെ സന്ദേശം എഴുതിക്കൊണ്ടിരിക്കെ, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന കർതൃപ്രാർത്ഥന ചൊല്ലുവാൻ അവിടുന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ വളരെ സാവധാനത്തിൽ, ധ്യാനപൂർവ്വം, ആ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചു. എൻറെ ഹൃദയത്തിൽനിന്നു പുറപ്പെടുന്ന ആ പ്രാർത്ഥന കർത്താവ് ശ്രദ്ധിക്കുന്നുണ്ടെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, അവിടുന്ന് തലകുലുക്കുന്നുതുപോലെ എനിക്കു തോന്നി. അവിടുന്ന് എനിക്ക് അഭിമുഖമായിരിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ഈ വിധത്തിലുള്ള പ്രാർത്ഥന കർത്താവ് അംഗീകരിക്കുന്നു.)
.
വാസുലാ, ഈ വിധത്തിൽ പ്രാർത്ഥിച്ചുകൊണ്ട്, എന്നെ തൃപതിപ്പെടുത്തുക. സ്നേഹപൂർവ്വം പ്രാർത്ഥിക്കുക.
(ഞാൻ മുട്ടുകുത്തിക്കൊണ്ടാണ് പ്രാർത്ഥിച്ചത്.)
മണവാട്ടി, എൻറെ അമ്മയും എൻറെ വിശുദ്ധരുമൊത്ത് ഞാൻ നിന്നെ തിന്മയിൽനിന്നു കാത്തുരക്ഷിക്കുന്നു. ഞങ്ങൾ എല്ലാവരും നിൻറെ സമീപത്തുണ്ട്.
എൻറെ കർത്താവേ, പിശാചിൽനിന്ന് എന്നെ സംരക്ഷിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.
04.05.1988 I Am Alive and I will Act. The Time is almost over
(ജപമാലയുടെ ഒരു ഭാഗം ഞാൻ പ്രാർത്ഥിച്ചു. ഒരുപക്ഷേ, ഞാൻ ശരിയായ വിധത്തിൽ പ്രാർത്ഥിച്ചിട്ടില്ലായിരിക്കാം. എങ്കിലും ഞാൻ വേണ്ടവിധം പ്രാർത്ഥിക്കുവാൻ പരിശ്രമിക്കുന്നു. തുടർന്ന് യേശു നിർദ്ദേശിച്ചിട്ടുള്ള മൂന്നു പ്രാർത്ഥനകൾ ഞാൻ ചൊല്ലി. ഈ സന്ദേശം വായിക്കുന്നവർ അറിയുന്നതിനുവേണ്ടി ആ മൂന്നു പ്രാർത്ഥനകളും ഞാൻ എഴുതുന്നുണ്ട്.)
യേശുവേ?
ഞാനാണ്. നിനക്ക് എൻറെ സമാധാനം ഉണ്ടാകട്ടെ. ഇതു കർത്താവായ ഞാനാണ്. നീ ഭയപ്പെടരുത്.
(യേശുവിനു പകരം പിശാച് യേശുവായി നടിച്ചുകൊണ്ട് എന്നെ സമീപിക്കുന്നതാണോ എന്ന് ഞാൻ ചിലപ്പോൾ ഭയത്തോടെ ചിന്തിക്കാറുണ്ട്. അത്തരം സന്ദർഭങ്ങൾ ഞാൻ പെട്ടെന്ന് വിവേചിച്ചറിയാറുണ്ട്. ഞാൻ വിചിച്ചറിഞ്ഞുകഴിഞ്ഞാൽ ഉടൻതന്നെ പിശാച് ഓടി അകലും.)
കർത്താവേ, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?
( ദൈവത്തെ തൃപതിപെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.)
എന്നെ ആരാധിക്കുക! മെഡ്ജുഗോറിയായിലെ എൻറെ വിശുദ്ധ കുരിശ് സജീവമായി ജ്വലിക്കുന്നു. എൻറെ ദൈവീക പ്രവൃത്തികളുടെ സഖ്യമായി നിലകൊള്ളുന്ന, വാഗ്ദാനപേടകമായ എൻറെ അമ്മയിലൂടെ നൽകിക്കൊണ്ടിരിക്കുന്ന കൃപാദാനങ്ങളാൽ ആ പ്രദേശം മുഴുവനും ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.
(യുഗോസ്ലോവിയിലെ മെഡ്ജ്ഗോറിയ ഒരു ഗ്രാമമാണ്. 1981 നുശേഷം, ഏതാനും ബാലിക ബാലൻമാർക്കു പരിശുദ്ധമറിയം ദൈവീക സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.)
(കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൈവം എന്നെ മലമുകളിലുള്ള ഒരു വലിയ കുരിശ് ദർശനത്തിലൂടെ കാണിച്ചുതന്നുകൊണ്ടിരിക്കുകയായിരുന്നു. ആ കുരിശ് ജ്വലിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കത്തിക്കൊണ്ടിരിക്കുകയല്ല, നേരെമറിച്ച് കുരിശിൻറെ ഉള്ളിൽനിന്ന് പ്രകാശിക്കുന്ന തരത്തിലുള്ള ജ്വലനം. അഗ്നിയാൽ ജ്വലിക്കാത്ത എന്നാൽ പ്രകാശം പരത്തുന്ന ഒരു കുരിശാണ് ഞാൻ ദർശനത്തിൽ കണ്ടത്.)
എന്നെ ശ്രവിക്കുക. കുറഞ്ഞ കാലത്തിനുള്ളിൽ അവിശ്വാസികൾ ആ മലമുകളിൽ മുട്ടുകുത്തുവാൻ ഞാൻ ഇടയാക്കും. എൻറെ വിശുദ്ധ കുരിശ് സജീവവമായ ജ്വാലയാൽ ജലിച്ചുകൊണ്ടിരിക്കുന്നു.
(ഇവിടെയുള്ള അഗ്നി എന്താണ് സൂചിപ്പിക്കുന്നതെന്ന് ഞാൻ കർത്താവിനോടു ചോദിച്ചപ്പോൾ അവിടുന്ന് എനിക്കു തന്ന മറുപടി: ജീവൻ എന്നായിരുന്നു.)
വാസുലാ, ആ മണിക്കൂർ ആസന്നമായിരിക്കുന്നു; വളരെ ആസന്നമായിരിക്കുന്നു. വരിക! എൻറെ പ്രിയപ്പെട്ടവരെ! എൻറെ അടുക്കലേക്കു വരിക.
(പെട്ടെന്ന്, യേശുവിൻറെ തിരുഹൃദയത്തിൽനിന്നു പുറപ്പെട്ടതാണിത്.)
ഞാനാണ് വഴിയും, സത്യവും, ജീവനും. സമയമുള്ള ഇപ്പോൾത്തന്നെ എൻറെ അടുക്കലേക്കു വരിക. പുല്ലു പച്ചയായിട്ടും, വൃക്ഷങ്ങളിൽ പുഷ്പങ്ങളും ഉള്ള ഇപ്പോൾത്തന്നെ എൻറെ അടുക്കലേക്കു വരിക. നിങ്ങൾ എൻറെ അടുക്കലേക്കു വരിക! ഞാൻ നിങ്ങളെ അതിയായി സ്നേഹിക്കുന്നു.
(യേശു നമ്മോടു യാചിക്കുന്ന രീതിയിലാണ് സംസാരിച്ചത്.)
ദുഷ്ടതയും, ദുഷിച്ച പ്രവൃത്തികളും നിങ്ങൾക്കുണ്ടെങ്കിലും ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിച്ചിരുന്നു. സൃഷ്ടികളേ, എന്തിനാണ് നിങ്ങളെത്തന്നെ സാത്താൻറെ പാദങ്ങളിലേക്ക് വച്ചുകൊടുക്കുന്നത്? സൃഷ്ടികളേ, വസന്തകാലത്തിലെ ഇളംങ്കാറ്റു വീശിക്കൊണ്ടിരിക്കുന്ന ഇപ്പോൾ, മാനസാന്തരത്തിന് അവസരമുള്ള ഇപ്പോൾത്തന്നെ എൻറെ അടുക്കലേക്കു വരിക.
അല്ലയോ വാസുലാ, ആ മണിക്കൂർ ഏതാണ്ട് അവസാനിക്കാറായി. സംഭവിക്കാനിരിക്കുന്നത് നിങ്ങളുടെ വളരെ സമീപത്ത് എത്തിയിരിക്കുന്നു!
(യേശു ഇതു പറഞ്ഞുകൊണ്ടിരിക്കെ, ഒരു ദർശനത്തിൽ അതിഭയാനകമായ, വിഷമുള്ള, ഒരു മാരകമായ ഉഷ്ണക്കാറ്റു വീശിയടിക്കുന്നത് ഞാൻ കണ്ടു. ആ കാറ്റു വീശിയടിച്ചിടത്തെല്ലാം- മനുഷ്യരെയും പ്രകൃതിയേയും കൊന്നൊടുക്കിക്കളഞ്ഞു.)
ജീവനുള്ള എൻറെ വചനത്തെ കുഴിച്ചുമൂടാമെന്ന് എന്തുകൊണ്ടാണ് മനുഷ്യർ ചിന്തിക്കുന്നത്?
അറപ്പുളവാക്കുന്ന മുടന്തുള്ള ഒരു മൃഗത്തിനു തുല്യമായി വിശ്വാസം വിരൂപമാക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലാണ് വിശ്വാസത്തെ അവർ അവതരിപ്പിച്ചത്. ദൈവീകവും സജീവവുമായ സകലത്തെയും ഈവിധത്തിൽ വിരൂപമാക്കിക്കൊണ്ട്, വിശുദ്ധമായതിനെയെല്ലാം ഭയപ്പെടുവാനും, അവയിൽനിന്ന് ഓടിയകലാനും നിങ്ങളെ ഇടവരുത്തി. നിങ്ങളുടെ ദൈവം നിശ്ശബ്ദനും, മൃതനുമായി കഴിയണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?
ഞാൻ ജീവിക്കുന്നു; സജീവമായിത്തന്നെ ഞാൻ പ്രവൃത്തിക്കും. സഭാധികാരികൾ നിന്നെ നിരന്തരം നിഷേധിക്കും. ഫരിസേയർ എന്നെ നിഷേധിച്ചു, കാരണം സർവ്വ അധികാരവും ആധിപത്യവും അവരുടെ കൈയ്യിലാണെന്ന് അവർ വിശ്വസിച്ചു. ഉന്നതത്തിൽനിന്ന് അധികാരവും ആധിപത്യവും ലഭിച്ചാലല്ലാതെ അവർക്കു യാതൊന്നും പ്രവർത്തിക്കുവാൻ കഴിയില്ലെന്നുള്ളത് അവർ മറന്നുപോയിരുന്നു.
ഞാനാണ് അധികാരി; അധികാരം എനിക്കായിരുന്നു; അധികാരം എന്നന്നേക്കും നിത്യതയോളം എൻറെതായിരിക്കും.
ഇപ്പോഴെത്തെപ്പോലെ, എൻറെ ദൈവീക പ്രവൃത്തികളെ നിഷേധിക്കുന്നവർ തങ്ങളുടെ അഹങ്കാരത്താൽ അന്ധമാക്കപ്പെട്ടിരിക്കുന്നു. അവരുടെ അഹങ്കാരം അവരെ മറച്ചുകളയുന്നു. വീണ്ടും വീണ്ടും തെറ്റുകൾ ആവർത്തിക്കുന്ന അന്ധരായ വഴികാട്ടിളാണ് അവർ. പുറമെ വെടിപ്പും ഭംഗിയും പ്രദർശിപ്പിക്കുന്ന അവരുടെ ഉള്ളറകൾ ജീർണ്ണതും, മൃതരുടെ അസ്ഥികളും കൊണ്ട് നിറഞ്ഞ ശവക്കല്ലറ പോലെയാണ്!
എന്നെ പ്രസാദിപ്പിക്കുന്ന, ശിശുസഹചമായ വിശ്വാസമാകുന്ന അരക്കച്ച നീ ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതെ, ഈ അരക്കച്ച ഒരു അടയാളമാകട്ടെ. നീ നഗ്നപാദയാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നീ സന്യാസിമാരെപ്പോലെ ആയിത്തീരുവിൻ. എൻറെ പഴയ വസ്ത്രങ്ങൾ നീ ധരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ വസ്ത്രങ്ങൾ വളരെ ലളിതമാണ്.
(യേശു രൂപകങ്ങളിലൂടെ സംസാരിക്കുകയാണ് ഇവിടെ. എല്ലാത്തിനും പ്രതീകാത്മകമായ അർത്ഥങ്ങളുണ്ട്. എന്നാൽ, എനിക്ക് അത് ആദ്യം മനസ്സിലായില്ല. ഞാൻ വാച്യാർത്ഥമാണ് ആദ്യം മനസ്സിലാക്കിയത്.)
പ്രിയപ്പെട്ട കർത്താവേ, നമ്മൾ ഒരു പ്രത്യേക വിഭാഗക്കാരാണെന്ന് മനുഷ്യർ ചിന്തിച്ചേക്കാം!
അല്ലയോ, വാസുലാ, നീ അർത്ഥം മുഴുവനും മനസ്സിലാക്കുന്നില്ല. മകളേ, ഞാൻ നിനക്കു ബോധജ്ഞാനം നൽകാം. എൻറെ പഴയ വസ്ത്രങ്ങൾ എന്നതുകൊണ്ട് ഞാൻ എന്താണ് അർത്ഥമാക്കുന്നതെന്ന് നിനക്കു പറഞ്ഞുതരാം. ഇന്നു നിനക്കു ലഭിച്ച വിവേചനത്തെപ്രതി, ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ സ്നേഹത്തെക്കുറിച്ച് ഒരിക്കലും സംശയിക്കരുത്. എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക.
അതെ, കർത്താവായ യേശുവേ, അങ്ങേയ്ക്കു നന്ദി.
അനുദിനം പ്രാർത്ഥിക്കേണ്ടതിന് യേശു വാസുലായ്ക്കു നൽകിയ പ്രാർത്ഥനകൾ ചുവടെ കൊടുത്തിരിക്കുന്നു.
എൻറെ ദൈവമായ കർത്താവേ, ഈ അന്ധകാരത്തിൽനിന്ന് അങ്ങയുടെ പ്രകാശത്തിലേക്ക് എന്നെ ഉയർത്തണമെ. അങ്ങയുടെ തിരുഹൃദയത്തിൽ എന്നെ മറയ്ക്കണമെ. അങ്ങയുടെ തിരുവചനത്താൽ എന്നെ പോഷിപ്പിക്കണമെ. അങ്ങയുടെ പരിശുദ്ധ നാമത്തിൽ എന്നെ അഭിഷേകം ചെയ്യണമെ. അങ്ങയുടെ പ്രഭാഷണം ശ്രവിക്കുവാൻ എന്നെ ഒരുക്കണമെ. അങ്ങയുടെ മധുര സൗരഭ്യം വീശിക്കൊണ്ട് എന്നെ പുനർജ്ജീവിപ്പിക്കണമെ. അങ്ങയുടെ ആത്മാവിനെ ആനന്ദിപ്പിക്കുവാൻ എന്നെ വശീകരിക്കണമെ. പിതാവേ, അങ്ങയുടെ പരിശുദ്ധമായ മീറാ എൻറെമേൽ വീഴ്ത്തിക്കൊണ്ട് അങ്ങയുടെ പൈതലായി എന്നെ അലങ്കരിക്കണമെ
അങ്ങയുടെ ആത്മാവ് എനിക്കു ജീവൻ നൽകി. ജീവൻറെ അപ്പമായ അങ്ങ് എൻറെ ജീവനെ പുനരുദ്ധരിച്ചു. അങ്ങയുടെ തിരുരക്തം പാനം ചെയ്യുവാൻ നൽകിക്കൊണ്ട്, അങ്ങയോടൊപ്പം നിത്യതയിൽ പങ്കുചേർന്ന് അങ്ങയുടെ രാജ്യത്തിൽ എന്നേക്കും ജീവിക്കുവാൻ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു. ആമ്മേൻ.
പരിശുദ്ധ മാതാവു നൽകിയ പ്രാർത്ഥന
കരുണയുള്ള പിതാവേ, വീണ്ടും വീണ്ടും കേൾക്കുകയും, എന്നാൽ ഒരിക്കലും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവർ ഇത്തവണ അങ്ങയുടെ സ്വരം ശ്രവിക്കുവാനും, പരിശുദ്ധരിൽ പരിശുദ്ധനായ അങ്ങയെ മനസ്സിലാക്കുവാനും അനുവദിക്കണമെ.
കണ്ടിട്ടും ഒരിക്കലും ഗ്രഹിക്കാത്തവർ ഇത്തവണ അങ്ങയുടെ പരിശുദ്ധ മുഖവും അങ്ങയുടെ മഹത്ത്വവും ദർശിക്കുവാൻ അവരുടേ കണ്ണുകളെ തുറക്കണമെ.
അവരുടെ ഹൃദയം തുറന്നുകൊണ്ട് അങ്ങയുടെ വിശ്വസ്തത മനസ്സിലാക്കേണ്ടതിന് അവരുടെ ഹൃദയത്തിൽ അങ്ങു വിരൽ വയ്ക്കണമെ.
നീതിമാനായ പിതാവേ, അങ്ങയുടെ പ്രിയപുത്രൻ യേശുക്രിസ്തുവിൻറെ മുറിവുകളാൽ എല്ലാ ജനതകളും മാനസാന്തരപ്പെടുന്നതിനും സുഖപ്പെടുന്നതിനുമായി ഞാൻ ഇക്കാര്യങ്ങൾ പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. ആമ്മേൻ.
യേശുവിൻറെ തിരുഹൃദയത്തിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടുള്ള പ്രാർത്ഥന
ഓ കർത്താവായ യേശു ക്രിസ്തുവേ, അങ്ങയുടെ ഏറ്റവും പരിശുദ്ധമായ തിരുഹൃദയത്തിലേയ്ക്ക് ഈ നിയോഗം (നിയോഗം സമർപ്പിക്കുക) ഞാൻ വിശ്വസിച്ചർപ്പിക്കുന്നു.
എൻറെ നേരെ ദൃഷ്ടി അയക്കുക മാത്രം ചെയ്യണമെ. അങ്ങയുടെ തിരുഹൃദയം പ്രചോദിപ്പിക്കുന്നതു ചെയ്താലും. അങ്ങയുടെ തിരുഹൃദയം തീരുമാനിക്കട്ടെ. ഞാൻ അതിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു. ഞാൻ അങ്ങയുടെ തിരുഹൃദയത്തിൻറെ കാരുണ്യത്തിൽ അഭയം തേടുന്നു.
കർത്താവായ യേശുവേ, അങ്ങ് എന്നെ കൈവിടുകയില്ല. യേശുവിൻറെ തിരുഹൃദയമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു. യേശുവിൻറെ തിരുഹൃദയമേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിൽ ഞാൻ വിശ്വസിക്കുന്നു. യേശുവിൻറെ തിരുഹൃദയമേ, അങ്ങയുടെ രാജ്യം വരട്ടെ.
യേശുവിൻറെ തിരുഹൃദയമേ, ഞാൻ അനേകം അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, ഈ ആവശ്യത്തിനായി ഞാനിപ്പോൾ തീക്ഷ്ണമായി യാചിക്കുന്നു. ഇതു സ്വീകരിക്കണമെ. ഇത് അങ്ങയുടെ തിരുഹൃദയത്തിൽ വയ്ക്കണമെ. അങ്ങയുടെ അമൂല്യ രക്തത്താൽ ആവരണം ചെയ്യപ്പെട്ട് ഇതിനെ കാണുമ്പോൾ നിത്യപിതാവ് ഇതു നിരസിക്കുകയില്ല. ഇനി ഒരിക്കലും ഇത് എൻറെതല്ല, യേശുവേ, അങ്ങയുടെ പ്രാർത്ഥനയായിരിക്കും. യേശുവിൻറെ തിരുഹൃദയമേ, ഞാൻ അങ്ങിൽ വിശ്വാസമർപ്പിക്കുന്നു. എനിക്കൊരിക്കലും ലജ്ജിക്കാനിടവരാതിരിക്കട്ടെ. ആമ്മേൻ.
മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന
മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, പോരാട്ട സമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമെ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലുംനിന്നു ഞങ്ങളെ രക്ഷിക്കണമെ. ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. മനുഷ്യരെ നശിപ്പിക്കാൻ ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗ്ഗീയ സൈന്യാധിപാ, അങ്ങ് ദൈവത്തിൻറെ ശക്തിയാൽ അവയെ നരകാഗ്നിയിലേക്കു തള്ളുകയും ചെയ്യണമെ. അമ്മേൻ.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിൻറെ സങ്കേതത്തിൽ ഓടിവന്നു നിൻറെ സഹായം തേടിയവരിൽ ഒരുവനേയും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ഓർക്കണമെ. കന്യാവൃതക്കാരുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ശരണപ്പെട്ടു നിൻറെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻറെ ദയാധിക്യത്തെ കാത്തുകൊണ്ടു നിൻറെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻറെ മാതാവേ, എൻറെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമെ. ആമ്മേൻ.
07.05.1988 Free Will - I will Amass My Scattered Lambs
(പരിശുദ്ധ മറിയം )
വാസുലാ, ചെന്നായ്ക്കളുടെ തീപെള്ളുന്ന വാക്കുകൾ നിൻറെ വ്യക്തിത്വത്തെ മുറിവേൽപ്പിക്കുമ്പോഴെല്ലാം ഞാൻ നിന്നെ സമാശ്വസിപ്പിക്കും. എൻറെ പുത്രൻറെ ദാഹം ശമിപ്പിക്കുക. സ്നേഹത്തിനുവേണ്ടിയുള്ള യേശുവിൻറെ അടങ്ങാത്ത ദാഹത്തെ ശമിപ്പിക്കുക. നമുക്കൊരുമിച്ചു പിതാവിനോടു പ്രാർത്ഥിക്കാം.
“ കാരുണ്യവാനായ പിതാവേ,
അങ്ങയുടെ തൃപ്പാദത്തിനു മുന്നിൽ ഞാൻ കുമ്പിട്ടാരാധിക്കുന്നു.
ഞാൻ അങ്ങിൽ പ്രത്യാശിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നു.
ഞാൻ അങ്ങയെ അനന്തമായി സ്നേഹിക്കുന്നു. ആമ്മേൻ”
(ഞാൻ ഈ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി.)
പരിശുദ്ധ മറിയമേ, അങ്ങേയ്ക്ക് നന്ദി. അങ്ങയിൽ ആശ്രയിക്കുവാൻ എന്നെ അനുവദിക്കണമെ.
പ്രിയപ്പെട്ടവളേ, എൻറെ പുത്രനും ഞാനും നിന്നെ ഒരിക്കലും വിട്ടുപിരിയുകയില്ല. ഇപ്പോൾ എൻറെ പുത്രൻ പറയുന്നതു ശ്രവിക്കുക.
ദേഹി, യേശുവായ ഞാൻ നിന്നെ സ്നേഹിക്കുന്നു.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! കർത്താവേ, നമ്മൾ എന്താണ് ചെയ്യുന്നത്?
(എന്താണ് ഇനിയുള്ള നിർദ്ദേശങ്ങൾ എന്നാണ് ഞാൻ അർത്ഥമാക്കിയത്.)
എല്ലാം ഞാൻ നിർവ്വഹിക്കുന്നതാണ്.
ഞാനാണ് ഏക പരിശുദ്ധ സഭ. സഭകൾ ഐക്യപ്പെട്ട് ഏകസഭയാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുക. നിന്നെ തിരസ്ക്കരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.
ഞാൻ നിന്നെ സ്നേഹിക്കുന്നു. എപ്പോഴും ഞാൻ നിന്നോടൊപ്പം ഉണ്ടായിരിക്കും.
(വളരെ ആർദ്രമായ സ്നേഹത്തോടെയാണ് യേശു ഇക്കാര്യം പറഞ്ഞത്.)
കടിച്ചുകീറുന്ന ചെന്നായ്ക്കൾമൂലം നീ ക്ലേശിക്കുമ്പോൾ എൻറെ അടുക്കലേക്കു വരുക.
ഇപ്പോൾ എന്നെ ശ്രവിക്കുക: ഇവാഞ്ചലിക്കൽ സഭയിലെ ആ പുരോഹിതൻ എൻറെ പുറത്ത് അതിക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചുകൊണ്ടിരിക്കുന്നു. ആത്മത്യാഗത്തിലൂടെ ആ പുരോഹിതൻറെ കുറവുകളെ പരിഹരിക്കുവാൻ അയാൾ തയ്യാറാണോ എന്നു ചോദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വഴിതെറ്റിയ ഈ ആടിനുവേണ്ടി പ്രാർത്ഥിക്കുക. അയാൾക്കുവേണ്ടി പ്രാർത്ഥിക്കുക. എൻറെ പ്രിയപ്പെട്ടവളേ, എല്ലാ വെള്ളിയാഴ്ചകളിലും റൊട്ടിയും വെള്ളവും മാത്രം കഴിച്ച് അയാൾക്കുവേണ്ടി പരിഹാരം ചെയ്യുക. നിൻറെ രക്ഷകൻറെ സഹനങ്ങൾ ലഘൂകരിക്കുവാൻ നീ തയ്യാറാണോ? പ്രിയപ്പെട്ട ദേഹി, ഞാൻ നിന്നെ സ്നേഹിക്കുന്നു. വാസുലാ, എന്നെ ശ്രവിക്കുക:
എൻറെ രാജ്യം നിങ്ങളുടെയിടയിൽ തന്നെയുണ്ട്.
എൻറെ ഹൃദയത്തിനിണങ്ങിയ പത്രോസേ! എൻറെ ആടുകളുടെ ഇടയനായ പത്രോസേ! എൻറെ ആടുകളുടെ ഇടയനായ പത്രോസ് എന്ന വിശുദ്ധ നാമമാണ് പത്രോസിനു ഞാൻ നൽകിയത്.
എന്നാൽ കായേന്മാർ അവനെ സ്ഥാനഭൃഷ്ടനാക്കുകയും, ഞാൻ അവനു നൽകിയ കിരീടം അവനിൽനിന്നു മോഷ്ടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, കർത്താവായ ഞാൻ അവനെ സ്നേഹിക്കുന്നു. എന്തെന്നാൽ, അവൻ എനിക്കു വളരെ പ്രിയപ്പെട്ടവനാണ്. മോഷ്ടിക്കപ്പെട്ട കിരീടം ഞാൻ അവനു തിരിച്ചുകൊടുക്കും.
എൻറെ ശരീരമായ സഭയുടെ ത്വേജസ്സിനു മങ്ങലേല്പിച്ച വേരുകളില്ലാത്ത, ഒഴുകിനടക്കുന്ന, വ്യാജ രാജ്യങ്ങളെ ഞാൻ അധികാരത്തിൽനിന്നു പുറത്താക്കും.
ഈ വ്യാജ രാജ്യങ്ങളെ ഞാൻ തിരിച്ചോടിക്കും. എൻറെ യഥാർത്ഥ രാജ്യത്തെ, എൻറെ പ്രകാശത്തിൽ, ഒരു തീപന്തം പോലെ ഞാൻ അവരോധിക്കും. പത്രോസിനു അവൻറെ സിംഹാസനം ഞാൻ തിരിച്ചുനൽകും. അവനെ ഞാൻ അധികാരത്തിൽ അവരോധിക്കും. അവൻറെ കൈയ്യിൽ ഞാൻ ഒരു ഇരുമ്പുകൊണ്ടുള്ള ചെങ്കോൽ നൽകും; അതുവഴി എൻറെ ആടുകളുടെ ഇടയനായി ഭരിക്കുവാനുള്ള അധികാരം ഞാൻ അവനു നൽകും.
(മാലാഖമാർ ആടുകളെ തള്ളി കൂട്ടിൽ കയറ്റുന്ന ഒരു ദർശനം ഞാൻ കാണുകയുണ്ടായി.)
ചിതറിക്കപ്പെട്ട എൻറെ ആടുകളെ ഞാൻ ഒരുമിച്ചുകൂട്ടും. എൻറെ ആടുകളെ ഞാൻ ഒരുമിച്ചു കൂട്ടിയതിനുശേഷം, എൻറെ കരങ്ങളാൽ ഈ തൊഴുത്തിനെ ഞാൻ വലയം ചെയ്യും. ഒരുവനും, യാതൊരുവനും, പിശാചിനുപോലും എൻറെ ആടുകളിൽ ഒന്നിനെപ്പോലും മോഷ്ടിച്ചെടുക്കുവാൻ സാധിക്കുകയില്ല. എൻറെ മേലങ്കി ഞാൻ അവയുടെമേൽ വിരിച്ചുകൊണ്ട്, എൻറെ ചൂടിൽ ഞാൻ അവയ്ക്കു സംരക്ഷണം നൽകും.
ഞാൻ ഭൂമിയിൽ ശരീരത്തോടുകൂടി ആയിരുന്നപ്പോൾ, പത്രോസിന് ഞാൻ നൽകിയിട്ടുണ്ടായിരുന്നതെല്ലാം അവനു ഞാൻ തിരിച്ചു നൽകും. എൻറെ അഭീഷ്ടത്തെ ആരും ലംഘിക്കുകയില്ല. ഇപ്പോഴെത്തെ സ്ഥിതിക്കു കാരണം നിങ്ങളുടെ പ്രവൃത്തികളാണ്, എൻറെതല്ല. അരാജകത്വത്തെയും വിമതരുടെ കലാപപ്രവർത്തനങ്ങളെയും ഞാൻ വെറുക്കുന്നു.
വാസുലാ! എൻറെ മണവാട്ടി, സഹോദരങ്ങളെ! നിങ്ങൾ വയ്ക്കുന്ന ഓരോ ചുവടുവയ്പും കർത്താവായ ഞാൻ അനുഗ്രഹിക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന, കർത്താവായ ഞാൻ പെട്ടെന്ന് എൻറെ ദേവാലയത്തിൽ പ്രവേശിക്കും. ഞാൻ നിങ്ങളുടെ വാതിൽക്കൽ മുട്ടിക്കൊണ്ടിരിക്കുന്നു. എന്നെ നിങ്ങൾ അകത്തു പ്രവേശിപ്പിക്കുമോ? എൻറെ കൈവശം എൻറെ രക്ഷാകര പദ്ധതിയുണ്ട്. എൻറെ ചുരുളിൽ എല്ലാം എഴുതപ്പെട്ടിട്ടുണ്ട്. പത്രോസിൻറെ സിംഹാസനത്തെ ആദരിക്കേണ്ടിയിരുന്നവിധം ആദരിക്കേണ്ടതിന്, സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ രക്ഷാകര പദ്ധതിയെ ക്രമപ്പെടുത്തിയിരിക്കുന്നുവെന്നു വ്യക്തമാക്കേണ്ടതുണ്ട്.
പത്രോസിന് ഇടയൻറെ കിരീടം തിരിച്ചുനൽകുന്നതിനാണ് ഞാൻ വരുന്നത്. പത്രോസിനെ സമീപിക്കുക; പത്രോസിനെ സമീപിക്കുക; നിങ്ങളുടെ കർത്താവിനെ സമീപിക്കുക.
കർത്താവേ, അങ്ങേയ്ക്കു നന്ദി.
സന്ദേശം എഴുതിയടുക്കുന്നതിൽ മടുപ്പു തോന്നരുത്. നമ്മൾ, നമുക്ക്?
അതെ, കർത്താവേ. നമ്മൾ, നമുക്ക്.
10.05.1988 I Love Holiness. See Me in My Creation
എൻറെ കർത്താവേ?
ഞാനാണ്. എന്നിൽ പൂർണ്ണമായി ആശ്രയിക്കുക. ഞാനാണ് നിൻറെ സമാധാനം.
വരൂ. പ്രലോഭനത്തിനു വഴങ്ങിക്കൊടുക്കരുത്. എൻറെ മാർഗ്ഗങ്ങൾ ഓർത്തുകൊണ്ട് എന്നിൽനിന്നു പഠിക്കുക. പ്രാർത്ഥിക്കുക; പ്രാർത്ഥിക്കുക ; എപ്പോഴും പ്രാർത്ഥിക്കുക. കുന്തുരുക്ക ധൂപം പോലെ, നിൻറെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കും സ്വർഗ്ഗത്തിലേക്ക് ഉയരുന്ന പ്രാർത്ഥനയായി മാറട്ടെ. എന്നോടു സുസ്ഥിരമായ ബന്ധത്തിലായിത്തീരുക. നിൻറെ മനസ്സ് എന്നിലേക്ക് ഉയർത്തുക. എന്നെക്കുറിച്ചു മാത്രം ചിന്തിക്കുക. നിനക്കുള്ള എല്ലാ നന്മകളും എന്നിൽ നിന്നു വരുന്നു. ഞാൻ നിന്നെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു.
സന്ദേശം എഴുതിയെടുക്കുക:
എൻറെ അടുത്ത് ഇരിക്കുന്ന യേശു അവിടുത്തെ കരം എൻറെ തോളിൽ വച്ചിരിക്കുന്നതായി ഞാൻ ദർശനത്തിൽ കാണുന്നു.
ഞാൻ നിനക്കു രൂപം നൽകി. എൻറെ കരങ്ങളാൽ ഞാൻ നിന്നെ വലയം ചെയ്തുപിടിക്കും.
പുഷ്പമേ, എന്നോടു സംസാരിക്കുക. എന്നോടുള്ള നിൻറെ സംഭാഷണങ്ങൾ നീ കുറച്ചിരിക്കുന്നു. ഞാൻ നിനക്കു സർവ്വവും നൽകുന്നു. എൻറെ പ്രവൃത്തി ഞാൻ നീയുമായി പങ്കുവയ്ക്കുന്നു. അതിനാൽ, നിൻറെ മണവാളനും, പരിശുദ്ധ സന്തത സഹചാരിയുമായ ഞാനുമായി നിനക്കുള്ളതെല്ലാം പങ്കുവയ്ക്കുക. നിൻറെ അനുദിന പ്രവൃത്തികൾ ഞാനുമായി നീ പങ്കുവയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു!
എൻറെ വാസുലാ, സംസാരിക്കുന്നതിനായി നിൻറെ അധരങ്ങൾ നീ തുറക്കുമ്പോൾ, പരിശുദ്ധമായ വാക്കുകൾ മാത്രം അവ ഉച്ചരിക്കട്ടെ. അവ പ്രാർത്ഥനകൾ ഉരുവിടട്ടെ. നിരന്തരമായ പ്രാർത്ഥനയിൽ നീ വ്യാപരിക്കുക.
കർത്താവേ, എങ്ങനെയാണ് നിരന്തരമായ പ്രാർത്ഥനയിൽ വ്യാപരിക്കുവാൻ കഴിയുക?
ഇത് എങ്ങനെ സാധിക്കുമെന്നു ഞാൻ നിന്നോടു പറയാം. നിൻറെ മനോഭാവം, നിൻറെ ചിന്തകൾ, നിൻറെ ആഗ്രഹങ്ങൾ, നിൻറെ ധ്യാനങ്ങൾ, നിൻറെ വിചിന്തനങ്ങൾ, നിൻറെ സേവനങ്ങൾ, നിൻറെ ആവശ്യങ്ങൾ, നിൻറെ സർവ്വ കാര്യങ്ങളും പ്രാർത്ഥനയായിത്തീരട്ടെ.
എൻറെ രൂപം.
( NB: ദൈവം ആത്മാവാണ്. ദൈവത്തിൻറെ രൂപം എന്നത് ആത്മതത്വമാണ്. ദൈവം അവിടുത്തെ രൂപമായ ആത്മാവിനെ ഓരോ മനുഷ്യനിലും നിക്ഷേപിച്ചിരിക്കുന്നു. ഈ വിശദീകരണം ദൈവത്തിൻറെ രൂപം എന്താണെന്ന് വ്യക്തമാക്കുന്നതിനുവേണ്ടി പരിഭാഷകൻ കൂട്ടിച്ചേർത്തതാണ്. നമ്മിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന പരിശുദ്ധിയാണ് നമ്മിലെ ആത്മാവ്.)
നിനക്കു നൽകിയിരിക്കുന്ന ഓരോ സാദ്ധ്യതകളും നിന്നിലെ പരിശുദ്ധി സജീവമാക്കണം. ഈ പരിശുദ്ധി നിനക്കു നൽകിയതു ഞാനാണ്. എന്നാൽ, ഈ പരിശുദ്ധി എങ്ങനെ ഉപയോഗിക്കണമെന്ന് മനുഷ്യർ മറന്നുപോയി. ഓരോ മനുഷ്യവ്യക്തിക്കും ഞാൻ ഈ ദാനം നൽകിയിട്ടുണ്ട്. ഇപ്പോൾ നിങ്ങളിൽ നിർജീവമായ അവസ്ഥയിലുള്ള എൻറെ ഈ ദാനത്തെ ഞാൻ ഉജ്ജീവിപ്പിക്കും. ഞാൻ പരിശുദ്ധിയെ സ്നേഹിക്കുന്നു.
കർത്താവേ, അങ്ങയുടെ കൃപയാൽ എന്നെ പരിശുദ്ധയാക്കി മാറ്റാമോ?
എൻറെ പ്രിയപ്പെട്ടവളേ, ഞാൻ നിന്നെ പരിശുദ്ധയാക്കി മാറ്റാം. ഓരോ മനുഷ്യവ്യക്തിയെക്കുറിച്ചുമുള്ള എൻറെ ആഗ്രഹമാണിത്. കർത്താവായ ഞാൻ നിനക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന പാതയാണ് പരിശുദ്ധി.
നീ നിൻറെ ദൈവത്തെ നിശ്ശബ്ദതയിൽ ആരാധിക്കണം.
(നിശ്ശബ്ദതയിൽ ദൈവത്തെ ധ്യാനപൂർവ്വം ആരാധിക്കുവാനുള്ള കൃപ അവിടുന്ന് എനിക്കു നൽകിയിട്ടുണ്ട്. അതിന് ഞാൻ ഏകാന്തതയിലായിരിക്കണം.)
ഏകാന്തതയിൽ, നിശ്ശബ്ദതയിൽ ഞാനും നീയും മാത്രം. നീ എനിക്കുവേണ്ടി ജീവിക്കണം. എൻറെ സൃഷ്ടിയെ ആസ്വദിക്കുക. എൻറെ സൃഷ്ടിയിൽ എന്നെ കണ്ട്, എന്നെ സ്നേഹിക്കുക. വാസുലാ, എൻറെ സൃഷ്ടിയെ സ്നേഹിക്കുക.
(യേശു എന്നെ നോക്കി. അല്പനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം, അവിടുത്തെ ഇരു കരങ്ങളും ചേർത്തുപിടിച്ചുകൊണ്ട്, കാൽമുട്ടിൽ മുട്ടുകൈ വച്ചിരിക്കുന്നതായി ഞാൻ ദർശനത്തിൽ കണ്ടു. അവിടുത്തെ തിരുമുഖം എന്നെ നോക്കിക്കൊണ്ടിരുന്നു. ഇളം തവിട്ടുസ്വർണ്ണ നിറമുള്ള അവിടുത്തെ നീളമുള്ള മുടി അയഞ്ഞുകിടന്നിരുന്നു.)
വാസുലാ?
ഇതാ കർത്താവേ ഞാൻ.
നിൻറെ ഹൃദയം എനിക്കു തരിക; ഞാൻ നിൻറെ ഹൃദയത്തെ എൻറെ തിരുഹൃദയത്തിൻറെ ഉള്ളറയിൽ സൂക്ഷിക്കാം. എൻറെ തിരുഹൃദയത്തിൽ പ്രവേശിക്കുക. ഇവിടേയ്ക്കു പ്രവേശിക്കൂ!
(യേശു അവിടുത്തെ ചൂണ്ടുവിരലുകൊണ്ട് അവിടുത്തെ തിരുഹൃദയം കാണിച്ചുതന്നു.)
വരൂ, നീ ജനിച്ച കാലം മുതലേ ഞാൻ നിന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. വാസൂലാ, ഞാൻ നിനക്കുവേണ്ടി ഒരിടം മാറ്റിവച്ചിട്ടുണ്ട്!
കർത്താവേ, എൻറെ ഹൃദയവും എൻറെ ജീവിതവും ഞാൻ അങ്ങേയ്ക്കായി സമർപ്പിച്ചിരിക്കുന്നു. എൻറെ സർവ്വവും അങ്ങയുടെതാണ്.
അല്ലയോ വാസുലാ, എൻറെ അഭീഷ്ടമെന്തെന്ന് ഗ്രഹിക്കുവാൻ പരിശ്രമിക്കുക. എൻറെ ഹൃദയസ്പന്ദനങ്ങൾ ശ്രദ്ധിക്കുക. എൻറെ ഓരോ ഹൃദയസ്പന്ദനവും നിനക്കുവേണ്ടിയുള്ള ഓരോ വിളിയാണ്. എന്തുകൊണ്ടാണ് നീ എന്നെ എതിർക്കുന്നത്?
കർത്താവേ?
ഞാനാണ്.
കർത്താവേ, ഞാൻ അങ്ങയുടെ ചെവിയിൽ ഒരു കാര്യം പറഞ്ഞോട്ടേ?
ഞാൻ നിന്നെ ശ്രവിക്കുകയാണ്.
(ഞാൻ യേശുവിനോട് ഒരു കാര്യം പറഞ്ഞു.)
എൻറെ തിരുഹൃദയത്തിൽ പ്രവേശിച്ച്, അവിടെ വിശ്രമിക്കുക.
(ഞാൻ വീണ്ടും യേശുവിനോട് ഒരു കാര്യം പറഞ്ഞു.)
അതെ, അത് അങ്ങനെയായിരിക്കട്ടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
(പിന്നീട് )
(പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്ത മനുഷ്യരെ ഓർത്തു ഞാൻ വളരെയധികം ദുഃഖിക്കുന്നുണ്ട്. ഞാൻ ദുഃഖത്തോടെ കരഞ്ഞു. എനിക്കു പരിശുദ്ധ മറിയത്തെ സമാശ്വസിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. അപ്പോൾ സാത്താൻ എന്നെ ആക്രമിച്ചു.)
വാസുലാ, നിൻറെ കണ്ണീർ പിടിച്ചുവയ്ക്കുക. ഇപ്പോൾ കരയരുത്. ആ വേശ്യകളായ രക്തസാക്ഷികളെ ഞാൻ വെറുക്കുന്നു.....
പുറത്തുപോകൂ! സാത്താനെ പുറത്തു പോകൂ! എന്നിൽനിന്ന് അകന്നു പോകൂ സാത്താനെ!
കർത്താവായ യേശുവേ?
ഇതു ഞാനാണ്. സാത്താൻ നിന്നെ എത്രയധികം നിന്നെ വെറുക്കുന്നുണ്ടെന്നും, ഞാൻ നിന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ മാർഗ്ഗങ്ങളെ അവൻ എത്രയധികം ദുഷിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ ഞാൻ നിന്നെ കാണിച്ചുതരും. എൻറെ അമ്മയോടുള്ള സ്നേഹത്താൽ നിൻറെ കണ്ണീർ ഒഴുകുമ്പോൾ, സാത്താൻ കോപവെറിയാൽ ജ്വലിക്കും.
നിങ്ങളുടെ പരിശുദ്ധ മാതാവിനെ ദൈവമാതാവായിട്ടും, സ്വർഗ്ഗത്തിൻറെ രാജ്ഞിയായിട്ടും അംഗീകരിക്കുന്ന എൻറെ ഭവനത്തിൽ ജീവിക്കുന്നവർ ഭാഗ്യവാന്മാരാണ്.
പ്രിയപ്പെട്ടവളേ, വരൂ. ഞാൻ നിന്നെ അനുഗ്രഹിക്കാം. എൻറെ വാസുലാ, ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.
(യേശു എഴുന്നേറ്റുനിന്ന് എൻറെ ശിരസ്സിൽ കരങ്ങൾ വച്ച് എന്നെ അനുഗ്രഹിച്ചു.)
യേശുവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു.
(ഞാൻ അവിടുത്തെ പരിശുദ്ധ ശിരസ്സിൽ കരങ്ങൾ വച്ചു.)
എന്നെ പഠിപ്പിക്കുന്നതിന് യേശുവേ, അങ്ങേയ്ക്കു നന്ദി.
വരൂ. നമുക്ക് എല്ലാ ഒരുമിച്ച് പങ്കുവയ്ക്കാം! നമ്മൾ, നമുക്ക്!
അതെ, കർത്താവേ. നമ്മൾ, നമുക്ക്.
12.05.1988 Keep your flame ablaze
കർത്താവേ?
ഇതു ഞാനാണ്. വാസുലാ, ഒരിക്കലും സംശയിക്കരുത്. സർവ്വവും എന്നിൽനിന്നു വരുന്നു. സന്ദേശം എഴുതിയെടുക്കുക:
(യേശുവിൻറെ സന്നിധിയിലായിരിക്കുന്ന നിമിഷങ്ങളിൽ എനിക്കനുഭവപ്പെടുന്ന വിറയലിനെയാണ് യേശു ഉദ്ദേശിച്ചത്. യേശുവിൻറെ ക്രൂശീകരണത്തിൻറെ ഏതാനും രംഗങ്ങൾ അവിടുന്ന് എനിക്കു ദർശനത്തിലൂടെ കാണിച്ചുതന്നു. എങ്ങനെയാണ് അവിടുത്തെ ഓരോ തുള്ളി രക്തവും നമുക്കുവേണ്ടി ചിന്തിയതെന്ന് അവിടുന്ന് എന്നെ കാണിച്ചുതന്നു. കുരിശിൽ തറയ്ക്കപ്പെട്ടപ്പോഴുള്ള അതിദാരുണമായ വേദനയും, അടിയേറ്റു ചതഞ്ഞ മുറിവുകളുള്ള അവിടുത്തെ മുഖം കറുത്തുനീലനിറത്തിലായിരിക്കുന്നതും അവിടുന്ന് എന്നെ ദർശനത്തിൽ കാണിച്ചു. അവിടുത്തെ മുടി രക്തത്തിൽ കട്ടപിടിച്ചിരിക്കുന്നതും, മുറിവേറ്റ നെറ്റിയും, കണ്ണുകളിൽ നിറഞ്ഞ രക്തവുമെല്ലാം ഞാൻ ദർശിച്ചു. ഇതെല്ലാം നമുക്കുവേണ്ടിയായിരുന്നു.)
ബലിപീഠമേ! എൻറെ സഭയെക്കുറിച്ചുള്ള ദൈവികവാഗ്ദാനങ്ങളുടെ സമ്പൂർത്തീകരണത്തിനുവേണ്ടി നിൻറെ ജ്വല ജ്വലിപ്പിച്ചുനിർത്തുക!
പ്രിയപ്പെട്ടവരെ, ഒന്നിച്ചുവരുക. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക.
16.05.1988 Welcome the Kingdom of God like a little child. A Parable- The Crows and the Harvest
യേശുവേ?
ഇതു ഞാനാണ്. വരൂ. എൻറെ പ്രബോധനങ്ങൾ നിൻറെ മനസ്സിൽ സൂക്ഷിക്കുക. നിനക്കു വചനം പറഞ്ഞുതരുന്ന നിൻറെ ദൈവീക ഗുരുവാണ് ഞാൻ.
വാസുലാ, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ, മനുഷ്യർക്കു തികച്ചും നിഗൂഢമായ, അവർക്ക് അഗ്രാഹ്യമായ എൻറെ അനേകം ദൈവീക പ്രവൃത്തികൾ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. എൻറെ കുഞ്ഞേ, ഈ ദൈവീക പ്രവൃത്തികൾ മനുഷ്യ ബുദ്ധിക്ക് അതീതമാണ്. അനേകർ എൻറെ ഈ പ്രവൃത്തികളോടു പ്രതികരിക്കുന്നില്ല. അതിൻറെ കാരണം തങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തുവാൻ അവർ ആഗ്രഹിക്കുന്നില്ല.
കർത്താവേ, മാറ്റം എന്ന വാക്കുകൊണ്ട് അങ്ങ് എന്താണ് അർത്ഥമാക്കുന്നത്?
ഇക്കൂട്ടർ ഭൗതികമായിട്ടുള്ള കാര്യങ്ങളോടും ലോകത്തോടും പറ്റിച്ചേർന്നിരിക്കുന്നു. തങ്ങൾ ആത്മീയരാണെന്ന് കരുതുന്നുണ്ടെങ്കിലും, ഇവർ ആത്മീയരല്ല. കാരണം, കണ്ണുകൊണ്ടു കാണുന്നതും, ശരീരംകൊണ്ടു സ്വർശിച്ചറിയുന്നതുമായ കാര്യങ്ങളോടു ഇവർ പറ്റിച്ചേർന്നിരിക്കുന്നു. മർക്കടമുഷ്ടിക്കാരായ ഇക്കൂട്ടർ ആത്മീയമായി ഉണങ്ങി ജീവിക്കുന്നു.
(ലൗകിക മനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന് അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ട വയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല.
1 കോറിന്തോസ് 2 : 14
ദൈവീകപ്രവൃത്തികളെ നിഷേധിക്കുന്നവർ ആത്മീയരല്ല.
ഗരബന്ദാളിലേയും മെഡ്ജുഗോറയിലെയും മെത്രാന്മാർ അവിടെ സംഭവിച്ച പരിശുദ്ധ മാതാവിൻറെ പ്രത്യക്ഷപ്പെടലുകളെ അംഗീകരിക്കാതെ, അവയോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.)
എൻറെ ദൈവീകത അവരുടെ ഹൃദയങ്ങളിലേക്കു ഞാൻ വർഷിക്കേണ്ടതിന് അവർ തങ്ങളുടെ ഹൃദയങ്ങൾ തുറക്കുന്നില്ല. കൂടാതെ, എൻറെ പ്രകാശത്തിൽ വസിക്കുന്നതിന് അവരെ തടയുന്ന അനേകം ഘടകങ്ങളുണ്ട്.
ശിശുക്കളെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്തവർ അതിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്; ഇനിയും ഞാൻ അതു വീണ്ടും വീണ്ടും പറയും.
നിഷ്ക്കളങ്കരായിരിക്കുവിൻ; ശിശുവിനെപ്പോലെ വിശ്വസിക്കുക. അപ്പോൾ, എൻറെ ദൈവീക പ്രകാശം നിന്നെ വലയം ചെയ്യും; ഒരു പുഷ്പം സൂര്യനെ നോക്കി, വിടരുന്നതുപോലെ നീ എൻറെ പ്രകാശത്തിലേക്കു നോക്കും; എൻറെ പ്രകാശം നിന്നിലേക്കു വർഷിക്കുന്നതിന് നീ എന്നെ അനുവദിക്കുകയും ചെയ്യും.
എൻറെ പ്രിയപ്പെട്ട മക്കളേ, ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്ന് ഗ്രഹിക്കുക. ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.
യേശുവേ, അങ്ങു ഞങ്ങളെ തുടർന്നും പഠിപ്പിക്കുമോ?
എനിക്കു പറയുവാനുള്ളതെല്ലാം എഴുതപ്പെടും. ഞാൻ എപ്പോഴും നിങ്ങളെ സ്നേഹിച്ചുകൊണ്ട്, നിങ്ങളെ പഠിപ്പിച്ചുകൊണ്ട്, നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ചെവികളുള്ളവർ കേൾക്കട്ടെ. ഈ ദൈവീക സന്ദേശത്തിലൂടെ നിങ്ങളുടെ കർത്താവായ, യേശുവായ, ഞാനാണ് എന്നെത്തന്നെ വെളിപ്പെടുത്തുന്നത്. ഞാൻ നിങ്ങളെ ഒരിക്കലും പരിത്യജിച്ചിട്ടില്ല.
(യേശു എന്നെ നോക്കി.)
വാസുലാ, ആത്മീയമായി പുരോഗതി പ്രാപിക്കുവാൻ ഞാൻ നിന്നെ പഠിപ്പിക്കും.
(പിന്നീട്)
യേശുവേ?
ഇതു ഞാനാണ്. വിശുദ്ധ ബൈബിലെ തിരുവചനങ്ങൾ മനസ്സിലാക്കാത്തവർക്കും, അതിലെ പല ഭാഗങ്ങളും തെറ്റായി വ്യാഖ്യാനിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക. നിങ്ങൾക്കു ബോധജ്ഞാനം നൽകുന്ന പല പുസ്തകങ്ങൾ ഒഴിവാക്കുകയും, നിങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകുന്ന ജ്ഞാനസമ്പന്നമായ പലഭാഗങ്ങൾ മാറ്റിക്കളയുകയും ചെയ്യുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.
ഞാൻ പറയുന്ന ഉപമ ശ്രദ്ധിച്ച് മനസ്സിലാക്കുവാൻ പരിശ്രമിക്കുക:
“ഒരിക്കൽ ഒരു വിതക്കാരൻ തൻറെ വിസ്തൃതമായ വയൽ ഉഴുതുമറിച്ച് വേണ്ട ഒരുക്കങ്ങൾ ചെയ്തു. ഏറ്റവും മേൽത്തരം ഗോതബ് ഉല്പാദിപ്പിക്കുന്നതിനുവേണ്ടി മേൽത്തരം ധ്യാന്യവിത്തുകൾ അയാൾ തിരഞ്ഞെടുത്തു. ഗോതബു വിളഞ്ഞു; വളരെ സമൃദ്ധമായ വിളവെടുപ്പിന് സമയമായി.
കൃഷിക്കാരൻറെ ശത്രു ഒരു കൂട്ടം കാക്കകളെ ഗോതബു വയലിലേക്കു തുറന്നുവിട്ടു. വളരെ സ്നേഹത്തോടും ശ്രദ്ധയോടും കൂടി പരിപാലിച്ച ഗോതബു രാജ്യത്തെ ജനങ്ങൾക്കു മുഴുവനും ഭക്ഷണത്തിനു തികയുമായിരുന്നു. അപ്പോഴെയ്ക്കും ശത്രു തുറന്നുവിട്ട കാക്കകൂട്ടങ്ങൾ വയലിലെ പല ഭാഗത്തുനിന്നും കൊത്തിപ്പെറുക്കി തിന്നു. കൂടാതെ, സാധിക്കുവോളം അവ ഗോതബിൻറെ കതിരുകൾ നശിപ്പിക്കുകയും ചെയ്തു. കാക്കകൂട്ടങ്ങൾ ഗോതബു നശിപ്പിക്കുന്നത് കണ്ട കൃഷിക്കാരൻ തൻറെ വേലക്കാരെ വയലിലേക്ക് അയച്ച് കാക്കകൂട്ടങ്ങളെ ഓടിച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ അവ അയാളുടെ ഗോതബു കൃഷി മുഴുവനും നശിപ്പിക്കുമായിരുന്നു.
കർത്താവേ, ഈ ഉപമയുടെ അർത്ഥം വിശദീകരിച്ചു തരാമോ?
വരൂ. ഞാൻ വിശദീകരിക്കാം. കർത്താവായ ഞാനാണ് വിതക്കാരൻ; കൊയ്ത്ത് എൻറെ വചനമായ വിശുദ്ധ ബൈബിളുമാണ്. ശത്രു സാത്താനാണ്. സാത്താൻറെ സ്വാധീനമുള്ള മനുഷ്യവ്യക്തികളാണ് കാക്കകൂട്ടം. അവ അനേക വർഷങ്ങളിലായി ഇടയ്ക്കിടെ വന്ന് എൻറെ വചനമായ വിശുദ്ധ ബൈബിളിലെ പ്രധാനപ്പെട്ട ഭാഗങ്ങളെ കൊത്തിപ്പെറുക്കിയെടുത്ത് എൻറെ വിളവു നശിപ്പിക്കുന്നു. എന്നാൽ, കർത്താവായ, യേശുക്രിസ്തുവായ ഞാൻ വീണ്ടും വീണ്ടും വന്ന് കാക്കകൂട്ടം കൊത്തിപ്പെറുക്കി കൊണ്ടുപോയതുമൂലം നഷ്ടമായിരിക്കുന്ന പ്രധാന ഭാഗങ്ങളെ തിരിച്ചുകൊണ്ടുവരുന്നു. എൻറെ സഭയെ ഞാൻ അലങ്കരിക്കുകയും, പുനരുദ്ധരിക്കുകയും ചെയ്യും.
സൃഷ്ടികളെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എൻറെ സഭ മുഴുവനും നവീകരിക്കപ്പെടും. നിങ്ങൾക്ക് തിരിച്ചുകിട്ടിയ എൻറെ വിശുദ്ധ ഗ്രന്ഥത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ സഭയെ അലങ്കരിക്കുകയും, പരിപൂർണ്ണമാക്കുകയും ചെയ്യും.
എന്നാൽ, അതിനു മുമ്പായി പത്രോസിനെ, എൻറെ ആടുകളുടെ ഇടയനായ പത്രോസിനെ, എൻറെ സഭയുടെ അധിപനായി ഞാൻ കിരീടം ധരിപ്പിക്കും.
ഞാൻ ശരീരത്തോടെ ഭൂമിയിലായിരുന്നപ്പോൾ ദേവാലയത്തിൽ പ്രവേശിച്ച് കച്ചവടക്കാരെ പുറത്താക്കിയതുപോലെ, എൻറെ ബെൽറ്റായ സത്യസന്തതകൊണ്ട് എല്ലാ വഞ്ചകരെയും അടിച്ചു പുറത്താക്കും. ശക്തിയോടെ ഞാൻ എൻറെ സഭയിൽ പ്രവേശിക്കുകയും, ധനത്തെ ആരാധിക്കുന്ന എല്ലാ വഞ്ചകരെയും അവരുടെ ഇരിപ്പിടങ്ങളിൽനിന്നു സ്ഥാനദൃഷ്ടരാക്കും.
പുതിയ ജെറുസലേമിന് പ്രകാശം ദർശിക്കുവാൻ കഴിയേണ്ടതിന് ഞാൻ ജറുസലേമിൽ പ്രവേശിക്കും. എല്ലാ തടസ്സങ്ങളെയും ഞാൻ തുടച്ചുനീക്കുകയും, വാതിൽ തുറന്നിടുകയും ചെയ്യും. എൻറെ വാസുലാ, ഇതിനെ എൻറെ സഭയുടെ ഭീകരമായ ദുരിതകാലഘട്ടം എന്നു വിളിക്കപ്പെടും.
അതിനുശേഷം ഞാൻ പത്രോസിൻറെ കൈയ്യിൽ ഇരുമ്പുകൊണ്ടുള്ള അംശവടി കൊടുക്കും. അതുപയോഗിച്ചു അവൻ എൻറെ ആടുകളെ മേയ്ക്കും. ഇതിനെക്കുറിച്ചു യാതൊന്നും അറിയാത്തവർ ചോദിക്കും: “എന്തിനാണ് നമുക്ക് ഒരു ഇടയൻ? “അവർക്കുള്ള എൻറെ മറുപടി ഇതാണ്: ഇടയൻ ഇല്ലാത്ത ഏതെങ്കിലും ആട്ടിൻകൂട്ടത്തെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
ഞാനാണ് നിങ്ങളുടെ സ്വർഗ്ഗീയ ഇടയൻ. എൻറെ മടങ്ങിവരവുവരെ എൻറെ ആടുകളെ പരിപാലിക്കാൻ ഞാൻ പത്രോസിനെ തിരഞ്ഞെടുത്തു. അവനു ഞാൻ അതിനുള്ള ഉത്തരവാദിത്വം നൽകി. പിന്നെ എന്തിനാണ് ഈ വിവാദങ്ങൾ? എന്തിനാണ് വ്യർത്ഥമായ ഈ തർക്കങ്ങൾ?
എൻറെ വചനങ്ങളെക്കുറിച്ച് ഇപ്പോഴും യാതൊന്നും അറിയാത്തവരോടു ഞാൻ പറയുന്നു: നിങ്ങൾ തിരുവചനം വായിക്കുവിൻ. എൻറെ ശിഷ്യനായ യോഹന്നാൻ എഴുതിയ എൻറെ സുവിശേഷത്തിൽ ഇതിനുള്ള ഉത്തരമുണ്ട്. (യോഹന്നാൻ 21:15-17)
അതിനുശേഷം എൻറെ സഭയെ ഞാൻ ഐക്യപ്പെടുത്തും. എൻറെ കരങ്ങളാൽ നിങ്ങളെ വലയം ചെയ്ത്, ഒറ്റ ആട്ടിൻതൊഴുത്തിൽ ഞാൻ നിങ്ങളെ ഒന്നിച്ചുകൂട്ടും.
ഇപ്പോൾ നിങ്ങൾ ചിതറിക്കപ്പെട്ട്, അനേകം സഭാവിഭാഗങ്ങളായി രൂപംകൊണ്ട്, വിഭജിത വിഭാഗങ്ങളായിത്തീർന്നിരിക്കുന്നു. എൻറെ ശരീരമായ സഭയെ നിങ്ങൾ കീറിമുറിച്ചു കഷണങ്ങളാക്കിയിരിക്കുന്നു.
ഇത് ഇങ്ങനെ തുടരുക സാദ്ധ്യമല്ല.
ഞാൻ നിങ്ങൾ എല്ലാവരെയും ഐക്യപ്പെടുത്തും.
(കത്തോലിക്കരെയും ഓർത്തഡോക്സുകാരെയും പ്രൊട്ടസ്റ്റെൻറുകാരെയും മറ്റു സഭാവിഭാഗങ്ങളെയും ഐക്യപ്പെടുത്തുമെന്നാണ് യേശു ഇവിടെ അർത്ഥമാക്കുന്നത്. പത്രോസിൻറെ നേതൃത്വത്തിൻ കീഴിലേക്കു കർത്താവു തന്നെ നമ്മൾ എല്ലാവരെയും ഒന്നിച്ചു കൂട്ടും. ഹൃദയങ്ങളിലുള്ള ഐക്യമാണ് കർത്താവ് ഉദ്ദേശിക്കുന്നത്. പത്രോസ് എന്നു യേശു പറയുന്നത് പത്രോസിൻറെ പിന്തുടർച്ചക്കാരനായ മാർപ്പാപ്പയെയാണ്.)
അതിനുശേഷം, ഞാനും പത്രോസും ഒന്നിച്ചു പ്രവർത്തിക്കും. എൻറെ സഭയുടെ അദൃശ്യഘടകങ്ങളെ ഞാൻ അവനു കാണിച്ചുകൊടുക്കും. എൻറെ മക്കളെ പഠിപ്പിക്കുവാൻ അവൻ പ്രാപ്തതാകേണ്ടതിന് എൻറെ നിഗൂഢരഹസ്യങ്ങൾ ഞാൻ അവനു വെളിപ്പെടുത്തിക്കൊടുക്കും. ഈ പുതിയ പ്രബോധനത്തിൽ പുതിയ ആകാശവും പുതിയ ഭൂമിയും കാണും. എൻറെ ശ്രീകോവിലായ എൻറെ സഭയുടെ മതിലുകളെ ഞാൻ പുനർനിർമ്മിക്കും.
അല്ലയോ വാസുലാ, വളരെയധികം അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതുണ്ട്! നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക.
ഉവ്വ് കർത്താവേ. ഇക്കാര്യത്തിന് ആവശ്യമായ ശക്തി എനിക്കു നൽകണമെ. ആമ്മേൻ.
എൻറെ ബലിപീഠമായ നിന്നിലെ ജ്വാല ജ്വലിച്ചു നിൽക്കേണ്ടതിന് എൻറെ വിരൽ നിൻറെ ഹൃദയത്തെ തൊടട്ടെ.
നീ പരമ ശൂന്യതയാണെങ്കിലും, ദൈവമായ ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഈ ദൗത്യം നിറവേറ്റാൻ ആവശ്യമായ ശക്തി ഞാൻ നിനക്കു നൽകും.
നീ നിരാശപ്പെടരുത്. ക്ഷമയോടെ കാത്തിരിക്കുക. അധികം താമസിയാതെ നീ വീട്ടിലേക്ക്, എൻറെ അടുക്കലേക്ക് എത്തും- ഞങ്ങളുടെ അടുക്കലേക്ക് എത്തും.
(പരിശുദ്ധ മറിയവും യേശുവിനോടൊപ്പമുണ്ടായിരുന്നു.)
ഞങ്ങളുടെ സമാധാനം സ്വീകരിക്കുക. എൻറെ സഭയിൽ സംഭവിക്കാനിരിക്കുന്ന നവീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുക. കർത്താവായ ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. നമ്മൾ, നമുക്ക്?
അതെ, കർത്താവേ. എന്നേക്കും നമ്മൾ, നമുക്ക്.
വരൂ.
19.05.1988. My Mercy is Great upon you.
കർത്താവേ, സഭാധികാരികൾ അങ്ങയുടെ ഈ സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കാരിക്കുന്നതിനു കാരണം, സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ ഈ സന്ദേശങ്ങൾ, ലൂർദ്ദിലും ഫാത്തിമായിലും നൽകപ്പെട്ട സന്ദേശങ്ങളുടെ തുടർച്ചയായി, പശ്ചാത്തപിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഒരു ഓർമ്മപ്പെടുത്തലായിട്ടായിരിക്കാം, അവർ ഇതിനെ കാണുന്നത്. അതിനാൽ ഈ സന്ദേശങ്ങളെ ഗൗരവത്തിലെടുക്കുവാൻ തങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന് അവർ കരുതുന്നു. കൂടാതെ അവർക്ക് ആവശ്യത്തിലേറെ ജോലിഭാരം ഉണ്ട്.
എന്നാൽ, ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമല്ല. ഇതു സഭകളുടെ ഐക്യത്തിനും, റഷ്യയുടെ മാനസാന്തരത്തിനും, പത്രോസിൻറെ അനന്യമായ നേതൃത്വം ഉറപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്.
വാസുലാ, ഞാനാണ് ദൈവവചനം. ഞാനാണ് നിത്യമായ വചനം. എൻറെ വചനം നിത്യജീവനാണ്. എൻറെ സ്നേഹത്തെക്കുറിച്ച് എൻറെ സൃഷ്ടികളെ, അനുദിനം വിവിധങ്ങളായ ഉപകരണങ്ങളിലുടെ, ഓർമ്മപ്പെടുത്തുവാൻ ഞാൻ നിശ്ചയിച്ചാൽ, എൻറെ നാവിൽനിന്നു പുറപ്പെട്ട വചനത്തെ അവഗണിക്കുവാൻ, വെറും പൊടിയും ചാരവുമായ ഏതെങ്കിലും ഒരു സൃഷ്ടിക്ക് അധികാരമില്ല.
കർത്താവായ ഞാൻ നിങ്ങളുടെ ആവശ്യങ്ങൾ അറിയുന്നു. നിങ്ങളോടുള്ള എൻറെ കാരുണ്യം അനന്തമാണെന്ന് ഞാൻ നിങ്ങളോടു പറയുന്നു.
വരൂ. എൻറെ സാന്നിദ്ധ്യം അനുഭവിച്ചറിയുക.
അതെ, കർത്താവേ.
നമ്മൾ, നമുക്ക്.
24.05.1988 Come to Me all you who thirst
കർത്താവേ!
ഇതു ഞാനാണ്.
ദാഹിക്കുന്നവർ എൻറെ അടുക്കൽ വരട്ടെ. വരൂ! വന്ന് കുടിക്കുവിൻ. ഒരിക്കലും വറ്റാത്ത എൻറെ കിണറിലെ ജലംകൊണ്ട് ഞാൻ നിങ്ങളെ തൃപ്തിപ്പെടുത്താം.
(യേശു വളരെ പ്രാധാന്യത്തോടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.)
വാസുലാ, എന്നെ അവഗണിക്കരുതേ! ഞാൻ സർവ്വ വിശ്വസ്തൻ ആകുന്നു. എൻറെ അരികെ ആയിരിക്കുക. നമ്മൾ, നമുക്ക്?
നമ്മൾ, നമുക്ക്?
അതെ, കർത്താവേ. അതെ പരിശുദ്ധ മറിയമേ. കർത്താവേ, അങ്ങേയ്ക്കു നന്ദി. അങ്ങയുടെ നാമം സ്തുതിക്കപ്പെടട്ടെ. കർത്താവ് സ്തുതിക്കപ്പെടട്ടെ!
Notebook 25
25.04.1988 Do You Want Me to bless your Food?
(ഇന്നു രാവിലെ ഞാൻ വളരെ തിരക്കിലായിരുന്നു. കർത്താവിനെ വിവേചിച്ചറിയുവാനും അവിടുത്തോടു സംസാരിക്കുവാനും എനിക്ക് ഇന്നു പ്രയാസമായിരുന്നു. പിന്നീട് ഉച്ചഭക്ഷണം കഴിക്കുന്നതിന് ഞാൻ വരാന്തയിൽ ഇരുന്നു. ഞാൻ ഭക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, എന്നോടൊപ്പം കർത്താവ് ഭക്ഷണമേശയ്ക്കു സമീപം ഇരിക്കുന്നതായി എൻറെ ആന്തരിക നയനങ്ങൾകൊണ്ട് ഞാൻ ദർശിച്ചു. അവിടുന്ന് എന്നോടു ചോദിച്ചു: ഈ ഭക്ഷണം നല്ലതാണോ? ഞാൻ പറഞ്ഞു: അതെ, കർത്താവേ. കർത്താവേ, അങ്ങേയ്ക്കു നന്ദി.
അല്പ നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം, അവിടുന്ന് എന്നോടു ചോദിച്ചു: ഞാൻ നിൻറെ ഭക്ഷണം ആശീർവ്വദിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ? ഞാൻ മറുപടി പറഞ്ഞു: കർത്താവേ, അങ്ങ് എൻറെ ഭക്ഷണം ആശീർവ്വദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ യേശു എൻറെ ഭക്ഷണം ആശീർവ്വദിച്ചു. ഞാൻ ഭക്ഷിച്ചു തീരുവോളം അവിടുന്ന് എൻറെ സമീപം ഇരുന്നു. ഞാൻ അവിടുത്തോടു നന്ദി പറഞ്ഞു.
എൻറെ ഭക്ഷണം ആശീർവ്വദിക്കണമെന്നുപോലും എനിക്കു കർത്താവിനോട് അപേക്ഷിക്കാമെന്നു സൂചിപ്പിക്കുവാനാണ്.)
പ്രിയപ്പെട്ടവളേ, എൻറെ അനുഗ്രഹങ്ങൾക്കുവേണ്ടി അപേക്ഷിക്കുക. ഞാൻ നിൻറെ ഭക്ഷണം ആശീർവ്വദിക്കും.
അതെ, കർത്താവേ. ഇക്കാര്യം എന്നെ പഠിപ്പിച്ചതിന് അങ്ങേയ്ക്കു നന്ദി.
വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. അന്ത്യംവരെ ഞാൻ നിൻറെ അദ്ധ്യാപകനായിരിക്കും.
യേശുവേ, നന്ദി. കർത്താവേ, ഞാൻ വിശുദ്ധ ഫ്രാൻസീസിനോടു പ്രാർത്ഥിച്ചിരുന്നു. ഞാൻ വിശുദ്ധനോടു പ്രാർത്ഥിച്ചപ്പോൾ വിശുദ്ധൻ എൻറെ പ്രാർത്ഥന ശ്രവിച്ചോ?
ഒന്നും കേൾക്കാതെ പോകുന്നില്ല. സ്വർഗ്ഗത്തിൽ എല്ലാം കേൾക്കാം. വിശുദ്ധ ഫ്രാൻസീസ് നിൻറെ പ്രാർത്ഥന കേട്ടിട്ടുണ്ട്. വിശുദ്ധ ഫ്രാൻസീസ് നിൻറെ സമീപം ഉണ്ട്.
വരൂ, നമ്മൾ, നമുക്ക്?
അതെ, എൻറെ ദൈവമേ. കർത്താവിന് സ്തുതി.
31.05.1988 Meditate the Rosary
യേശുവേ?
ഇതു ഞാനാണ്. പരിശുദ്ധ ജപമാല പ്രാർത്ഥന നീ നന്നായി പ്രാർത്ഥിച്ചു.
എന്നെ പഠിപ്പിക്കുന്നതിനു കർത്താവിനും പരിശുദ്ധ മാതാവിനും നന്ദി.
(സാധാരണ ചൊല്ലാറുള്ള മൂന്ന് അനുദിന പ്രാർത്ഥനകളും മുഴുവൻ ജപമാലയും ഞാൻ പ്രാർത്ഥിച്ചു.)
ജപമാലയിലെ ദൈവീകരഹസ്യങ്ങൾ ധ്യാനിക്കുവാൻ ഈ ദിവസങ്ങൾ ഉപയോഗിക്കുക.
അതെ, കർത്താവേ. ഗബ്രിയേലേ എഴുതിയ “ Home Bringing Mission “ എന്ന പുസ്തകം ഞാൻ വായിച്ചു. എന്നാൽ, അതിൽ ജപമാലയെക്കുറിച്ചോ പരിശുദ്ധ മറിയത്തെക്കുറിച്ചോ യാതൊരു സൂചനയുമില്ല.
വാസുലാ, വഴിതെറ്റിക്കുന്ന ടോർച്ച് എന്ന് കർത്താവായ ഞാൻ വിളിക്കുന്നത് ഇത്തരത്തിലുള്ള പ്രബോധനങ്ങളെയാണ്. ഇത്തരം വിഭജിതവിഭാഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക.
എൻറെ ശിരസ്സിൽനിന്ന് എൻറെ ദേഹം വേറിട്ടുപോകുവാൻ ഞാൻ അനുവദിക്കുകയില്ല. മകളേ, ഇത്തരത്തിലുള്ളവയെക്കുറിച്ചാണ് വേരുകളില്ലാത്ത ഒഴുകിനടക്കുന്ന രാജ്യങ്ങൾ എന്ന് ഞാൻ പറയുന്നത്. അത്തരത്തിലുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള തെളിവ് ഞാൻ നിനക്കു നൽകിക്കഴിഞ്ഞു. എൻറെ തിരുഹൃദയം എത്രമാത്രം സഹിക്കുന്നുണ്ടെന്ന് പറയേണ്ടതില്ലല്ലോ.
വാസുലാ, നിന്നെ ഒരിക്കലും നിരാശപ്പെടുത്താത്ത എൻറെ തിരുഹൃദയത്തെക്കുറിച്ചു ധ്യാനിക്കുക . അന്ത്യംവരെ നിൻറെ പരിശുദ്ധനായ ഗുരുവായിരിക്കും ഞാൻ. എൻറെ കരം വിടരുത്. നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
നമ്മൾ, നമുക്ക്?
അതെ, പരിശുദ്ധ മറിയമേ. ദൈവത്തിനു മഹത്ത്വം ഉണ്ടായിരിക്കട്ടെ.
01.06.1988 Abba
(ഒരു ഗ്രീക്കു യുവതിയോടു “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയെക്കുറിച്ചു സംസാരിക്കുന്ന അവസരത്തിൽ “ആബാ” എന്ന വാക്ക് എൻറെ അധരങ്ങളിൽനിന്നു പുറത്തുവന്നു. ഗ്രീക്കു ഭാഷയിൽ ഓ ബാബാസ് എന്നാണ് (O babas))
വാസുലാ, എന്നെ “ബാബ” എന്നുവിളിക്കുക. ഇത്തരത്തിൽ എന്നെ വിളിക്കുമ്പോൾ, സ്നേഹത്തോടെ ആ വാക്കു ഞാൻ സ്വീകരിക്കുന്നു. ഞാൻ നിൻറെ സ്വർഗ്ഗീയ പിതാവാണ്.
നമ്മൾ, നമുക്ക്?
അതെ, കർത്താവേ. എന്നേക്കും നമ്മൾ, നമുക്ക്.
02.06.1988 Learn the Holy Rosary. Signs of the End of Times
Feast of Corpus Christi
It refers to the Feast of Corpus Christi — the Solemnity of the Body and Blood of Christ, a major feast in the Catholic Church that honors the Real Presence of Jesus Christ in the Holy Eucharist.
പരിശുദ്ധ ദിവ്യകാരുണ്യത്തിൻറെ തിരുന്നാൾ
(കത്തോലിക്കാ സഭയിലെ ലത്തീൻ റീത്തിൽ ഈ തിരുന്നാൾ വളരെ പ്രാധാന്യത്തോടെ ആചരിക്കുന്നു.)
(കഴിഞ്ഞ മൂന്നു ദിവസങ്ങളായി അനുദിന പ്രാർത്ഥനകളും പരിശുദ്ധ ജപമാല പ്രാർത്ഥനയും ഞാൻ പ്രാർത്ഥിച്ചു.)
കർത്താവേ?
ഇതു ഞാനാണ്. എൻറെ വാസുലാ, നിൻറെ നിശ്ചയദാർഢ്യത്തോടെയുള്ള സ്ഥിരപരിശ്രമം പിശാചിനെ ദുർബലനാക്കുന്നു. ഇതുവഴി തിന്മയുടെ സ്വാധീനം കുറയുന്നു. പരിശുദ്ധ ജപമാല പ്രാർത്ഥന അഭ്യസിക്കുക; എൻറെ സഭയെ അലങ്കരിക്കുക.
(ഓർത്തഡോക്സുകാരും, പ്രൊട്ടെസ്റ്റൻറുകാരും, മറ്റു സഭാവിഭാഗങ്ങളും പരിശുദ്ധ ജപമാല പ്രാർത്ഥന അഭ്യസിക്കണമെന്നാണ് കർത്താവ് അർത്ഥമാക്കുന്നത്. ഇതുവഴി സഭ ശക്തിപ്പെടും, പിശാച് ഭയന്നോടും. അവിശ്വസ്തതയും അനുസരണക്കേടും വഴി സഭയിൽ നുഴഞ്ഞുകയറിയ പാഷണ്ഡതകളും വിശ്വാസത്യാഗങ്ങളും നിർമ്മാർജ്ജനം ചെയ്യപ്പെടും.)
അതെ, വാസുലാ. സ്നേഹം വർദ്ധിക്കും; തിന്മ കുറയും. ജപമാല പ്രാർത്ഥന അഭ്യസിക്കുന്ന കാര്യം ഞാൻ നിർദ്ദേശിച്ചതല്ല എന്നുപറഞ്ഞ് വാദിക്കുന്നവരുടെ വാദങ്ങൾ എത്ര നിരത്ഥകമാണെന്ന് ഞാൻ വ്യക്തമാക്കാം. തെറ്റായ ബോദ്ധ്യങ്ങളാൽ അവരുടെ തീക്ഷ്ണത വഴിതെറ്റിപ്പോകുന്നു. എൻറെ നീതിയെക്കുറിച്ച് അവർ മനസ്സിലാക്കിയിട്ടില്ല. അവരുടെ താത്പര്യങ്ങൾക്കു വിരുദ്ധമായതുകൊണ്ട്, ഈ ദൈവിക സന്ദേശങ്ങളെ തള്ളിപ്പറയുവാൻ അവർ തയ്യാറായിരിക്കുന്നു.
എന്നെ വെളിപ്പെടുത്തുവാൻവേണ്ടി ഞാൻ തിരത്തെടുത്തിട്ടുള്ള ബലഹീനരായ വ്യക്തികളെ കണ്ട് ഇക്കൂട്ടർ അത്യന്തം ആശ്ചര്യപ്പെടുകയും, അവരൊന്നും ദൈവത്താൽ പ്രചോദിക്കപ്പെട്ടവരല്ലെന്നു പറഞ്ഞ് അവരെ തള്ളിപ്പറയുന്നു.
“എന്നോട് ആരായാത്തവര്‍ക്ക് ഉത്തരം നല്‍കാനും എന്നെ തേടാത്തവര്‍ക്കു ദര്‍ശനമരുളാനും ഞാന്‍ തയ്യാറായിരുന്നു. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ഇതാ, ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.”
ഏശയ്യാ 65 : 1
ഇപ്രകാരം തിരുവചനത്തിൽ പറഞ്ഞിട്ടുള്ളത് അവർ മറന്നുപോയിരിക്കുന്നു. അതിനാൽ കർത്താവായ ഞാൻ പറയുന്നു, നിങ്ങളുടെ മനസ്സല്ല, മറിച്ചു നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ.
എൻറെ തിരുഹൃദയത്തിൻറെ വാസുലാ, രണ്ടുദിവസം മുമ്പ് ഞാൻ നിൻറെ ചെവിയിൽ പറഞ്ഞകാര്യം നീ കേട്ടതാണ്.
(തിമോത്തേയോസിന് വിശുദ്ധ പൗലോസ് എഴുതിയ ഒന്നും രണ്ടും ലേഖനങ്ങൾ ഞാൻ വായിക്കണമെന്ന് യേശു പറഞ്ഞിരുന്നു.)
നിങ്ങളുടെ ഈ കാലഘട്ടത്തിൻറെ അവസാന നാളുകളിൽ എന്തുസംഭവിക്കുമെന്നുള്ള പ്രവചനഭാഗം തിമോത്തേയോസിന് എഴുതിയ ഒന്നും രണ്ടും ലേഖനങ്ങളിൽ നിന്നെ കാണിച്ചുതരണമെന്ന് ഞാൻ ആഗ്രഹിച്ചു.
എൻറെ സൃഷ്ടികൾ വളരെയധികം അധഃപതിക്കുകയും, സോദോം നിവാസികളെക്കാൾ പാപത്തിൽ നിപതിക്കുകയും ചെയ്തിരിക്കുന്നു. സാത്താനിൽനിന്നു വന്നിരിക്കുന്ന അന്ധകാരം ഒരു മാരകമായ മൂടുപടംപോലെ അവരുടെമേൽ വീണിരിക്കുന്നു. കർത്താവായ എന്നിൽനിന്നുള്ളതല്ലാത്ത വിശ്വാസതത്വങ്ങൾ, എൻറെ മക്കളെ പഠിപ്പിക്കുന്നതിനുവേണ്ടി, സാത്താൻ അനേകം വ്യാജ പ്രബോധകരെയും, വ്യാജപ്രവാചകരെയും അയച്ചിട്ടുണ്ട്.
അഞ്ജതമൂലം അന്ധരായ എൻറെ മക്കൾ സാത്താൻ ഒരുക്കിയ ഈ കെണികളിൽ വീഴുന്നു.
തിമോത്തേയോസിന് എഴുതിയ ലേഖനങ്ങളിൽ താഴെപ്പറയുന്ന തിരുവചനങ്ങൾ ഒരു മുന്നറിയിപ്പ് എന്നനിലയിൽ പരസ്യമായി വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു:
“വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചു കൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു.
മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം.
അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവന് കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്.
എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല.
കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു.
ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും - വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ്വാസസംഹിതയാലും പരിപോഷിപ്പിക്കുന്ന ശുശ്രുഷകന്‍.
ലൗകികവും അര്‍ത്ഥശൂന്യവുമായ കെട്ടുകഥകള്‍ നീ തീര്‍ത്തും അവഗണിക്കുക. ദൈവഭക്തിയില്‍ പരിശിലനം നേടുക.
ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചു പ്രയോജനമുണ്ട്, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍, അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍കൊള്ളുന്നു.
വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്.
ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നാം അധ്വാനിക്കുന്നതും പോരാടുന്നതെന്നും. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണു നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്.
ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം പഠിപ്പിക്കുക.
ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക.
ഞാന്‍ വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്‍കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം.
പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്.
ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ടിക്കുക; അവക്കുവേണ്ടി ആത്മാർപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി കാണാന്‍ ഇടയാകട്ടെ.
നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.”
1 തിമോത്തേയോസ് 4 : 1-16
“അല്ലയോ, തിമോത്തേയോസേ, നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസൂക്ഷിക്കുക. അധാര്‍മികമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക.
ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.”
1 തിമോത്തേയോസ് 6 : 20-21
“ഇത് അവരെ അനുസ്മരിപ്പിക്കുക; വാക്കുകളെച്ചൊല്ലി തര്‍ക്കങ്ങളിൽ എര്പ്പെടാതിരിക്കാന് അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രോതാക്കളെ നശിപ്പിക്കുകയേയുള്ളു.
സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട്, അഭിമാനിക്കാന്‍ അവകാശമുള്ള വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്സാഹപൂര്‍വ്വം പരിശ്രമിക്കുക.
ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും.
ഈ ഭക്തിരഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നുതിന്നുന്ന വ്രണംപോലെ പടര്‍ന്നുപിടിക്കും. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും.
പുനരുത്ഥാനം സംഭവിച്ചുകഴിഞ്ഞു എന്ന വാദം ഉന്നയിച്ചുകൊണ്ട് അവര്‍ സത്യത്തില്‍നിന്നും വ്യതിചലിച്ചു; ചിലരുടെ വിശ്വാസത്തെ അവര്‍ തകിടം മറിക്കുകയും ചെയ്യുന്നു.
എന്നാല്‍, ദൈവം ഉറപ്പിച്ച അടിത്തറ ഇളകാതെ നിൽക്കുന്നു. അതില്‍ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കര്‍ത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ അറിയുന്നു. കര്‍ത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കട്ടെ.
ഒരു വലിയ ഭവനത്തില്‍ സ്വര്‍ണ്ണംകൊണ്ടും വെള്ളികൊണ്ടും തീര്‍ത്ത പാത്രങ്ങള്‍ മാത്രമല്ല; മരം മണ്ണ് ഇവകൊണ്ടു തീര്‍ത്തവയും ഉണ്ടായിരിക്കും. അവയില്‍ ചിലതു മാന്യമായ കാര്യങ്ങള്‍ക്കും ചിലതു മാന്യത കുറഞ്ഞകാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
ഒരുവന് നികൃഷ്ഠമായ അവസ്ഥയില്‍ നിന്നു തന്നെത്തന്നെ ശുദ്ധികരിക്കുന്നെങ്കിന്‍ അവന് ശ്രേഷ്ടമായ ഉപയോഗത്തിനുപറ്റിയതും ഗൃഹനായകനു പ്രയോജനകരവും ഏതൊരു നല്ലകാര്യത്തിനും ഉപയോഗ്യയോഗ്യവുമായ വിശുദ്ധപാത്രമാകും.
അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്ക്കുക.
മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്; അവ കലഹങ്ങള്‍ക്കിടയാക്കുമെന്ന് നിനക്കറിയാമല്ലോ!
കര്‍ത്താവിന്റെ ദാസന് കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം.
എതിര്‍ക്കുന്നവരെ അവന് സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണബോധ്യത്തിലേക്ക് മടങ്ങിവരാനുതകുന്ന അനുതാപം ദൈവം അവര്‍ക്കു നല്കിയെന്നുവരാം.
പിശാചു തന്റെ ഇഷ്ട നിര്‍വ്വഹണത്തിനുവേണ്ടി അവരെ അടിമകളാക്കിയിട്ടുണ്ടെങ്കിലും, അവർ സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.”
2 തിമോത്തേയോസ് 2:14-26
നിങ്ങളുടെ ഈ കാലഘട്ടത്തെക്കുറിച്ചുള്ളതാണ് ഈ പ്രവചനഭാഗങ്ങൾ.
“ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാന നാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും.
അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.
അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും
വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.
അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്ക്കുക.
അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു.
ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.
യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസ്സുള്ളവരും വിശ്വാസ നിന്ദകരുമാണ്.
എന്നാല്‍, അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്ക്കും ബോധ്യമാകും.
ഞാന്‍ പഠിപ്പിച്ച സത്യങ്ങളും എന്റെ ജീവിതരീതിയും ലക്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ.
ഞാന്‍ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു.
യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.
എന്നാല്‍, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമായി നില്ക്കുക.
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷ പ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
ഇതുവഴി ദൈവഭക്തനായ മനുഷ്യന് പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.”
2 തിമോത്തേയോസ് 3 : 1-17
ഈ പ്രവചനഭാഗത്ത് നിങ്ങളുടെ ഈ കാലഘട്ടത്തിലെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തുന്നു. കാലത്തിൻറെ അവസാനത്തിനു മുമ്പുള്ള അവസാന നാളുകളാണ് ഇവ.
( NB: തിരുവചനങ്ങളുടെ നമ്പർ മാത്രമേ യേശു പറയുന്നുള്ളൂ. വായനക്കാർക്കുവേണ്ടി പ്രസ്തുത തിരുവചനങ്ങൾ ഈ പരിഭാഷയിൽ എഴുതിച്ചേർത്തിരിക്കുന്നു.)
നവീകരണത്തിൻറെ ഒരു തിരിച്ചുവരവിനുവേണ്ടി നിങ്ങളുടെ പ്രാർത്ഥന ഇരട്ടിയാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും, എൻറെ അടുക്കലേക്കു മടങ്ങിവരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക്കുവേണ്ടി എൻറെ തിരുഹൃദയം സദാ തുറന്നിട്ടിരിക്കുന്നു.
പുഷ്പമേ, എൻറെ അടുക്കൽ ഇരുന്നു സന്ദേശം എഴുതിയെടുക്കുന്നതിനു മുമ്പ്, എപ്പോഴും സത്യാത്മാവ് പ്രദാനം ചെയ്യുന്ന വിവേചനവരത്തിനുവേണ്ടി പ്രാർത്ഥിക്കുക.
സ്നേഹമായ ഞാൻ നിന്നെ സ്നേഹിക്കുകയും, നയിക്കുകയും ചെയ്യുന്നു. വരൂ, എൻറെ തിരുഹൃദയത്തിൽ വിശ്രമിക്കുക. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. നമ്മൾ, നമുക്ക്?
അതെ, കർത്താവേ. അതെ, പരിശുദ്ധ മറിയമേ.
03.06.1988 How to discern True Revelation from False Ones or Discernment
എൻറെ കർത്താവേ?
ഇതു ഞാനാണ്. ഒരിക്കലും നിരാശപ്പെടരുത്. പ്രിയപ്പെട്ട ദേഹി, നിന്നോടുള്ള എൻറെ സ്നേഹത്തെ അനുസ്മരിക്കുക. നിൻറെ ബലഹീനതയോടുകൂടി, നീ ആയിരിക്കുന്ന അവസ്ഥയിൽ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
നീ ബലഹീനയാണ്. നിന്നെ വഴിനയിക്കുവാൻ എൻറെ ആത്മാവിനെ അനുവദിക്കുക. എന്നിൽ, എൻറെ ശക്തിയിൽ നിന്നെത്തന്നെ ഉന്മൂലനം ചെയ്യുക.
എന്നിൽ അലിഞ്ഞില്ലാതായിത്തീരുക; ഈ ദൈവീകപ്രവൃത്തിയെല്ലാം ഞാനാണ് ചെയ്തിരിക്കുന്നതെന്ന് മനുഷ്യർക്കു തോന്നേണ്ടതിന് നീ സ്വയം ഇല്ലാതായിത്തീരുക. നീ ഒന്നുമില്ലായ്മയാണ്. ഒന്നുമില്ലായ്മയായി നിലകൊള്ളുക; എൻറെ ആത്മാവിനെ നിന്നിൽ വളരുവാൻ അനുവദിക്കുക. അതെ, നിൻറെ ഒന്നുമില്ലായ്മയിലേയ്ക്കു ഞാൻ നിശ്വസിക്കട്ടെ. ഞാൻ നിന്നിൽ സന്തോഷിക്കട്ടെ. നിങ്ങൾ എല്ലാവരെയും രക്ഷിക്കുന്നതിനും, ഐക്യപ്പെടുത്തുന്നതിനുമായി ഈ വിധത്തിൽ നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുവിൻ.
അതെ, കർത്താവേ.
പുഷ്പമേ? സത്യമായ വെളിപാടുകളെയും, ദർശനങ്ങളെയും വ്യാജമായ സിദ്ധാന്തങ്ങളിൽനിന്നും, വ്യാജമായ ദർശനങ്ങളിൽനിന്നും വിവേചിച്ചറിയുവാൻ ഞാൻ നിന്നെ ഈ ദിവസങ്ങളിൽ പഠിപ്പിക്കുകയാണ്. വ്യാജമായവ എന്തും സാത്താനിൽനിന്നു വരുന്നതാണ്.
സത്യത്തെ കളങ്കപ്പെടുത്തുന്നതിന് ആശയകുഴപ്പത്തിൻറെ വിത്തുകൾ സാത്താൻ ഇറ്റലിയിലെ പെസ്കാരയിൽ ചെയ്തതുപോലെ വിതയ്ക്കുകയാണ്.
(ഇറ്റലിയിലെ പെസ്കാരയിൽ വ്യാജ ദർശനവും വ്യാജ പ്രവചനവും സാത്താൻ പ്രചരിപ്പിക്കുകയുണ്ടായി.)
നിങ്ങൾ എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുന്നതിന് സാത്താൻ ഗോതബുകൾക്കിടയിൽ കളകൾ വിതയ്ക്കുകയാണ്. മെഡ്ജ്ഗോറയിലെ ദൈവീക പ്രത്യക്ഷപ്പെടലുകളെപ്രതി കോപവെറി പൂണ്ട സാത്താൻ, നിങ്ങൾ എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കുവാൻ, ഈ ദൈവിക പ്രത്യക്ഷപ്പെടലുകൾ ദൈവത്തിൽനിന്നുള്ളതല്ലെന്ന് കാണിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
മകളേ, എൻറെ സഭയിൽ അനൈക്യം ഉളവാക്കുന്നതോ, പത്രോസിനെ (മാർപ്പാപ്പയെ) നിഷേധിക്കുന്നതോ, പരിശുദ്ധ മറിയത്തെ തള്ളിപ്പറയുന്നതോ ആയ ഏതെങ്കിലും വെളിപാട് നീ വായിക്കുവാനിടയാൽ, പ്രസ്തുത വെളിപാട് നിൻറെ കർത്താവായ, ദൈവമായ എന്നിൽനിന്നു പുറപ്പെട്ടവയല്ലെന്ന് നിനക്ക് ഉറപ്പിക്കാം. നേരെമറിച്ച്, ആ വെളിപാട് എൻറെ എതിരാളിയായ സാത്താനിൽനിന്നു പുറപ്പെട്ടതാണ്. കഴിയുന്നതിൻറെ പരമാവധി ആളുകളെ എന്നിൽനിന്ന് അകറ്റിമാറ്റുന്നതിനുവേണ്ടി എൻറെ സാദൃശ്യത്തിൽ സാത്താൻ വേഷംകെട്ടി പ്രത്യക്ഷപ്പെടുന്നതാണ്.
എൻറെ ആടുകൾ ചിതറിപ്പോകണമെന്ന് കർത്താവായ ഞാൻ ആഗ്രഹിക്കുന്നില്ല. പത്രോസായ മാർപ്പാപ്പയുടെ കീഴിൽ നിങ്ങൾ ഒറ്റ ആട്ടിൻപറ്റമായിത്തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളെല്ലാവരും ഒന്നിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ മടങ്ങിവരവു വരെ എൻറെ കുഞ്ഞാടുകളെയും ആടുകളെയും തീറ്റിപ്പോറ്റുന്നതിന് നിങ്ങളുടെ രക്ഷകനും കർത്താവുമായ, യേശുക്രിസ്തുവായ ഞാൻ പത്രോസിനെ തിരഞ്ഞെടുത്തുവെന്ന് വീണ്ടും ഞാൻ ആവർത്തിക്കുകയാണ്. ഈ പത്രോസാണ് ഇപ്പോഴെത്തെ മാർപ്പാപ്പയായ ജോൺ പോൾ രണ്ടാമൻ. സഭകളോട് ആത്മാവു പറയുന്നതെന്തെന്ന് ശ്രദ്ധിക്കുവിൻ.
വാസുലാ, തൻറെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നെന്ന് സാത്താന് അറിയാം. ഇക്കാരണത്താൽ ചുവന്ന വ്യാളി പരമാവധി ആളുകളെ വലിച്ചു താഴെയിട്ടു തന്നോടൊപ്പം ചേർക്കുവാൻ പരിശ്രമിക്കുന്നു. ആത്മീയതയും, പരിശുദ്ധിയും കൊണ്ടു നിറയേണ്ടിയിരുന്ന മനുഷ്യമനസ്സുകളിൽ, സത്യത്തിൽനിന്നും പരിശുദ്ധിയിൽനിന്നും വഴിതെറ്റിക്കുന്ന അനേകം വിനോദങ്ങൾ സാത്താൻ നിറച്ചിരിക്കുന്നു.
എൻറെ പ്രിയപ്പെട്ടവളേ, നിൻറെ ചുറ്റിലും നിരീക്ഷിച്ചാൽ നിനക്ക് ഇക്കാര്യം മനസ്സിലാകും. സോദോം ഗോമോറാ നിവാസികളുടെ കാലത്തെന്നപോലെ, മക്കളേ, നിങ്ങളുടെ ചിന്തകളിലും മനസ്സുകളിലും ആത്മീയതയ്ക്കും പരിശുദ്ധമായിരിക്കുന്നവയ്ക്കും യാതൊരിടവും ബാക്കിവയ്ക്കാതെ ജഢികമായവയാൽ നിറയ്ക്കേണ്ടതിനാണ് ഈ വിനോദങ്ങളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ ഹൃദയത്തിൽ നിങ്ങളുടെ സൃഷ്ടാവും ദൈവവുമായ എനിക്ക് ഒരിടവും മാറ്റിവയ്ക്കാതെ ജഢിക വിഷയങ്ങൾ കുത്തിനിറച്ചിരിക്കുന്നു.
എൻറെ വാസുലാ, എന്നെ തിരസ്ക്കരിക്കുന്നതായി എനിക്കനുഭവപ്പെടുന്നു. ഞാൻ സ്നേഹിക്കപ്പെടുന്നില്ലെന്നും, മറക്കപ്പെട്ടിരിക്കുന്നെന്നും എനിക്കു തോന്നുന്നു. നിങ്ങളോടുള്ള സ്നേഹത്തെപ്രതി കുരിശിൽ പീഡസഹിച്ചു മരിച്ചവനാണ് ഞാൻ.
ഞാൻ സ്നേഹത്തിൻറെ ആത്മാവാണ്. മനുഷ്യർ എന്നോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് നിനക്കു മനസ്സിലാകുന്നുണ്ടോ? ഞാൻ ഇത് അർഹിക്കുന്നുണ്ടോ?
എൻറെ ദൈവമേ, എൻറെ ഹൃദയം പിളരുന്നതുപോലെ എനിക്കനുഭവപ്പെടുന്നു. കർത്താവേ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കർത്താവേ, ദയവായി ഒരു അത്ഭുതം പ്രവർത്തിക്കണമെ. അത്ഭുതത്തിനു
വേണ്ടി ഞാൻ ചോദിക്കുവാൻ പാടില്ല. എന്നാൽ, കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. കർത്താവേ, ഇനിമേൽ ആരും അങ്ങയെ ദ്രോഹിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാസുലാ, മനുഷ്യരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുക; തീക്ഷ്ണമായി പ്രാർത്ഥിക്കുക.
തന്നോടൊപ്പം എൻറെ സൃഷ്ടികളായ നിങ്ങളെ നരകക്കുഴിയിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ സാത്താൻ ശക്തിപ്പെടുത്തിയിരിക്കുന്നു .
അല്ലയോ സൃഷ്ടികളേ, നിങ്ങൾ എത്രയോ ബലഹീനരാണ്! നിങ്ങൾ എത്രയോ ഭയാനകമാംവിധം ശക്തിഹീനരാണ്!
പരിശുദ്ധ കുർബാനയെ ആചാരം എന്നുവിളിച്ചുകൊണ്ട് സജീവമായ എൻറെ ബലിയെ നിഷേധിക്കുകയോ നിങ്ങളുടെ പരിശുദ്ധ മാതാവിൻറെ വിമലഹൃദയത്തെ നിഷേധിക്കുകയോ ചെയ്യുന്ന ഏതു വെളിപാടും എന്നിൽനിന്നുള്ളല്ല.
കർത്താവായ ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു. ഈ വ്യാജപ്രവാചകൻമാരെക്കുറിച്ച് ഒരിക്കൽകൂടി ഞാൻ നിനക്കു മുന്നറിയിപ്പു തരുന്നു.
കർത്താവേ, അങ്ങേയ്ക്കു നന്ദി.
എന്നെ സ്നേഹിക്കുക.
കർത്താവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു.
നമ്മൾ, നമുക്ക്?
അതെ, കർത്താവേ.
04.06.1988 Mysteries should remain Unalterable- The Seed of Rebellion
കർത്താവേ?
ഇതു ഞാനാണ്. ഞാൻ നിന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. എൻറെ സഭയിൽ കടന്നുകൂടിയിരിക്കുന്ന ആശയകുഴപ്പത്തെക്കുറിച്ച് ഞാൻ നിനക്കു പറഞ്ഞുതരാം.
എന്നെ ശ്രദ്ധിച്ചു ശ്രവിക്കുവാൻ പരിശ്രമിക്കുക; പരിശുദ്ധ ജപമാല പ്രാർത്ഥിച്ചുകൊണ്ട് എന്നെ പ്രസാദിപ്പിക്കുക. ജപമാലയിലെ ദൈവികരഹസ്യങ്ങൾ ധ്യാനിച്ച് അനുഭവിച്ചറിയുക. നിങ്ങളുടെ പരിശുദ്ധ മാതാവിൻറെ കണ്ണുകളിലൂടെ ജപമാല രഹസ്യങ്ങൾ കാണുക.
നിങ്ങളുടെ ഈ കാലഘട്ടം ഈ ദൈവികരഹസ്യങ്ങളെ യുക്തിപൂർവ്വം വിലയിരുത്തുവാൻ പരിശ്രമിക്കുകയാണ്. മനുഷ്യർ ശിശുക്കളെപ്പോലെ, ശിശുസഹചമായ വിശ്വാസത്തോടെ നിഷ്ക്കളങ്കരായിക്കണമെന്നുള്ള എൻറെ ആഗ്രഹത്തെക്കുറിച്ച് അവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.
അനേകം വ്യക്തികളെയും ജനതകളെയും ആത്മീയമായി പോഷിപ്പിക്കേണ്ടതിന് എൻറെ സഭയെ ഞാൻ കൃപയാലും, മഹിമയാലും നിറച്ചു സമ്പന്നാമാക്കി.
നിങ്ങളിൽ പലരും ഈ ജപമാല രഹസ്യങ്ങളെ ദൈവികരഹസ്യങ്ങളാക്കി അംഗീകരിക്കുന്നില്ല.
എൻറെ ജനത്തിന് ഇപ്പോൾ എളിമയും, ലാളിത്യവും, നിഷ്ക്കളങ്കമായ വിശ്വാസവും ഇല്ല. നിങ്ങളുടെ ഈ കാലഘട്ടം സർവ്വതിനെയും, എൻറെ ദൈവീകരഹസ്യങ്ങളെപ്പോലും യുക്തികൊണ്ട് വിലയിരുത്തുകയാണ്. തങ്ങളുടെ ദൈവമായ എന്നെ അനാവൃതമാക്കുവാൻ തങ്ങൾക്കു കഴിയുമെന്ന് വിശ്വസിക്കുവാൻ അവർക്കു എങ്ങനെ സാധിക്കുന്നു? എൻറെ ദൈവീകരഹസ്യങ്ങളെ അവർ യുക്തിപൂർവ്വം വിശദീകരിക്കുന്നു.
മകളേ, ഞാൻ നിന്നോടു പറഞ്ഞ “വിതക്കാരനും കാക്കക്കൂട്ടങ്ങൾ” എന്ന ഉപമയിലെ കാക്കകളാണ് ഇവർ. കാക്കക്കൂട്ടങ്ങളെപ്പോലെയുള്ള, എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഇവർ, തങ്ങളുടെ ബുദ്ധിയ്ക്ക് അനുയോജിച്ചവിധത്തിൽ, പത്രമാദ്ധ്യമങ്ങളെ സന്തോഷിപ്പിക്കുവാൻവേണ്ടി, തങ്ങളുടെ തന്നെ സിന്താദ്ധങ്ങൾക്കു രൂപംകൊടുക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ അവർക്ക് എന്നിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്.
എൻറെ ദൈവീകരഹസ്യങ്ങൾ മാറ്റമില്ലാതെ, അതിൻറെ തനിമയോടെതന്നെ നിലനില്ക്കേണ്ടതാണ്. ഈ കാക്കക്കൂട്ടങ്ങൾ എൻറെ സഭയിലേക്ക് ഗുരുതരമായ തെറ്റുകളുള്ള സിദ്ധാന്തങ്ങൾ കൊണ്ടുവന്ന്, സത്യത്തെയും എൻറെ വചനത്തേയും ദുഷിപ്പിച്ച്, എൻറെ സഭയിൽ ഉണ്ടാകേണ്ട സമൃദ്ധമായ കൊയ്ത്തിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
എൻറെ വചനവും, എൻറെ ദൈവികരഹസ്യങ്ങളും സഭയിൽ മാറ്റാനാവാത്തതായി നിലനില്ക്കേണ്ടതാണ്.
എൻറെ സഭ ഇപ്പോൾ അജ്ഞതയുടെ അന്ധകാരത്തിലും ആശയക്കുഴപ്പത്തിലുമാണ്. ഒരു പാഷണ്ഡതപോലെ ഈ ആശയക്കുഴപ്പം എൻറെ സഭയിൽ പ്രവേശിച്ച്, എൻറെ പുരോഹിതന്മാരിൽ അനേകരെ തെറ്റുകൾ ചെയ്യുവാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ആത്മാവ് സഭകളോടു വിളിച്ചു പറയുന്നു: അസത്യത്തെ ഖണ്ഡിക്കുക; തെറ്റുകൾ തിരുത്തുക; അനുസരണത്തിന് ആഹ്വാനം ചെയ്യുക. എന്നാൽ ഇതെല്ലാം ചെയ്യുന്നത് ക്ഷമയോടും, സത്യവചനം പഠിപ്പിക്കാനുള്ള ലക്ഷ്യത്തോടുമായിരിക്കണം.
(യേശു പറഞ്ഞതനുസരിച്ച് 2 തിമോത്തേയോസ് 2:2-5 വരെയുള്ള തിരുവചനങ്ങൾ ചുവടെ ചേർക്കുന്നു:)
“വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.
ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും.
അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക.”
2 തിമോത്തേയോസ് 4 : 2-5
വാസുലാ, എന്നോട് മറുപടി പറയുക:
സുവിശേഷം മാത്രം തിരുവചനത്തിൽനിന്ന് അടർത്തി വേർപെടുത്താമോ?
ഇല്ല. കർത്താവേ, ഇത് അസാദ്ധ്യമാണ്.
ഈ വസ്തുത എൻറെ ശരീരത്തെ സംബദ്ധിച്ച് ഒരു ഉദാഹരണമായി സ്വീകരിക്കാവുന്നതാണ്. എൻറെ ശരീരത്തെയും (രക്തത്തെയും) വേർപെടുത്താനാവില്ല. എന്നാൽ അവർ അവയെ വേർപെടുത്തിയിരിക്കുന്നു. അനുസരണക്കേട് കലാപമെന്നപോലെ എൻറെ സഭയിലേക്കു നുഴഞ്ഞുകയറിയിരിക്കുന്നു. അനുസരണക്കേട് എന്ന കലാപം സാത്താൻറെ സ്വാധീനത്താൽ എൻറെ പുരോഹിതന്മാരിലും, മെത്രാന്മാരിലും , കർഡിനാൾമാരിലും പ്രവേശിച്ചിരിക്കുന്നു. സാത്താൻറെ ചിറകുകളിൽ കീഴിൽ മറയ്ക്കപ്പെട്ടിരിക്കുന്ന ഇവർ സാത്താൻറെ കെണിയിൽ വീണിരിക്കുന്നു. അവരിലുള്ള അനുസരണക്കേട് എന്ന കലാപം എൻറെ തിരുഹൃദയത്തെ മുറിവേല്പിച്ചുകൊണ്ടിരിക്കുന്നു.
ആരംഭത്തിൽ അനുസരണക്കേട് എന്ന കലാപത്തിൻറെ വിത്തു സാത്താനിൽനിന്നു സ്വീകരിച്ച എൻറെ പുരോഹിതന്മാർ, അതിനെക്കുറിച്ച് ചിന്തിച്ച്, പഠിച്ച്, ആലോചിച്ച്, തെറ്റായ തീരുമാനങ്ങളും പദ്ധതികളും തയ്യാറാക്കുന്നു. അവരുടെ ഹൃദയങ്ങളിൽ സത്യത്തിനെതിരായ വിരോധം പാകപ്പെട്ട്, എൻറെ ആടുകളടെ ഇടയനായി ഞാൻ തിരഞ്ഞെടുത്ത പത്രോസിൻറെ പിൻഗാമിക്കെതിരെ- മാർപ്പാപ്പയ്ക്കെതിരെ - അവർ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ഈ അനുസരണക്കേട് എന്ന കലാപം പൂർണ്ണ വളർച്ച പ്രാപിച്ച്, എൻറെ സഭയ്ക്കെതിരെ പരസ്യമായി വിഷശരങ്ങൾ തൊടുത്ത്, സഭയെ വീണ്ടും പിളർത്തുവാനുള്ള ശക്തി അവർക്കു നൽകിയിരിക്കുന്നു.
യൂദാസ് ഗത്സെമെനിൽ എന്നെ ഒറ്റിക്കൊടുത്തതുപോലെ, ഇക്കൂട്ടർ സ്നേഹം നിറഞ്ഞ എൻറെ ഹൃദയത്തെ ഒറ്റിക്കൊടുത്തിരിക്കുന്നു. ചമ്മട്ടികൊണ്ടടിക്കുന്നതിനുവേണ്ടി അവർ എന്നെ വലിച്ചിഴച്ചുകൊണ്ടുപോവുകയാണ്. അല്ലയോ വാസുലാ, അവർ എന്നെ ചമ്മട്ടികൊണ്ടടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എത്രമാത്രം വേദന സഹിക്കുന്നു!
ഓ എൻറെ കർത്താവേ!
( കർത്താവിനെ ഒരു കൽത്തൂണിൽ കെട്ടിയിട്ട് ചമ്മട്ടികൊണ്ടടിക്കുന്നതും, ഒരോ അടിയിലും അവിടുത്തെ ശരീരം കീറിമുറിയുന്നതും, ശരീരം കിടുകിടാ വിറയ്ക്കുന്നതും, അവിടുത്തേക്കു ശ്വാസതടസ്സം അനുഭവപ്പെടുന്നതും ഞാൻ ഒരു ആന്തരികദർശനത്തിൽ കണ്ടു. അവിടുത്തെ ശരീരം മുഴുവനും ഒരറ്റമുറിവുപോലെയായിത്തീർന്നു.)
കർത്താവേ, അവർ എപ്പോഴാണ് ഈ പീഡനം നിർത്തുക?
അവർ ഈ പീഡനം അവസാനിപ്പിക്കുകയില്ല. അവർ എന്നെ അതിക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചുകൊണ്ടിരിക്കുന്നു. അഹങ്കാരത്താലും അനുസരണക്കേടിനാലും ലഹരിപിടിച്ച അവർ അനുസരിക്കുന്നതും, വിശ്വസ്തത പുലർത്തുന്നതും എൻറെ ശത്രുവായ സാത്താനോടുമാത്രമാണ്! എൻറെ സഭയെയാണ് അവർ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവർ എൻറെ ആടുകളെ ചിതറിച്ചുകളയുന്നു. പത്രോസിൻറെ പിൻഗാമിയായ മാർപ്പാപ്പയുടെ പാദത്തിൽ ചവുട്ടിക്കൊണ്ട് അവനെ അവർ തള്ളിമാറ്റുകയാണ്. അവർ മാർപ്പാപ്പയെ നിശ്ശബദ്നാക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു….
കായേൻ ഒരിക്കലും എൻറെ അബേലിനെ മനസ്സിലാക്കിയിട്ടില്ല. അല്ലയോ.. ആബേലേ, ഞാൻ നിന്നെ പരിത്യജിക്കുകയില്ല. നിൻറെ ദൈവം നിൻറെ സമീപത്തുണ്ട്. നിൻറെ ദൈവം ഒരു വൃന്ദം മാലാഖമാരോടൊപ്പം നിന്നെ സംരക്ഷിക്കുവാനും, എൻറെ ശത്രുവും നിൻറെ ശത്രുവുമായ സാത്താനെ ചവിട്ടിത്താഴ്ത്തുവാനാണ് വരുന്നത്. ഞാൻ എൻറെ മാലാഖവാരെ സജ്ജരാക്കിയിരിക്കുന്നു. കായേൻ ഇനിമേൽ നിന്നെ അടിക്കുകയില്ല . അവൻ നിന്നെ അടിക്കാൻ ഒരുബെട്ടാൽ, അവൻറെ കൈ നേരിടുന്നത് അവൻറെ ദൈവമായ എൻറെ കരങ്ങളെയായിരിക്കും. കർത്താവായ ഞാൻ അവനെ ആശ്ചര്യഭരിതനാക്കും!
എൻറെ തിരുഹൃദയവും നിങ്ങളുടെ പരിശുദ്ധ മാതാവിൻറെ വിമല ഹൃദയവും മുഖേന എൻറെ സഭ ഐക്യപ്പെടും. ഞങ്ങളുടെ ഇരു ഹൃദയങ്ങളും ഐക്യപ്പെട്ടിരിക്കുന്നതുപോലെ എൻറെ സഭയും ഐക്യപ്പെടും. എൻറെ സഭ ഒന്നായിത്തീരും.
07.06.1988 Legion of Angels
കർത്താവേ?
ഇതു ഞാനാണ്. കുഞ്ഞേ, ഞാൻ നിൻറെ വളരെ അടുത്തുതന്നെയുണ്ട്. എൻറെ ഹൃദയസ്പന്ദനങ്ങളെ ശ്രദ്ധിക്കുക. എൻറെ മുറിവുകൾ കണ്ട്, തൊട്ടറിയുന്നതിനുവേണ്ടി, എൻറെ മാലാഖമാരെ, ഞാൻ എൻറെ തിരുഹൃദയത്തിനുള്ളിലേക്കു പ്രവേശിപ്പിക്കും. എൻറെ മാലാഖമാർ അവരുടെ ദൈവത്തിൻറെ മുറിവുകൾ തൊട്ട് അനുഭവിച്ചറിയുമ്പോൾ, അവരുടെ സ്തുതിയുടെ ശബ്ദം അത്യുച്ചത്തിലാവുകയും, അതുവഴി എൻറെ ശത്രുവായ സാത്താൻ ഞടുങ്ങി വിറയ്ക്കുകയും, ഭൂമിയുടെ അടിസ്ഥാനങ്ങൾത്തന്നെ പ്രകമ്പനത്താൽ കുലുങ്ങുകയും ചെയ്യും.
എൻറെ കീറിമുറിക്കപ്പെട്ട തിരുഹൃദയത്തിൻറെ അവസ്ഥ അവർ കണ്ട് അനുഭവിച്ചറിയുമ്പോൾ, അവരുടെ ദൈവമായ എന്നോടുള്ള സ്നേഹജ്വാല അവരുടെ ഹൃദയത്തിൽ ഉയരുന്നു.
നമ്മുടെ സഭയെ സംരക്ഷിക്കുന്നതിനുവേണ്ടി നിങ്ങളുടെ പരിശുദ്ധ മാതാവ് സ്നേഹത്താൽ ഒരുക്കിനിർത്തിയിരിക്കുന്ന ഈ മാലാഖമാരാണ് നിങ്ങളുടെ പരിശുദ്ധ മാതാവിൻറെ സ്വർഗ്ഗദൂതന്മാരുടെ സൈന്യം. ഈ മാലാഖമാർ സ്നേഹത്താൽ തിന്മയെ എതിർക്കാനുള്ളവരാണ്.
എൻറെ തിരുഹൃദയത്തിൻറെ വാസുലാ, വരൂ. കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. എൻറെ മുഖത്തു നോക്കുക. മനുഷ്യവർഗ്ഗത്തിനു മുഴുവനും കൊടുക്കേണ്ടതിന് ഇതാ ഞാൻ എൻറെ തിരുഹൃദയം എൻറെ ഉള്ളംകൈയ്യിൽ വച്ചുകൊണ്ട് നിങ്ങളുടെ അടുക്കലേക്കു വരുന്നു. ഞാൻ എത്രയധികമായി നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു!
(സൂര്യനുള്ളിൽ പരിശുദ്ധ മാതാവ് നിൽക്കുന്നതും, ഒരു ഹൃദയവും, ഒരു കുരിശും ആന്തരിക ദർശനത്തിലൂടെ ഞാൻ കണ്ടു. )
വാസുലാ, പരിശുദ്ധ ജപമാല പ്രാർത്ഥന അവഗണിക്കരുത്.
യേശുവേ, ഞാൻ ജപമാല പ്രാർത്ഥന അവഗണിക്കുകയില്ല.
വരൂ, നമുക്ക്? നമ്മൾ?
അതെ, കർത്താവേ. നമ്മൾ, നമുക്ക്. കർത്താവിന് സ്തുതി.
08.06.1988 My Mysteries are to remain Mysteries
യേശുവേ?
ഇതു ഞാനാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ്, ഞാൻ നൽകിയ ഒരു സന്ദേശത്തിൽ, ഞാൻ പറഞ്ഞ ഒരു ശൈലി, ഞാൻ നിനക്കു വിശദീകരിച്ചു മനസ്സിലാക്കിത്തരാം. പത്രോസായ മാർപ്പാപ്പയെ നീ കാണുമ്പോൾ എൻറെ പഴയ വസ്ത്രങ്ങൾ നീ ധരിക്കണം എന്നു ഞാൻ പറഞ്ഞു. അതിനർത്ഥം, എൻറെ സുവിശേഷത്തിനു മാറ്റം വരുത്തരുത്; ഞാൻ പ്രഘോഷിച്ചതുപോലെ തന്നെ എൻറെ സുവിശേഷം പ്രഘോഷിക്കേണ്ടതാണ്. എൻറെ വസ്ത്രങ്ങൾ വളരെ ലളിതമാണെന്നും ഞാൻ പറഞ്ഞിരുന്നു. അതിനർത്ഥം, സുവിശേഷവചനങ്ങളെ ഒരു ശിശുവിനെപ്പോലെ, ശിശുസഹചമായ വിശ്വാസത്തോടെ സമീപിക്കണമെന്നാണ്.
വാസുലാ, അനേകം പുരോഹിതർ എൻറെ സുവിശേഷ രഹസ്യങ്ങളിൽ വിശ്വസിക്കുന്നില്ല. അതിനാൽ, എൻറെ സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടവിധത്തിൽ അവർ പ്രഘോഷിക്കുന്നില്ല. നിങ്ങളുടെ കാലഘട്ടത്തെയും, അതിൻറെ സംസ്കാരത്തെയും പ്രീതിപ്പെടുത്തുന്നതിലാണ് അവർക്ക് താത്പര്യമുള്ളത്. ഈ പുരോഹിതർ എൻറെ പഴയ വസ്ത്രത്തിൽനിന്നും തികച്ചും വിത്യസ്തമായ പുതിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്.
എൻറെ സുവിശേഷം തെറ്റുകൂടാതെ പ്രഘോഷിക്കപ്പെടണം. എൻറെ സുവിശേഷ രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ നിലകൊള്ളണം.
കർത്താവേ, അങ്ങേയ്ക്കു നന്ദി. ദൈവത്തിനു മഹത്ത്വമുണ്ടായിരിക്കട്ടെ. ആമ്മേൻ.
09.06.1988 Blessed are the Poor in Spirit
വാസുലാ, കർത്താവായ ഞാൻ നിൻറെ ദുരിതാവസ്ഥയിലും നിന്നെ സ്നേഹിക്കുന്നു. നീ ആത്മാവിൽ ദരിദ്രയാണ്. എന്നാൽ, ഞാൻ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; എന്തെന്നാൽ ദൈവരാജ്യം അവരുടെതാണ്.
ഞാനും നിൻറെ പരിശുദ്ധ മാതാവും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളെത്തന്നെ ജ്ഞാനികളെന്നു കരുതുന്നവരെ ലജ്ജിപ്പിക്കുന്നതിനുവേണ്ടി ആത്മാവിൽ ദരിദ്രരായ, എൻറെ സൃഷ്ടികളിൽ ഏറ്റവും നികൃഷ്ടാവസ്ഥയിൽ കഴിയുന്നവരെ, എൻറെ ദൈവീകപ്രവൃത്തികൾ വെളിപ്പെടുത്തുന്നതിനുവേണ്ടി ഞങ്ങളുടെ ഇരു ഹൃദയങ്ങളും തിരഞ്ഞെടുത്തിരിക്കുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കുന്നതിനുവേണ്ടി, നിങ്ങൾ ഒന്നുമില്ലായ്മയെന്നും നിന്ദ്യരെന്നും കരുതുന്നവരെ എൻറെ ആത്മാവ് എപ്പോഴും തിരഞ്ഞെടുത്ത് ദൗത്യങ്ങൾ ഏല്പിക്കും.
വാസുലാ, സ്ഥിരമായി പരിശ്രമിക്കുക. ഞാൻ എപ്പോഴും നിന്നെ സഹായിക്കും. വരൂ, നമ്മൾ, നമുക്ക്?
(പരിശുദ്ധ ജപമാല പ്രാർത്ഥിക്കുന്ന കാര്യമാണ് യേശു ഉദ്ദേശിച്ചത്.)
അതെ, കർത്താവേ. നമ്മൾ നമുക്ക്.
.
നമ്മൾ, നമുക്ക്?
.
അതെ, പരിശുദ്ധ മറിയമേ. നമ്മൾ, നമുക്ക്.
10. 06.1988 The Holy Rosary
(പരിശുദ്ധ മാതാവു സംസാരിക്കുന്നു.)
പരിശുദ്ധ ജപമാല പ്രാർത്ഥനയിലൂടെ ഞാൻ വിജയം കൈവരിക്കും. മകളേ, ജപമാല പ്രാർത്ഥന സംഭവിക്കാനിരിക്കുന്ന അനേകം ദൈവീകപ്രവൃത്തികളുടെ ആരംഭമായിരിക്കും.
വാസുലാ, ഫാത്തിമായിൽ ജപമാല മാതാവ് എന്നരീതിയിൽ ഞാൻ പ്രത്യക്ഷയായി സന്ദേശങ്ങൾ നൽകി. വാസുലാ, ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു. അനുദിനം ജപമാല പ്രാർത്ഥന നടത്തുവാൻ നീ ഒരുക്കമാണോ?
അതെ, ഞാൻ ഒരുക്കമാണ്. അങ്ങയേയും യേശുവിനെയും അനുസരിക്കുവാൻ ഞാൻ തയ്യാറാണ്.
അനുസരണം!
എൻറെ മക്കളേ, അനുസരണം വഴി തിന്മയെ എത്രമാത്രം കീഴടക്കാം എന്ന് അറിയുവിൻ.
സഭ നവീകരിക്കപ്പെടും. യേശുവും ഞാനും എപ്പോഴും ഒരുമിച്ചു പ്രവർത്തിക്കുന്നു, കാരണം ഞങ്ങളുടെ ഇരുഹൃദയങ്ങളും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു.
മനുഷ്യവർഗ്ഗത്തിലെ ഏറ്റവും ദുർബലയായ, ഏറ്റവും നിസ്സാരയായ, ഏറ്റവും നികൃഷ്ടയായ ഒരു കുഞ്ഞായ നിന്നിലൂടെ അവിടുത്തെ സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ സന്ദേശം നൽകുന്നതിന് യേശുവിൻറെ തിരുഹൃദയം നിന്നെ തിരഞ്ഞെടുത്തു.
എന്നാൽ, നിൻറെ അവസ്ഥ എന്തുതന്നെയായലും യേശു നിന്നെ അനന്തമായി സ്നേഹിക്കുന്നു. അവിടുത്തെ അനന്തമായ കരുണ ലോകത്തിനു വെളിപ്പെടുത്തി കൊടുക്കുവാനാണ് അവിടുന്നു നിന്നെ തിരഞ്ഞെടുത്തത്.
അവിടുത്തെ സ്നേഹം നിന്നിലൂടെ വെളിപ്പെടുത്തുവാൻ അവിടുന്നു നിന്നെ തിരഞ്ഞെടുത്തു.
സൃഷ്ടികളേ, മടങ്ങി വരുവിൻ; ഞങ്ങളുടെ അടുക്കലേക്കു മടങ്ങി വരുവിൻ. സമയം ഏതാണ്ട് അവസാനിക്കാറായി! ഞങ്ങളുടെ ആഹ്വാനം ശ്രവിക്കുക. മക്കളേ, ഇനി അധികം സമയം ബാക്കിയില്ല. അല്ലയോ പ്രിയപ്പെട്ട മക്കളേ, ഞങ്ങളുടെ സ്വരം ശ്രവിക്കുവിൻ. ഞങ്ങളുടെ യാചന കേൾക്കുവിൻ. നിങ്ങൾക്കുവേണ്ടി അവിരാമം വിലപിക്കുന്ന ഞങ്ങളുടെ ഇരു ഹൃദയങ്ങളെയും നിങ്ങൾ ശ്രവിക്കുവിൻ. ഞങ്ങളുടെ അടുക്കലേക്കു മടങ്ങി വരുവിൻ!
20.06.1988 Give off a Sweet Smell Like Incense
പുഷ്പമേ, എഴുതുക: “എൻറെ വാസുലാ, കർത്താവായ ഞാൻ എൻറെ ചിന്തകൾ കൂടുതലായി വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. നിന്നെ ഉപയോഗപ്പെടുത്തുവാൻ നിൻറെ ദൈവത്തെ നീ അനുവദിക്കുമോ?”
ഉവ്വ്, കർത്താവേ. എന്നാൽ എൻറെ കഴിവില്ലായ്മയെക്കുറിച്ച് അങ്ങു മറക്കരുതേ.
ഞാൻ മറക്കുകയില്ല. എന്നെ ശ്രവിക്കുക; അതിനുശേഷം പുഷ്പിക്കുക. കുന്തിരിക്കധൂപം പോലെയുള്ള ഒരു മനോഹര സൗരഭ്യം പുറത്തുവിടുക. നിൻറെ സൗരഭ്യം വിദേശങ്ങളിലും പരത്തുക. എൻറെ എല്ലാ ദൈവീകപ്രവൃത്തികളെക്കുറിച്ചും നിൻറെ കർത്താവായ എന്നെ മഹത്ത്വപ്പെടുത്തുക. എൻറെ നാമത്തിൻറെ മഹാത്മ്യം പ്രഖ്യാപിക്കുക. എൻറെ ദൈവികപ്രവൃത്തികൾ എത്ര അത്ഭുതകരമെന്ന് പ്രഘോഷിക്കുക.
ഞാൻ കല്പിക്കുന്നതെല്ലാം ഉടനടി നിർവ്വഹിക്കപ്പെടുന്നു. “ഇതെന്താണ്?” “എന്തുകൊണ്ടാണ് ഇങ്ങനെ?” എന്ന വിധിപ്രസ്താവനകൾ നടത്തരുതെന്നു എല്ലാവരെയും പഠിപ്പിക്കുവിൻ. യഥാമയത്ത് എല്ലാക്കാര്യങ്ങളും പഠിക്കപ്പെടും.
(2002-2004 വർഷങ്ങളിൽ സഭയുടെ വിശ്വാസത്തിൻറെ തിരുസംഘം ഈ സന്ദേശങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അനുകൂലമായ നിലപാടാണ് തിരുസംഘം എടുത്തിരിക്കുന്നത്.)
അവർ ഇപ്രകാരം ഗ്രഹിച്ച് പറയട്ടെ: “കർത്താവിൻറെ പ്രവൃത്തികളെല്ലാം നല്ലതാണ്.” യഥാസമയത്ത് ഞാൻ വേണ്ടതെല്ലാം ചെയ്യും. “ഇത് മറ്റെതിനേക്കാൾ മോശമാണെന്ന് ആരും പറയരുത്.” ഓരോന്നിൻറെയും പ്രാധാന്യം യഥാസമയത്ത് തെളിയും.
അതിനാൽ ഞാൻ നിന്നോടു പറയുന്നു, നിൻറെ ദൈവമായ എന്നിൽ ആനന്ദിക്കുക; എന്നെ സ്തുതിക്കുക. ഞാൻ നിങ്ങൾ എല്ലാവരെയും സ്നേഹിക്കുന്നു. എന്നോട് ഐക്യപ്പെട്ട് ഒന്നായിത്തീരുക. എന്നെ അനുഭവിച്ചറിയുക. എന്നെ വിവേചിച്ചറിയുക. എന്നെ അനുഗമിക്കുകക
അതെ, കർത്താവേ.
21.06.1988 Those that Oppose Peter are Opposing My Church- Bend to unite
കർത്താവേ?
ഇതു ഞാനാണ്. എൻറെ സഭയുടെ നവീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുക. പത്രോസിൻറെ പിൻഗാമിയായ മാർപ്പാപ്പയെ എതിർക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക. മാർപ്പയെ നിശ്ശബ്ദനാക്കുവാൻ പരിശ്രമിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. എൻറെ അന്തരംഗം ദുഃഖത്തിൽ മുങ്ങിത്താണിരിക്കുന്നു. എൻറെ തിരുഹൃദയത്തിൽ അസഹനീയമായ കയ്പ് നിറഞ്ഞിരിക്കുന്നു. മനുഷ്യർ അവരുടെ തെറ്റുകൾ തിരിച്ചറിയണമെന്ന് ഞാൻ തീക്ഷ്ണമായി ആഗ്രഹിക്കുന്നു.
പത്രോസായ മാർപ്പാപ്പയെ എതിർക്കുന്നവർ എൻറെ സഭയെത്തന്നെയാണ് എതിർക്കുന്നത്. അവർ എൻറെ കല്പനയെയാണ് എതിർക്കുന്നത്. അവരുടെ കർത്താവും ദൈവവുമായ എന്നെയാണ് അവർ എതിർക്കുന്നത്. എൻറെ ആടുകളുടെ ഇടയനായ പത്രോസിനെയാണ് അവർ എതിർക്കുന്നത്. അങ്ങനെ അവർ എൻറെ കല്പനയെ നിന്ദിക്കുന്നു.
സാത്താനാൽ (അഹന്തയാൽ ) അന്ധരാക്കപ്പെട്ടിരിക്കുന്ന അവർ യാതൊന്നും വ്യക്തമായി കാണുന്നില്ല. പത്രോസായ മാർപ്പാപ്പയെ നിന്ദിക്കുന്നതുവഴി അവർ എൻറെ കല്പന അനുസരിക്കുന്നില്ല. നേരെമറിച്ച് അവർ എൻറെ കല്പനയുടെ വിധികർത്താക്കളാവുകയാണ് ചെയ്യുന്നത്!
ആത്മാവു സഭകളോടു പറയുന്നതെന്തെന്ന് ശ്രവിക്കുവിൻ! മടങ്ങി വരുവിൻ! തിരിച്ചുവരുക!
പ്രിയപ്പെട്ടവനേ! (ഒരു ബിഷപ്പിനെയാണ് യേശു ഉദ്ദേശിച്ചത്.) മടങ്ങി വരുവിൻ. കർത്താവായ ഞാനാണ് പത്രോസിനെ തിരഞ്ഞെടുത്തത്. ഇപ്പോഴെത്തെ പത്രോസ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ്. പ്രിയപ്പെട്ടവനേ, ഞാൻ നിന്നോടു പറയുന്നു, എൻറെ തിരുഹൃദയമാണ് പത്രോസിനെ
( മാർപ്പാപ്പയെ )തിരഞ്ഞെടുത്തത്. തിരിച്ചുവരുക. എനിക്കുവേണ്ടി അനുരഞ്ജനപ്പെടുക. പ്രിയപ്പെട്ടവനേ, കർത്താവായ ഞാൻ നിൻറെ പാപങ്ങൾ ക്ഷമിക്കുകയും, നിന്നെ ശുദ്ധീകരിക്കുകയും ചെയ്യും.
മടങ്ങി വരുവിൻ! എല്ലാവരും പത്രോസായ മാർപ്പാപ്പയുടെ അടുക്കലേക്കു മടങ്ങി വരുവിൻ. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ ഞാനാണ് അവനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാനാണ് അവന് ഒരു ശിഷ്യൻറെ ഭാഷശൈലി നൽകിയിരിക്കുന്നത്. എന്നിലൂടെ അവന് തളർന്നവരോടു മറുപടി പറയുവാൻ സാധിക്കും.
അല്ലയോ സൃഷ്ടികളെ, നിങ്ങളിൽ അല്പം പോലും ജ്ഞാനമില്ലേ? നിങ്ങളോടുള്ള അളവില്ലാത്ത എൻറെ സ്നേഹത്തെ വിലമതിക്കുവാൻ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, എന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും ഞാൻ ഉത്തരം നൽകുന്നു. നിങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. ഞാനാണ് നിങ്ങളുടെ അഭയകേന്ദ്രം.
ഇന്ന്, കർത്താവായ ഞാൻ ഒരു കല്പന കൂടി നൽകുന്നു. എഴുതുക: “രമ്യതപ്പെട്ട് ഐക്യപ്പെടുന്നതിനുവേണ്ടി എളിമപ്പെടുക. ഐക്യപ്പെടുന്നതിനുവേണ്ടി വിനീതരാവുക.” കുഞ്ഞേ!
ഉവ്വ്, കർത്താവേ?
എൻറെ സമാധാനം ഞാൻ നിനക്കു നൽകുന്നു. അനുസരണമുള്ളവളായിരിക്കുക. ഞാൻ ആഗ്രഹിക്കുന്നതുപോലെ നിന്നെ ഉപയോഗിക്കുവാൻ എന്നെ അനുവദിക്കുക. എന്നിൽ വിശ്വാസം അർപ്പിക്കുക. നീ നിൻറെ പിതാവിൻറെ കരങ്ങളിലാണ്.
കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കുന്നു. ഒരു കുഞ്ഞ് അതിൻറെ അമ്മയോടൊപ്പം ഇരിക്കുന്നതുപോലെ എൻറെ ദേഹി അങ്ങയുടെ സമാധാനത്തിലാണ്. ഒരു ശിശുവിനെപ്പോലെ അങ്ങയെ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് അങ്ങയെ അനുസരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എൻറെ സാന്നിദ്ധ്യം അനുസ്മരിക്കുക. ഞാൻ നിന്നോടൊപ്പുണ്ട്. നമ്മൾ, നമുക്ക്?
അതെ, കർത്താവേ. അതെ, പരിശുദ്ധ മറിയമേ.
29.06.1988 Share My Cross by Loving Me
കർത്താവേ?
ഇതു ഞാനാണ്. പുഷ്പമേ, മനുഷ്യവർഗ്ഗത്തോടുള്ള എൻറെ സ്നേഹം ഒരിക്കലും ആരും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. ഞാൻ അത്യധികം സഹിക്കുന്നു! ഞാൻ അത്യധികമായി വേദന സഹിക്കുന്നു. പ്രിയപ്പെട്ടവളെ, എന്നെ സ്നേഹിച്ചുകൊണ്ട് എനിക്ക് വിശ്രമം നൽകുക.
അല്ലയോ കർത്താവേ, അങ്ങയുടെ സഹനത്തിൽ പങ്കുചേർന്നുകൊണ്ട് അങ്ങയുടെ സഹനത്തെ ലഘുകരിക്കുവാൻ എനിക്കു കഴിയുമെങ്കിൽ, എന്നെ അതിന് അനുവദിക്കണമെ. എൻറെ ജീവിതത്തിൻറെ ഓരോ അംശവും അങ്ങ് ഉപയോഗിക്കണമെ. അങ്ങയെ അനന്തമായി സ്നേഹിക്കുവാൻ എന്നെ പഠിപ്പിക്കണമെ.
എൻറെ തിരുഹൃദയത്തിൻറെ വാസുലാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ എല്ലാം പങ്കുവയ്ക്കുന്നുണ്ട്. വാസുലാ, നീ എൻറെ കുരിശിലും, എൻറെ പീഡാസഹനങ്ങളിലും എന്നോടൊപ്പം പങ്കുചേരുന്നുണ്ട്.
അല്ലയോ വാസുലാ, നദിപോലെ എൻറെ രക്തം എൻറെ ശരീരത്തിൽനിന്നൊഴുകുന്നു. എൻറെ സ്വന്തപ്പെട്ടവരാൽ ഞാൻ വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എൻറെ സഭയിലെ വിശ്വാസത്യാഗം, കർദിനാളൻമാർ, മെത്രാന്മാർ, പുരോഹിതർ, എൻറെ ഉറ്റ സുഹൃത്തുക്കൾ എല്ലാം എന്നെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നു.
പലരും എന്നെ പരിത്യജിച്ചിരിക്കുന്നു. അനേകർ എന്നെ ചമ്മട്ടികൊണ്ടടിച്ചുകൊണ്ടിരിക്കുന്നു. എൻറെ ഏറ്റവും അടുത്ത ആത്മമിത്രങ്ങൾ എന്നെ കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു. ഞാൻ അത്യധികമായി സഹിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം പീഡാസഹനത്തിലൂടെ ഞാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.
എന്നെ സ്നേഹിക്കുക; എന്നെ സ്നേഹിക്കുക. നിൻറെ കാവൽമാലാഖ പറഞ്ഞ വാക്കുകൾ ആവർത്തിക്കുവാൻ എനിക്കു കഴിയുമാറാകട്ടെ. അവൻ ഇങ്ങനെയാണ് പറഞ്ഞത്: “നീ സ്നേഹിച്ചതുപോലെ ഒരുവനും അവൻറെ കാവൽമാലാഖയെ സ്നേഹിച്ചിട്ടില്ല”. കുഞ്ഞേ, ഒരിക്കൽ നിന്നോട് ഇപ്രകാരം പറയുവാൻ എനിക്കു കഴിയട്ടെ: “നിൻറെ കാലഘട്ടത്തിൽ ഒരാൾപോലും നീ എന്നെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിച്ചിട്ടില്ല”.
03.07.1988 Repent and Convert Now that there is still Time
(Rhodos )
എൻറെ കർത്താവേ?
കുഞ്ഞേ, സമാധാനം നിന്നോടുകൂടെ. എൻറെ സഭ പുനർജ്ജീവിക്കും. എന്നാൽ ഈ നവീകരണത്തിനു മുമ്പ് അവൾ ഇപ്പോൾ സഹിക്കുന്നതിനേക്കാൾ കൂടുതലായി സഹിക്കും. അവളുടെ മഹാ ദുരിതങ്ങളുടെ ആരംഭത്തിലാണവൾ.
ഇതാ, എൻറെ നീതിയുടെ പാനപാത്രത്തിലേക്കു നോക്കുക.
(അമൂല്യ രത്നങ്ങൾ പതിപ്പിച്ച മനോഹരമായ ഒരു സ്വർണ്ണ പാനപാത്രത്തിലേക്കു ഞാൻ നോക്കി. അത് വക്കോളം നിറഞ്ഞിരിക്കുന്നു. അനങ്ങിയാൽ തുളുമ്പിപ്പോകുന്ന അവസ്ഥയിലാണ്.)
എൻറെ പാനപാത്രം എത്രമാത്രം നിറഞ്ഞിരിക്കുന്നെന്നു നീ കാണുന്നില്ലേ? അതു തുളുമ്പി കവിഞ്ഞൊഴുകാറായിരിക്കുന്നു. പണ്ടേ പ്രവചിക്കപ്പെട്ടിരിക്കുന്ന ശാപം വെളിപ്പെടുത്തിക്കൊണ്ട്, സൃഷ്ടികളെ, ആ പാനപാത്രം നിങ്ങളുടെമേൽ ചൊരിയപ്പെടും. നിങ്ങൾ അന്ധകാരത്തിൽ മുങ്ങിത്താഴും. അവിചാരിതമായി, ഒരു കള്ളനെപ്പോലെ ഞാൻ നിങ്ങളുടെ അടുക്കൽ വരും.
ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. നിങ്ങൾ ജാഗ്രത പാലിക്കേണ്ടതിന് ഞാൻ നിങ്ങൾക്ക് പല അടയാളങ്ങളും നൽകിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, നിങ്ങൾ അവയെ തള്ളിക്കളഞ്ഞിരിക്കുന്നു. കാലത്തിൻറെ അവസാനം എന്നത് അംഗീകരിക്കുവാൻ നിങ്ങൾ തയ്യാറല്ല. ഞാൻ എത്രയധികം മുന്നറിയിപ്പുകൾ നിങ്ങൾക്കു നൽകിയിട്ടുണ്ടെങ്കിലും, എന്നിലുള്ള നിങ്ങളുടെ അവിശ്വാസം പൂർണ്ണമായിരിക്കുന്നു.
നിങ്ങളെ മാനസാന്തരപ്പെടുത്തുന്നതിന് എൻറെ മുന്നറിയിപ്പ് ഒരു ശുദ്ധികലശം പോലെ നിങ്ങളിൽ സംഭവിക്കും. എൻറെ മഹാ കാരുണ്യത്താലായിരിക്കും ഇതു സംഭവിക്കുന്നത്.
സൃഷ്ടികളേ, നിങ്ങൾക്കു ഹാ ദുരിതം! നിങ്ങളുടെ അവിശ്വാസം വർദ്ധിപ്പിച്ചുകൊണ്ട്, എനിക്കെതിരെ തിരിയുന്ന അവിശ്വാസികളേ നിങ്ങൾക്കു ഹാ ദുരിതം! അന്ധകാരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന നിങ്ങളുടെ ദേഹി വലിയ അന്ധകാര ചുഴിയിലേക്കു വലിച്ചിടപ്പെടും.
(ഇതു പറയുമ്പോൾ യേശു വലിയ വേദന സഹിക്കുന്നതായി കാണപ്പെട്ടു.)
സൃഷ്ടികളേ! എനിക്കു നിങ്ങളോടു വലിയ അനുകമ്പയുണ്ട്. എന്നന്നേയക്കുമായി നിങ്ങൾ നശിക്കുന്നതു കാണുമ്പോൾ ഞാൻ എത്രയധികമായി സഹിക്കുന്നു!
ഞാൻ ജീവശ്വാസം നിശ്വസിച്ചിട്ടുള്ള, ഞാൻ ജീവനിലേക്കു ഉയിർപ്പിച്ചവരേ, ജനിക്കുന്നതിനുമുമ്പുതന്നെ വിശുദ്ധികരിക്കപ്പെട്ടിരിക്കുന്ന എൻറെ മക്കളേ, എൻറെ അടുക്കലേക്കു മടങ്ങി വരുവിൻ! ഈ അന്ധകാരച്ചുഴിയിലും നിത്യനാശത്തിലും എത്രമാത്രം പേർ നിപതിക്കുമെന്ന് കണ്ട് എൻറെ തിരുഹൃദയം കീറിമുറിയുന്നു!
സൃഷ്ടികളേ, നിങ്ങളുടെ പാപങ്ങൾ രക്തനിറമുള്ളതാണെങ്കിലും, നിങ്ങളോടു ക്ഷമിക്കുവാൻ ഞാൻ തയ്യാറാണ്. വരൂ, വരുവിൻ. നിങ്ങളുടെ പിതാവിൻറെ അടുക്കലേക്കു മടങ്ങിവരുവിൻ.
ധൂർത്തപുത്രനെ അവൻറെ പിതാവു സ്വാഗതം ചെയ്തു സ്വീകരിച്ചതിൻറെ ആയിരം മടങ്ങ് കാരുണ്യത്തോടെ ഞാൻ നിങ്ങളെ സ്വാഗതം ചെയ്തു സ്വീകരിക്കും.
എൻറെ പാനപാത്രം കവിഞ്ഞൊഴുകുന്നതിനു മുമ്പ് എൻറെ അടുക്കലേക്കു മടങ്ങി വരുക. നിങ്ങളുടെ ശരീരത്തിൽ അനേകം വൃണങ്ങൾ ഉണ്ടാക്കിക്കൊണ്ട്, നിങ്ങളെയും നിങ്ങളോടൊപ്പമുള്ള സർവ്വ ജീവികളെയും പൊള്ളിച്ചുകൊണ്ട്, എൻറെ നീതി നിങ്ങളെ പ്രഹരിക്കുന്നതിനുമുമ്പ് എൻറെ അടുക്കലേക്കു മടങ്ങി വരുവിൻ. ശുദ്ധവായു ശ്വസിക്കുവാൻ നിങ്ങൾ ആഗ്രഹിച്ചാലും ഒരു ഉഷ്ണക്കാറ്റുമാത്രമായിരിക്കും നിങ്ങൾ ശ്വസിക്കുന്നത്. അതു നിങ്ങളുടെ അകവും പുറവും വെന്തുപൊള്ളിച്ച് , ഒരു ജീവനുള്ള തീപ്പന്തമാക്കി നിങ്ങളെ മാറ്റും.
സൃഷ്ടികളേ, ഈ മണിക്കൂർ എത്ര ആസന്നമായിരിക്കുന്നെന്ന് ഗ്രഹിക്കുക. ഇന്ന് വൃക്ഷങ്ങൾ പൂവിട്ടിരിക്കുന്നത് നിങ്ങൾ കാണുന്നു. എന്നാൽ, നാളെ നിങ്ങൾ അവയെ കാണില്ല. എല്ലാം അപ്രത്യക്ഷമാകും. സാത്താൻറെ പുകയാൽ നിങ്ങൾ ആവരണം ചെയ്യപ്പെടും. അതൊരു മാരകമായ മറ തന്നെയായിരിക്കും.
ഈ ദുരന്തങ്ങളും ദുരിതങ്ങളും നിങ്ങളുടെമേൽ വരുത്തിവച്ചത് നിങ്ങളുടെ ദുഷിച്ച പ്രവൃത്തികളാണെന്ന് ഗ്രഹിക്കുക. നിങ്ങളുടെ വിശ്വാസ ത്യാഗത്താലും, എന്നെ നിങ്ങൾ എതിർക്കുന്നതിനാലുമാണ് ഈ ദുരിതങ്ങൾ നിങ്ങൾക്കു സംഭവിക്കുന്നത്.
സമയം ഉള്ള ഇപ്പോൾത്തന്നെ പശ്ചാത്തപിക്കുക; മാനസാന്തരപ്പെടുക. നിങ്ങളോടു ക്ഷമിക്കുവാൻ ഞാൻ സന്നദ്ധനാണ്.
വാസുലാ, നിന്നെ ഉപയോഗപ്പെടുത്തുവാൻ എന്നെ അനുവദിക്കുക.
അതെ, കർത്താവേ. എല്ലാം അങ്ങയുടെ അഭീഷ്ടം പോലെയാകട്ടെ.
എന്നെ പ്രസാദിപ്പിക്കുക. നിൻറെ കർത്താവായ എന്നെ അനുസരിക്കുക. ഞാൻ നിന്നെ ഒരിക്കലും പരിത്യജിക്കുകയില്ല. എൻറെ തിരുഹൃദയം നിനക്ക് എൻറെ സമാധാനം തരുന്നു.
11.07.1988 My Divinity Transforms you- Love will come back as Love
(Rhodos)
(എൻറെ ചുറ്റിലും ധാരാളം ആളുകൾ ഉള്ളതിനാൽ, ഏകാന്തതയിലിരുന്ന് സന്ദേശം സ്വീകരിക്കുവാൻ എനിക്കു പ്രയാസമുണ്ട്.)
മകളേ, കർത്താവായ ഞാൻ നിന്നെ സ്നേഹിക്കുന്നു. വരൂ. നിനക്കുള്ളതെന്തും എനിക്കു സമർപ്പിക്കുക; നിൻറെ ദുഷ്ടതപോലും നന്മയായിട്ടു ഞാൻ രൂപാന്തരപ്പെടുത്തും. കർത്താവായ ഞാൻ ദൈവമാണ്. എനിക്കു സമർപ്പിക്കപ്പെടുന്നതെന്തും എൻറെ ദൈവീകതയാൽ രൂപാന്തരപ്പെടും.
ഓരോ പ്രവർത്തിയെയും ഞാൻ ശുദ്ധീകരിക്കും. എൻറെ പരിശുദ്ധിയാൽ എനിക്കു സർവ്വത്തെയും വിശുദ്ധീകരിക്കുവാൻ കഴിയും. വാസുലാ, കൂടെക്കൂടെ എൻറെ അടുക്കലേക്കു മടങ്ങിവരുക. ഒരു അല്പനേരത്തേയ്ക്കാണെങ്കിൽ പോലും എൻറെ അടുക്കലേക്കു വരുവിൻ.
(പിന്നീട്)
(റോമൻ കത്തോലിക്കരും ഓർത്തഡോക്സുകാരും ഐക്യപ്പെടുന്നതിനുള്ള ആദ്യ ചുവടുവയ്പ് എന്തായിരിക്കും എന്ന് ഞാൻ യേശുവിനോടു ചോദിച്ചു.)
എൻറെ സമാധാനം ഞാൻ നിനക്കു തരുന്നു.
യേശുവേ, എൻറെ ഇച്ഛാശക്തി ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു.
ശാന്തമാവുക; എന്നെ ശ്രവിക്കുക. നിൻറെ ഇച്ഛാശക്തി എനിക്കു സമർപ്പിക്കുക; എൻറെ തിരുഹൃദയം ആനന്ദത്താൽ തുടിക്കട്ടെ. എൻറെ ഈ തീക്ഷണമായ ഹൃദയത്തെ പ്രസാദിപ്പിക്കുക.
നിൻറെ ഇച്ഛാശക്തി എനിക്കു സമർപ്പിക്കുമ്പോൾ നിന്നെ സൃഷ്ടിച്ച നിൻറെ പിതാവിനായിരിക്കും നിൻറെ ഇച്ഛാശക്തി നീ കൊടുക്കുന്നത്.
വരൂ, ഞാൻ നിൻറെ ചോദ്യത്തിന് ഉത്തരം നല്‍കാം. നിൻറെ സഹോദരങ്ങളായ കത്തോലിക്കരും ഓർത്തഡോക്സുകാരും ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യണം അവർ ഐക്യപ്പെടണമെന്നത് കർത്താവായ എൻറെ ആഗ്രഹമാണെന്ന്. എൻറെ അഭിലാഷങ്ങൾ എഴുതി എടുക്കുവാനുള്ള എഴുത്തുപലകയായി ഞാൻ നിന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ സഹോദരങ്ങൾ വിശ്വസിക്കണം. തങ്ങൾക്കുവേണ്ടി തങ്ങൾത്തന്നെ സൃഷ്ടിച്ചിരിക്കുന്ന ഉന്നത സിംഹാസനങ്ങളിൽനിന്ന് ഇറങ്ങി താഴേയ്ക്കു വരുവാൻ അവർ തയ്യാറാവണം.
എൻറെ ആദിമ സഭ നിർമ്മലയും വിനീതയും, സ്നേഹപൂർണ്ണയുമായിരുന്നു. എൻറെ ഇന്നത്തെ സഭ അനേകം സിംഹാസനങ്ങളുടെ നീണ്ട നിരയായി പരിണമിച്ചിരിക്കുന്നു. അവരെല്ലാവരും അവരുടെ ഉന്നത സിംഹാനങ്ങളിൽനിന്നു താഴോട്ടു ഇറങ്ങിവന്നു, ഞാൻ അവർക്കു നൽകിയിരിക്കുന്ന പുതിയ കല്പന അനുസരിക്കുവാൻ തയ്യാറാവേണ്ടിവരും.
എൻറെ മക്കളെ ഞാൻ സ്നേഹിക്കുന്നു. ആ കായേൻമാരാണ് എൻറെ മക്കളെ ഓടിച്ചുകളഞ്ഞത്. എൻറെ സഭയെ ഇപ്പോൾ മുള്ളുകളും ഞെരിഞ്ഞിലുകളും മാത്രം വളരുന്ന ഒരു മരുഭൂമിയാക്കി അവർ മാറ്റിക്കളഞ്ഞു.
വാസുലാ, സമയം വളരെ അടുത്തെത്തിയിരിക്കുന്നു. എൻറെ മടങ്ങിവരവ് ഉടനെയായിരിക്കും. സ്നേഹം സ്നേഹമായിട്ടുതന്നെ വരും.
എന്തുകൊണ്ടാണ് എൻറെ സന്ദേശം എഴുതിയെടുക്കുന്നതിന് ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അന്വേഷിക്കേണ്ടാ. സമാധാനത്തിൻറെയും സ്നേഹത്തിൻറെയുമായ എൻറെ ഈ സന്ദേശങ്ങൾ എഴുതിയെടുക്കുന്നതിന് ഒന്നുമില്ലായ്മ തന്നെയായ നിന്നെ തിരഞ്ഞെടുത്തതിൽ ഞാൻ മഹത്ത്വപ്പെടുന്നുവെന്നുമാത്രം ഗ്രഹിക്കുക.
നി എത്രമാത്രം ചെറുതാകുന്നുവോ അത്രയധികമായി ഞാൻ നിന്നിൽ മഹത്ത്വപ്പെടും. നീ എത്രമാത്രം ചെറുതാകുന്നുവോ അത്രയധികമായി ഞാൻ നിന്നിലേക്കു കുനിഞ്ഞിറങ്ങിവന്ന് നിന്നെ സമീപിക്കും. എൻറെ ആത്മാവിന് നിന്നിൽ നിശ്വസിക്കുവാൻ കഴിയേണ്ടതിന് വെറും ഒന്നുമില്ലായ്മയായി നിലകൊള്ളുക. നിന്നിൽ എന്നെമാത്രം കാണേണ്ടതിന് നിന്നെ മുഴുവനായി നീ ഇല്ലായ്മ ചെയ്യുക. കൂടെക്കൂടെ നിൻറെ ഇച്ഛാശക്തി എനിക്കു സമർപ്പിച്ചുകൊണ്ട് എന്നെ തൃപ്തിപ്പെടുത്തുക. നീ സമർപ്പിക്കുന്നത്, നീ കീഴടങ്ങുന്നത് സ്നേഹമായ എനിക്കാണ്. നമ്മൾ, നമുക്ക്?
അതെ, കർത്താവേ! എന്നേക്കും.